scorecardresearch
Latest News

വേണുവിനൊപ്പം ‘കൈരളി വിലാസം ലോഡ്ജി’ൽ; ഓർമകളുമായി സക്കറിയ

നെടുമുടി വേണുവിനൊപ്പമുള്ള ‘കൈരളി വിലാസം ലോഡ്ജ്’ ഓർമകൾ പങ്കിട്ട് സക്കറിയ

Paul Zacharia, Nedumudi Venu, Nedumudi Venu memories, Nedumudi Venu Passes Away, Kairalivilasam Lodge

മലയാളികളെ സംബന്ധിച്ച് ഏറെ നൊസ്റ്റാൾജിയയോടെ ഓർക്കുന്ന പരമ്പരകളിൽ ഒന്നാണ് ദൂരദർശനിൽ സംപ്രേഷണം ചെയ്ത ‘കൈരളി വിലാസം ലോഡ്ജ്’. സക്കറിയ കഥയും തിരക്കഥയും ഒരുക്കിയ കൈരളി വിലാസം ലോഡ്ജ് സംവിധാനം ചെയ്തത് നെടുമുടി വേണു ആയിരുന്നു. ‘കൈരളി വിലാസം ലോഡ്‌ജി’നെ ഓർത്തുകൊണ്ട് അടുത്തകാലത്ത് സക്കറിയ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു.

1987-88 കാലഘട്ടങ്ങളിൽ ആയി സംവിധാനം ചെയ്ത പരമ്പരയുടെ ചിത്രീകരണം ചിത്രാഞ്ജലിയിൽ ആയിരുന്നു. ദൂരദർശൻ 13 എപ്പിസോഡുകളായാണ് പരമ്പര സംവിധാനം ചെയ്തത്. വേണു നാഗവള്ളി, ജഗന്നാഥൻ, കരമന ജനാർദനൻ നായർ, കൃഷ്ണൻ കുട്ടി നായർ, എം എസ് തൃപ്പൂണിത്തുറ, മണിയൻപിള്ള രാജു, ജഗദീഷ്, വിലാസിനി, സിത്താര എന്നിങ്ങനെ വലിയ താരനിര തന്നെ അഭിനയിച്ച പരമ്പരയിൽ ഇന്നസെന്റും ശ്രീനിവാസനും അതിഥി താരങ്ങളായും എത്തിയിരുന്നു.

‘കൈരളി വിലാസം ലോഡ്‌ജി’ന്റെ തിരക്കഥ രചനയ്ക്കിടയിൽ തന്നെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയതും എഴുതാനുള്ള സാഹചര്യം ഒരുക്കിയതും നെടുമുടി വേണു ആയിരുന്നുവെന്ന് സക്കറിയ പറയുന്നു. “ചിത്രാഞ്ജലിയിൽ ലോഡ്ജിന്റെ സെറ്റിട്ടു. എല്ലാം റെഡി. പക്ഷെ ഷൂട്ട് തുടങ്ങുമ്പോൾ എന്റെ കൈവശം, പൂർണമായി റെഡി ആയ എപ്പിസോഡുകൾ രണ്ടോ മൂന്നോ മാത്രം. ഡൽഹിയിൽ നിന്ന് ഷൂട്ട് ദിവസം സ്ക്രിപ്റ്റുമായി വിമാനത്തിൽ പാഞ്ഞെത്തുന്ന ഗുരുതരമായ അവസ്ഥ ഒന്ന് രണ്ടു തവണ ഉണ്ടായി. അതോടെ വേണു പറഞ്ഞു, “ഇത് ശരിയാവില്ല. അപകടം പടിവാതിൽക്കലെത്തി. ഉറച്ചിരുന്ന് എഴുതണം. ഞാൻ എന്റെ വീട്ടിൽ തളച്ചിടാം. മര്യാദയ്ക്ക് എഴുതിക്കാം.”

“അങ്ങനെ ഞാൻ വേണുവിന്റെ കുണ്ടമൺകടവിലെ ദേവൻ മാഷ് പണിത തനിപ്പുത്തൻ വീട്ടിൽ വേണു, സഹധർമിണി സുശീല, വേണുവിന്റെ അമ്മ, കൊച്ചു കുഞ്ഞായ മോൻ, എന്നിവരോടൊപ്പം കുടിപാർപ്പ് ആരംഭിച്ചു. സുശീലയുടെ സ്നേഹമധുരമായ അധ്യക്ഷതയിലെ ആ ജീവിതം സുന്ദരമായ ഒരു നല്ല കാലമായിരുന്നു. വേണുവിനോട് കൂടിയാലോചിച്ചു എഴുതിയപ്പോൾ സ്ക്രിപ്റ്റിലെ പ്രശ്നങ്ങൾക്ക് അതിവേഗം പരിഹാരങ്ങൾ ഉണ്ടായി. ഞങ്ങളുടെ കൂട്ടുകൂടലുകളുടെ പരമ്പരകൾ വേറെ. ഭാസ്കരൻ മാഷ് വന്നു. അരവിന്ദൻ വന്നു. വേണുവിന്റെയും എന്റെയും സുഹൃത്തുക്കൾ പലരും വന്നു. എന്റെ ചെറുതായിരുന്ന മകൾ കുറച്ചു ദിവസം വന്നു താമസിച്ചു. ഒരു വൈകുന്നേരം ഭാസ്കരൻ മാഷ് ‘നഗരം നഗരം’ പാടുന്നത് ഓർമ്മയുണ്ട്. പലയിടത്തും സ്വന്തം ട്യൂണിൽ ആണ് മൂപ്പർ പാടുന്നത്! വേണു മൃദംഗത്തിൽ കസറി. ഞാൻ പാലായിൽ നിന്ന് ഒരു മഞ്ഞ ഇല്ലി തൈ കൊണ്ടുവന്നു. വേണു അത് ആറ്റിറമ്പത്തു നട്ടു. പാലായിൽ നിന്ന് വന്നതായതു കൊണ്ട് അത് കാട് ആയിത്തീരാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും വേണു അതിനെ വരുതിയിൽ കൊണ്ടുവന്നു,” കൈരളി വിലാസം ലോഡ്ജിന്റെ തിരക്കഥ എഴുതിയ ദിനങ്ങൾ ഓർത്ത് സക്കറിയ കുറിച്ചതിങ്ങനെ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Writer paul zacharia remembering nedumudi venu and kairalivilasam lodge serial days

Best of Express