യാഷ് നായകനായ കന്നട ചിത്രം ‘കെ ജി എഫ്’ബോക്സ് ഓഫീസിൽ വിജയം കൊയ്ത് മുന്നേറുകയാണ്. ഡിസംബർ 21 നാണ് ചിത്രം തിയേറ്ററുകളെത്തിയത്. ഒരാഴ്ച കൊണ്ടുതന്നെ ചിത്രം വേൾഡ്‌വൈഡ് കളക്ഷനിലൂടെ നൂറുകോടി നേടിയെന്നാണ് ചിത്രത്തെ കുറിച്ച് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ. പ്രശസ്ത ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളയാണ് ചിത്രം കൈവരിച്ച നേട്ടം ട്വിറ്ററിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. “വേൾഡ് വൈഡ് റിലീസിലൂടെ ‘കെജിഎഫ്’ ബോക്സ് ഓഫീസിൽ നിന്നും 100 കോടി കരസ്ഥമാക്കിയിരിക്കുന്നു. കന്നട സിനിമയ്ക്ക് അഭിമാനിക്കാവുന്ന നിമിഷം,” എന്നാണ് ശ്രീധർ പിള്ള കുറിക്കുന്നത്.

ചിത്രത്തിന്റെ ഹിന്ദി വേർഷനും നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഷാരൂഖ് ഖാന്റെ ‘സീറോ’യ്ക്ക് കടുത്ത മത്സരം സമ്മാനിച്ചു കൊണ്ടാണ് ‘കെജിഎഫി’ന്റെ മുന്നേറ്റം. ‘കെജിഎഫി’നൊപ്പം തന്നെ ഷാരൂഖ് ഖാന്റെ സീറോയും നല്ലരീതിയിൽ ഓടണം എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അതേസമയം നോർത്ത് ഇന്ത്യൻ പ്രേക്ഷകരുടെ ഭാഗത്തു നിന്നുള്ള പ്രതികരണം അത്ഭുതപ്പെടുത്തുന്നുവെന്നും യാഷ് പറയുന്നു. ” നോർത്ത് ഇന്ത്യയിലെ പ്രേക്ഷകർക്ക് ഞാൻ ആരാണെന്നു പോലും അറിയില്ല, പക്ഷേ സ്ക്രീനിൽ കാണുമ്പോൾ അവർ കയ്യടിക്കുകയും ആർപ്പുവിളിക്കുകയും ചെയ്യുന്നു,” ഡെക്കാൻ ക്രോണിക്കിളിന് നൽകിയ അഭിമുഖത്തിൽ യാഷ് പറയുന്നു.

പ്രശാന്ത് നീൽ ആണ് ചിത്രത്തിന്റെ സംവിധായകൻ. ശ്രീനിധി ഷെട്ടിയാണ് നായിക. ‘കോലാർ ഗോൾഡ് ഫീൽഡ്സ്’ എന്നതിന്റെ ചുരുക്കെഴുത്താണ് ‘കെ ജി എഫ്’. കർണാടകത്തിലെ കോലാർ സ്വർണ ഖനികളുടെ ചരിത്രം പറയുന്ന പീരീഡ് ഡ്രാമയാണ് ചിത്രം. രണ്ടുഭാഗമായി ഒരുങ്ങുന്ന സിനിമയുടെ ഒന്നാം ഭാഗമാണ് ഇപ്പോൾ റിലീസിന് ഒരുങ്ങുന്നത്. നീണ്ട മൂന്നുവർഷങ്ങളെടുത്താണ് പ്രശാന്ത് നീൽ ഈ ചിത്രം പൂർത്തിയാക്കിയിരിക്കുന്നത്.

Read more: KGF movie review: താരത്തിളക്കത്തിലൂന്നിയ, മാറ്റില്ലാത്ത സ്വര്‍ണ്ണക്കഥ: ‘കെജിഎഫ്’ റിവ്യൂ

കന്നഡ സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് ‘കെജിഎഫ്’. ആറു ഭാഷകളിലായാണ് ചിത്രം റിലീസിനെത്തിയത്. ആർട്ട് ഡയറക്ടർ ശിവകുമാർ ഒരുക്കിയ സെറ്റുകൾക്ക് മാത്രം 30 കോടി രൂപയിലേറെ ചെലവു വന്നുവെന്നാണ് അണിയറവാർത്തകൾ. തമിഴിൽ വിശാൽ ഫിലിം ഫാക്ടറിയും ഹിന്ദിയിൽ ഫർഹാൻ അക്തറുമാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി വേർഷൻ പരിചയപ്പെടുത്തിയ ഫർഹാൻ അക്തറും ചിത്രത്തിന് ലഭിക്കുന്ന സ്വീകരണത്തിൽ സന്തോഷവും നന്ദിയും അറിയിച്ചിരുന്നു. കെജിഎഫിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ഫർഹാൻ അക്തർ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ