കന്നട സിനിമയിൽ നിന്നും വലിയ പ്രതീക്ഷകളോടെയാണ് ‘കെജിഎഫ്’ എന്ന ബ്രഹ്മാണ്ഡചിത്രം നാളെ റിലീസിനെത്തുന്നത്. സംവിധായകന്റെയും താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും മൂന്നു വർഷം നീണ്ട കഠിനപ്രയത്നങ്ങൾക്കൊടുവിൽ ചിത്രം റിലീസിനൊരുങ്ങുമ്പോൾ ഷൂട്ടിംഗ് ഉയർത്തിയ വെല്ലുവിളികളെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കുകയാണ് കന്നടതാരം യാഷ്.
കർണാടകയിലെ കോലാർ സ്വർണ ഖനികളുടെ ചരിത്രം പറയുന്ന ഈ പീരീഡ് ഡ്രാമയിൽ 1970- 80 കാലഘട്ടങ്ങളാണ് പ്രതിപാദിക്കുന്നത്. “ഇതൊരു യാഷ് ഫിലിം അല്ല.
ഞാൻ സിനിമയിലെ ഒരു മുഖം മാത്രമാണ്. ഇതിൽ ഒരുപാട് ഹീറോകളുണ്ട്. ലോകം കീഴടക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥയാണ് ചിത്രം. സിനിമയ്ക്ക് ഒരു വിഷനും മിഷനും ഉണ്ടായിരുന്നു. ‘കെജിഎഫ്’ ഒരു ഓർഡിനറി സിനിമയല്ല,” യാഷ് പറയുന്നു.
“എഴുപതുകളിലെയും എൺപതുകളിലെയും കാലഘട്ടമാണ് സിനിമയ്ക്ക് വേണ്ടി പുനരാവിഷ്കരിച്ചിരിക്കുന്നത്. ഖനിയുടെ ചിത്രീകരണത്തിനു വേണ്ടി നിരവധി ലൊക്കേഷനുകൾ നോക്കിയെങ്കിലും ഒന്നും ശരിയാവാത്തതുകൊണ്ട് ചിത്രത്തിനു വേണ്ടി ഒരു വലിയ ഖനി തന്നെ സെറ്റിടുകയായിരുന്നു. സെറ്റ് ഒരുക്കാൻ ഞങ്ങൾ തിരഞ്ഞെടുത്ത സ്ഥലം ഏറെ അപകടമുള്ളൊരു ഭൂമിയായിരുന്നു. പ്രോസസ് ചെയ്ത ഭൂമിയായതിനാൽ എക്സ്ട്രാക്ഷനുള്ള സാധ്യതകളും സയനൈഡ് ഉണ്ടാവാനുള്ള സാധ്യതകളും ഏറെയാണെന്ന് പലരും ചൂണ്ടികാണ്ടിയിരുന്നു. സിനിമയുടെ ആർട്ട് ഡയറക്ടർ ഷിവു അമേസിങ്ങ് ആയിതന്നെ സെറ്റ് ഒരുക്കി. ലൊക്കേഷനിലെ കാലാവസ്ഥയും ഷൂട്ടിന് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. ഞങ്ങളെല്ലാവരും ചെരിപ്പിടാതെയാണ് സിനിമയിൽ അഭിനയിച്ചത്. പൊള്ളുന്ന വെയിലിൽ ചെരിപ്പിടാതെ അഭിനയിക്കുക വലിയ ബുദ്ധിമുട്ടായിരുന്നു. രണ്ടു മിനിറ്റൊക്കെ ഒരു ഷോട്ട് എടുത്തു കഴിയുമ്പോൾ, ഞങ്ങൾ തണലു തേടി ഓടുമായിരുന്നു. ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും വലിയൊരു ലക്ഷ്യത്തിലേക്ക് വേണ്ടിയുള്ള യാത്ര ആണെന്നതിനാൽ എല്ലാവരും എക്സൈറ്റഡായിരുന്നു.”
പ്രശാന്ത് നീൽ ആണ് ചിത്രത്തിന്റെ സംവിധായകൻ. ‘കോലാർ ഗോൾഡ് ഫീൽഡ്സ്’ എന്നതിന്റെ ചുരുക്കെഴുത്താണ് ‘കെ ജി എഫ്’. രണ്ടു ഭാഗമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗമാണ് നാളെ തിയേറ്ററുകളിലെത്തുന്നത്. “ഫിക്ഷൻ സ്വഭാവമാണെങ്കിലും ചിത്രത്തിന് റിയലിസ്റ്റിക് ആയൊരു ബാക്ക് ഗ്രൗണ്ട് ഉണ്ട്. ഖനനഭൂമികളിൽ എന്താണ് നടക്കുന്നതെന്ന് ഒരു സിനിമാറ്റിക് രീതിയിൽ പറയുകയാണ്. സിനിമയുടെ എസെൻസ് മിസ്സാവാതിരിക്കാനാണ് രണ്ടു ഭാഗങ്ങളായി പ്ലാൻ ചെയ്തിരിക്കുന്നത്. അത്രയേറെ ഡീറ്റെയിൽഡായി പറയാനുണ്ട്. ഒരു സിനിമയ്ക്ക് വേണ്ടതിൽ കൂടുതൽ കണ്ടന്റും മെറ്റീരിയലുകളും ഞങ്ങളുടെ കയ്യിൽ ഉണ്ടായിരുന്നു, അങ്ങനെയാണ് രണ്ടു ഭാഗമാക്കാം എന്നു തീരുമാനിക്കുന്നത്.” യാഷ് കൂട്ടിച്ചേർത്തു.
വളരെ വലിയൊരു സെറ്റ് തന്നെ ഒരുക്കിയിരുന്നതിനാൽ അധികം വിഎഫ്എക്സ് ഉപയോഗിക്കേണ്ടി വന്നില്ലെന്ന് യാഷ് പറയുന്നു. “പലയിടങ്ങളിലും സ്ക്രീനിന്റെ ഒരു എക്സ്റ്റൻഷനായാണ് വിഎഫ്എക്സ് ഉപയോഗിച്ചിരുന്നത്. പ്രത്യേകിച്ചും വിദൂരത്തിലുള്ള നഗരക്കാഴ്ചകൾ പശ്ചാത്തലമായി വരുന്ന ആംഗിളുകളിലൊക്കെയാണ് പ്രധാനമായും വിഎഫ്എക്സ് ഉപയോഗിച്ചത്.”
കന്നഡ സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രമെന്നു വിശേഷിപ്പിക്കപ്പെടുന്ന ‘കെ ജി എഫ്’ ആറു ഭാഷകളിലായാണ് റിലീസിനൊരുങ്ങുന്നത്. ചിത്രത്തിന്റെ കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ജാപ്പനീസ്, ചൈനീസ് ഭാഷാപതിപ്പുകളും റിലീസിനൊരുങ്ങുന്നുണ്ട്. ഇന്ത്യയിൽ മാത്രം 2000 സെന്ററുകളിൽ ചിത്രം റീലീസ് ചെയ്യുന്നുണ്ട്. കർണാടകത്തിൽ 400 സെന്ററുകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. തമിഴിൽ വിശാൽ ഫിലിം ഫാക്ടറിയും ഹിന്ദിയിൽ ഫർഹാൻ അക്തറുമാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പാൻ റിലീസിൽ ഏറെ സന്തോഷവാനാണ് യാഷ്. ” ഒരു നടനെന്ന രീതിയിൽ കൂടുതൽ പേരിലേക്ക് സിനിമ എത്തണമെന്ന് ഞാനാഗ്രഹിക്കൂ. അതിനാൽ തന്നെ ഈ മാസ് റിലീസിൽ സന്തോഷമുണ്ട്,” യാഷ് തന്റെ സന്തോഷം പങ്കുവെയ്ക്കുന്നു.
” ഞാൻ 70 കളിലെയും 80 കളിലെയും സിനിമകളുടെ വലിയൊരു ഫാനാണ്. പ്രത്യേകിച്ചും അമിതാഭ്ജി, സലീം ബായി പോലുള്ള താരങ്ങളുടെ ആരാധകനാണ്. 70 കളിലെയും 80 കളിലേയും ഹീറോകളെ അവതരിപ്പിക്കാൻ എന്നും മനസ്സിലൊരിഷ്ടം ഉണ്ടായിരുന്നു. അതിപ്പോൾ യാഥാർത്ഥ്യമായി,” യാഷ് കൂട്ടിച്ചേർക്കുന്നു.
Read more: ഇന്ത്യ കാത്തിരിക്കുന്ന ചിത്രം; ‘കെജിഎഫ്’ ഡിസംബർ 21ന് എത്തും
സിനിമയിൽ നിന്ന് റീജിണൽ ഇൻഡസ്ട്രി എന്ന ആശയം പതിയെ അപ്രത്യക്ഷമാവുമെന്നാണ് യാഷിന്റെ വിലയിരുത്തൽ. “റീജിണൽ ഇൻഡസ്ട്രി എന്ന ആശയം പതിയ അപ്രത്യക്ഷമാകും. കന്നട സിനിമ, തെലുങ്ക് സിനിമ, ഹിന്ദി സിനിമ തുടങ്ങി കാറ്റഗറികൾ മാറി എല്ലാം കൂടി ഇന്ത്യൻ ഇൻഡസ്ട്രി എന്ന ഒറ്റ ഇൻഡസ്ട്രിയായാവും നാളെ അറിയപ്പെടുക,” യാഷ് അഭിപ്രായപ്പെടുന്നു.