scorecardresearch

ഈശോ: ഈ വിഷം ചീറ്റലിനെ ഒറ്റപ്പെടുത്തണം

'ഈശോ' വിവാദത്തിൽ പ്രതികരണവുമായി സക്കറിയ

'ഈശോ' വിവാദത്തിൽ പ്രതികരണവുമായി സക്കറിയ

author-image
Entertainment Desk
New Update
Paul Zacharia, eesho movie

നാദിർഷ തന്റെ സിനിമയ്ക്ക് 'ഈശോ' എന്നു പേരിട്ടതുമായി ബന്ധപ്പെട്ട വിവാദമാണ് കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. ഈശോ എന്ന പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കാത്തോലിക്ക കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയാണ് ഈശോ സിനിമയുടെ ഉദ്ദേശം എന്നാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെ ആരോപണം. 'ഈശോ' വിവാദത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സാഹിത്യകാരൻ സക്കറിയ. ഫേസ്ബുക്കിലൂടെയാണ് സക്കറിയ വിഷയത്തില്‍ തന്‍റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

Advertisment

ഈശോ: ഈ വിഷം ചീറ്റലിനെ ഒറ്റപ്പെടുത്തണം

കേരളക്രൈസ്തവസഭകളുടെ ചരിത്രത്തിൽ അരങ്ങേറിയിട്ടുള്ള അതീവലജ്‌ജാവഹങ്ങളായ സംഭവികാസങ്ങളുടെ പട്ടികയിലേക്ക് ഒരു പുതിയ നാണംകെട്ട കൂട്ടിച്ചേർക്കലാണ് ഒരു സംഘം ബുദ്ധിശൂന്യരായ പുരോഹിതന്മാരും 'വിശ്വാസി'കളും ചേർന്ന് 'ഈശോ' എന്ന സിനിമയുടെ പേരിൽ ചെയ്തുവച്ചിരിക്കുന്നത്.

ഭാഗ്യവശാൽ അവരുടെ സംസ്കാരശൂന്യതയും ഇരുളടഞ്ഞ മനസ്സുകളും ക്രൈസ്തവരിലെ ബഹുഭൂരിപക്ഷം പങ്കുവയ്ക്കുന്നില്ല.

ശരാശരി മലയാളിക്രിസ്ത്യാനി വീണ്ടുവിചാരത്തോടെയും പക്വതയോടെയും കേരളത്തിന്റെ സവിശേഷമായ മതമൈത്രീസംസ്കാരത്തിൽ ഇണങ്ങിച്ചേർന്നു ജീവിക്കുന്നു - അങ്ങനെയായിട്ട് ശതാബ്ദങ്ങളായി.

Advertisment

മേൽപ്പറഞ്ഞ ദുഷ്ടമനസ്സുകളുടെ വിഡ്ഢിത്തം ആപൽക്കരമായിത്തീരുന്നത് നാദിർഷായ്‌ക്കോ മലയാളസിനിമയ്ക്കോ മുസ്ലിങ്ങൾക്കോ അല്ല, ക്രൈസ്തവർക്ക് തന്നെയാണ്.

അവർ താഴ്ത്തികെട്ടുകയും കരിതേയ്ക്കുകയും അപകടപ്പെടുത്തുകയും ചെയ്യുന്നത് കേരളസംസ്കാരത്തിന്റെ ആധാരശിലയായ സാമുദായികസൗഹാർദം പങ്കുവച്ച് ഇവിടെ ഐശ്വര്യപൂർവം ജീവിക്കുന്ന ക്രൈസ്തവസമൂഹത്തെയാണ്.

ഒപ്പം മലയാളികളെ ഒന്നടങ്കവും അവരുടെ കുറ്റകരമായ അസഹിഷ്ണുത അപമാനിക്കുന്നു.

യേശു അഥവാ ഈശോ എന്ന നല്ലവനായ മനുഷ്യൻ ഒരിക്കൽ കണ്ട സുന്ദരമാനവികസ്വപ്നത്തിന്റെ എന്തെങ്കിലും ഒരംശം ഇവിടെ അവശേഷിക്കുന്നുണ്ടെങ്കിൽ അതിനെക്കൂടി ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയാണ് ഈ ക്രിസ്ത്യാനിതാലിബൻ.

ഈ വിഷംചീറ്റലിനെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടത് കേരളക്രൈസ്തവസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്, സാംസ്കാരികകേരളത്തിന്റെ ആവശ്യവുമാണ്.

Read more: ‘ഈശോ’യെ വിലക്കാനാവില്ല; പ്രദർശനാനുമതി തടയണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

Nadhirshah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: