താരങ്ങളെ കുറിച്ച് ഓർക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിലേക്ക് കയറി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. അല്ലെങ്കിൽ അവർ ധരിച്ച വസ്ത്രങ്ങൾ, അഭിനയിച്ച ഗാനരംഗങ്ങൾ എന്നിങ്ങനെ… ഓർമകളിൽ നിന്നും തെളിഞ്ഞുവരുന്ന ചില ഓർമചിത്രങ്ങൾ. ശ്രീദേവിയെ കുറിച്ചോർക്കുമ്പോൾ പലരുടെയും മനസ്സിൽ ആദ്യം തെളിയുക 1989-ൽ ഇറങ്ങിയ ചാന്ദ്നിയെന്ന ചിത്രത്തിലെ താരത്തിന്റെ ഐക്കോണിക് ലുക്കാവും. ചിത്രത്തിലെ റൊമാന്റിക് രംഗങ്ങളിലൊന്നിൽ വെള്ള ചുരിദാർ ധരിച്ച് റോസാദലങ്ങൾക്കിടയിൽ ഇരിക്കുന്ന സുന്ദരിയായ ശ്രീദേവിയെ ആർക്കാണ് മറക്കാനാവുക? അതുപോലെ ഋഷി കപൂറിനൊപ്പമുള്ള ‘മിത്‌വ’ ഗാനരംഗത്തിൽ ശ്രീദേവി ധരിച്ച മഞ്ഞ ലെയ്സ് സാരി?
യാഷ് ചോപ്രയുടെ ഇതിഹാസ പ്രണയചിത്രമായ ‘ചാന്ദ്നി’ അതിന്റെ 33-ാം വാർഷികം ആഘോഷിക്കുമ്പോൾ ചിത്രത്തിൽ ശ്രീദേവി ധരിച്ച വെള്ള വസ്ത്രങ്ങളും ഷിഫോൺ സാരിയും ഉണ്ടാക്കിയ ഇംപാക്റ്റിനെ കുറിച്ച് ഓർക്കാതെ പോവാൻ കഴിയില്ല. കോസ്റ്റ്യൂം ഡിസൈനർ ലീന ദാരു ആയിരുന്നു ശ്രീദേവിയുടെ വസ്ത്രങ്ങൾ ഒരുക്കിയത്. എന്നാൽ ആ ചിത്രത്തിലേക്ക് ശ്രീദേവിയെ കാസ്റ്റ് ചെയ്യുകയെന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ലെന്ന് അണിയറപ്രവർത്തകർ പിന്നീട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആ ജോലി യാഷ് ചോപ്ര ഏൽപ്പിച്ചത് ബോണി കപൂറിനെയായിരുന്നു.
“ഞങ്ങളുടെ സിനിമാ വ്യവസായം വല്ലാത്തൊരു അവസ്ഥയിൽ എത്തിയ സമയമായിരുന്നു അത്. എന്ത് സംഭവിച്ചാലും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഈ ചൂതാട്ടം ഞാൻ ചെയ്യും എന്നായിരുന്നു എന്റെ അവസ്ഥ. ഒരു ഫോർമുലയോ കണക്കോ വെച്ച് ഞാൻ സിനിമ ചെയ്യില്ല. എന്റെ ഹൃദയത്തെ സ്പർശിക്കുന്ന ഒരു സിനിമ ഞാൻ ചെയ്യും. അങ്ങനെ ഞാൻ ‘ചാന്ദ്‌നി’ ആരംഭിച്ചു. ശ്രീദേവിയോടൊപ്പം ഞാൻ മുൻപു പ്രവർത്തിച്ചിരുന്നില്ല. എന്നാൽ അമിതാഭ് ബച്ചൻ എനിക്ക് കാണിച്ചു തന്ന തമിഴ് ചിത്രം ‘മൂന്നാം പിറൈ’യിലെ അഭിനയം എന്നിൽ മതിപ്പുളവാക്കിയിരുന്നു,” യാഷ് ചോപ്ര മുൻപ് പറഞ്ഞതിങ്ങനെ.
അന്നത്തെ മികച്ച താരമായിരുന്നു ശ്രീദേവിയെന്നും എന്നാൽ യാഷ് ചോപ്രയ്ക്ക് ശ്രീദേവിയെ എങ്ങനെ സമീപിക്കണമെന്ന് അറിയില്ലായിരുന്നുവെന്നും നടൻ അനിൽ കപൂർ പറയുന്നു. നെറ്റ്ഫ്ളിക്സിന്റെ പുതിയ ഡോക്യു-സീരീസായ ദി റൊമാന്റിക്‌സിന്റെ എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു അനിൽ കപൂർ. “ശ്രീദേവിയെ സമ്മതിപ്പിക്കുക എന്ന ദൗത്യം യാഷ് ചോപ്ര എന്റെ സഹോദരൻ ബോണി കപൂറിനെ ഏൽപ്പിച്ചു. അതിനായി ബോണി കപൂർ ചെന്നൈയിലേക്ക് പറന്നു. ഇത്രയും മികച്ച സിനിമകൾ ചെയ്ത യാഷ് ചോപ്ര ആരാണെന്നത് ശ്രീദേവിയ്ക്ക് പ്രശ്നമായിരുന്നില്ല, അവർ നോക്കിയത് പണം മാത്രമാണ്. “
‘ചാന്ദ്നി’യിൽ അഭിനയിക്കാമെന്ന് ശ്രീദേവി സമ്മതിച്ചു, എന്നാൽ അടുത്ത പ്രശ്നം ചിത്രത്തിലെ വസ്ത്രധാരണത്തെ ചൊല്ലിയായിരുന്നു. യാഷ് ചോപ്ര ചിത്രത്തിൽ വെളുത്ത വസ്ത്രങ്ങൾ ധരിക്കാനാണ് ശ്രീദേവിയോട് ആവശ്യപ്പെട്ടത്. എന്നാൽ ആ വസ്ത്രങ്ങളിൽ താൻ മങ്ങിയിരിക്കുമെന്ന് ശ്രീദേവി കരുതി. “ഞാൻ ആ കഥാപാത്രം ഏറ്റവും ലളിതമായി വസ്ത്രം ധരിക്കാൻ ആഗ്രഹിച്ചു, ചാന്ദ്‌നിയെന്ന കഥാപാത്രം അങ്ങേയറ്റം നിഷ്കളങ്കയായ ആളാണ്,” ഇക്കാര്യത്തിൽ യാഷ് ചോപ്രയുടെ കാഴ്ചപ്പാട് ഇതായിരുന്നു.
“തന്റെ നടിമാരെ ഏറ്റവും മനോഹരമായ വസ്ത്രങ്ങളിൽ അവതരിപ്പിക്കുന്ന വ്യക്തിയായാണ് യാഷ് എപ്പോഴും അറിയപ്പെട്ടിരുന്നത്. എന്നാൽ ചാന്ദ്നിയെ അദ്ദേഹം പൂർണ്ണമായും വെളുത്ത വസ്ത്രങ്ങളിലാണ് ദൃശ്യവൽക്കരിച്ചത്,” യാഷിന്റെ ഭാര്യ പമീല ചോപ്ര ഓർത്തെടുത്തു.
“യഷ് ജീ, എന്തുകൊണ്ടാണ് ഇതെല്ലാം വെള്ള? ഇത് വളരെ മങ്ങിയിരിക്കുന്നു,” എന്നായിരുന്നു ശ്രീദേവി പരിഭവം പറഞ്ഞത്. “ഒരു അഭിനേതാവെന്ന നിലയിൽ എനിക്ക് നിങ്ങളുടെ പ്രകടനത്തിൽ വിശ്വാസമുണ്ട്, ഒരു സംവിധായകനെന്ന നിലയിൽ നിങ്ങൾക്ക് എന്നിൽ വിശ്വാസമുണ്ടെങ്കിൽ, ഞാൻ ആഗ്രഹിക്കുന്നതുപോലെ നിങ്ങളെ അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” എന്നായിരുന്നു ശ്രീദേവിക്ക് യാഷ് മറുപടി നൽകിയത്.
ആ മറുപടിയിൽ തൃപ്തിയാവാത്തതിനാലാവാം, ശ്രീദേവിയ്ക്ക് പിന്നാലെ അമ്മയും യാഷിന്റെ അരികിലെത്തി. ‘വെള്ള നിറം ഞങ്ങളുടെ സമുദായത്തിൽ ആഘോഷങ്ങൾക്കൊന്നും ഉപയോഗിക്കില്ല’ എന്ന കാര്യം യാഷിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. തന്റെ കാഴ്ചപ്പാടിൽ വിശ്വസിക്കണമെന്നും ശ്രീദേവിയെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തണമെന്നും യാഷ് ചോപ്ര ശ്രീദേവിയുടെ അമ്മയോട് ആവശ്യപ്പെട്ടു. യാഷ് ചോപ്ര തന്റെ കാഴ്ചപ്പാടുമായി മുന്നോട്ട് പോവുക തന്നെ ചെയ്തു, പിന്നെ നടന്നത് ചരിത്രമാണ്. ശ്രീദേവിയുടെ കരിയറിലെ ഏറ്റവും മികച്ച സൃഷ്ടികളിൽ ഒന്നായി ‘ചാന്ദ്‌നി’ കണക്കാക്കപ്പെടുന്നു.
‘അപാരമായ കോസ്റ്റ്യൂം സെൻസു’ള്ള ഒരാളായാണ് ബോളിവുഡ് യാഷ് ചോപ്രയെ ഓർത്തെടുക്കുന്നത്. കരൺ ജോഹറിന്റെ വാക്കുകൾ ആ വിശേഷണത്തിന് അടിവരയിടും. ഒരിക്കൽ യാഷ് ചോപ്രയുടെ ഓഫീസിലേക്ക് കയറി ചെല്ലുമ്പോൾ അദ്ദേഹം ഫാഷൻ മാസികയായ വോഗ് വായിച്ചിരിക്കുന്നതാണ് താൻ കണ്ടതെന്നാണ് കരൺ ജോഹർ പറയുന്നത്. അതു തന്നെ അത്ഭുതപ്പെടുത്തിയെന്നും അതിനെ കുറിച്ചു തിരക്കിയപ്പോൾ, സിനിമകളിലേക്കുള്ള വസ്ത്രങ്ങൾ റഫർ ചെയ്യുകയാണ് താനെന്നായിരുന്നു യാഷിന്റെ മറുപടിയെന്നും കരൺ പറയുന്നു. തന്റെ കാഴ്ചപ്പാടുകൾക്ക് അനുയോജ്യമായി വന്നില്ലെങ്കിൽ വസ്ത്രങ്ങൾ റദ്ദാക്കാൻ അദ്ദേഹം മടിച്ചിരുന്നില്ലെന്നും, അറുപതോളം വസ്ത്രങ്ങൾ അദ്ദേഹം അത്തരത്തിൽ റദ്ദാക്കിയിട്ടുണ്ടെന്നും കരൺ കൂട്ടിച്ചേർക്കുന്നു.