മുംബൈ: കുറച്ച് നാളുകള്‍ക്ക് മുമ്പ് മുസ്‌ലിം പള്ളികളിൽ ബാങ്കുവിളിക്കുന്നതിനെതിരെ ട്വീറ്റ് ചെയ്ത് വിവാദത്തിൽപ്പെട്ടയാളാണ് ബോളിവുഡ് ഗായകൻ സോനു നിഗം. വീടിന് അടുത്തുള്ള പള്ളിയില്‍ നിന്നും ബാങ്ക് വിളി കേട്ടാണ് മുസ്‌ലിം അല്ലാത്ത തനിക്ക് പുലര്‍ച്ചെ എഴുന്നേല്‍ക്കേണ്ടി വരുന്നതെന്നായിരുന്നു അന്ന് സോനു നിഗം ട്വീറ്റ് ചെയ്തത്. ഇന്ത്യയിലെ ഈ നിര്‍ബന്ധിത മതാനുസരണം എന്ന് നിര്‍ത്തലാക്കുമെന്നും അദ്ദേഹം ചോദിച്ചിരുന്നു.

പ്രവാചകൻ മുഹമ്മദ് ഇസ്‌ലാം മതം സ്ഥാപിക്കുമ്പോൾ വൈദ്യുതി ഇല്ലായിരുന്നുവെന്നും എഡിസണിനു ശേഷം താൻ എന്തിന് ഈ അപസ്വരം കേൾക്കണമെന്നും അദ്ദേഹം രണ്ടാം ട്വീറ്റില്‍ ചോദിച്ചു. മതകാര്യം ചെയ്യാത്തവരെ ഉണര്‍ത്താന്‍ ക്ഷേത്രങ്ങളിലോ ഗുരുദ്വാരകളിലോ വൈദ്യുതി ഉപയോഗിച്ചുള്ള ഇത്തരം രീതികള്‍ സ്വീകരിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ ഇസ്‌ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് അദ്ദേഹത്തിനെതിരെ ട്വിറ്ററില്‍ പ്രതിഷേധം ഉയർന്നു.

ലക്ഷക്കണക്കിന് മുസ്‌ലിങ്ങള്‍ ജീവിക്കുന്ന ഇന്ത്യയില്‍ സോനു നിഗത്തിന് ഉറങ്ങാന്‍ കഴിയാത്തതിന്റെ പേരില്‍ ബാങ്ക് നിരോധിക്കണമെന്ന് പറയുന്നതില്‍ എവിടെയാണ് സഹിഷ്ണുതയുള്ളതെന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നു. സോനു നിഗത്തെ പിന്തുണച്ചും അന്ന് ചിലര്‍ രംഗത്ത് വന്നു. ഇന്ന് പാക്കിസ്ഥാന്‍ ഗായകര്‍ക്കെതിരെയാണ് സോനു നിഗം രംഗത്തെത്തിയിരിക്കുന്നത്.

ബോളിവുഡില്‍ പാക് ഗായകര്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയെ ആണ് അദ്ദേഹം പരോക്ഷമായി പരിഹസിക്കുന്നത്. ‘അജണ്ട ആജ് തക് 2018’ എന്ന പരിപാടിയിലായിരുന്നു സോനു നിഗത്തിന്റെ വാക്കുകള്‍. ‘ഞാനൊരു പാക്കിസഥാനി ഗായകന്‍ ആയിരുന്നെങ്കില്‍ നന്നാകുമായിരുന്നെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം ഞാന്‍ പാക്കിസ്ഥാനി ആയിരുന്നെങ്കില്‍ ഇന്ത്യയില്‍ നിന്ന് എനിക്ക് ഓഫറുകള്‍ ലഭിക്കുമായിരുന്നു,’ സോനു നിഗം പറഞ്ഞു.

നിലവില്‍ സംഗീത പരിപാടികള്‍ക്ക് വേണ്ടി ഗായകര്‍ കമ്പനികള്‍ക്ക് പണം നല്‍കേണ്ട സ്ഥിതിയാണെന്നും എന്നാല്‍ പാക് ഗായകരില്‍ നിന്ന് പണം വാങ്ങാറില്ലെന്നും അദ്ദേഹം പറഞ്ഞു. ‘പരിപാടികള്‍ നടത്താനായി ഗായകര്‍ ഇപ്പോള്‍ സംഗീത കമ്പനികള്‍ക്ക് പണം നല്‍കണം. പണം കൊടുത്തില്ലെങ്കില്‍ അവര്‍ മറ്റ് ഗായകരുടെ പാട്ട് എടുത്ത് അവരെ ഉയര്‍ത്തി കാണിക്കും. എന്നിട്ട് അവരോട് പണം വാങ്ങും. പാക്കിസ്ഥാന്‍ ഗായകരോട് പണം വാങ്ങാറില്ല. ആതിഫ് അസ്‌ലം എന്റെ അടുത്ത സുഹൃത്താണ്. പരിപാടികളില്‍ പാടാനായി അദ്ദേഹത്തോട് പണം ചോദിക്കാറില്ല. റാഹത്ത് ഫത്തേഹ് അലി ഖാനോടും പണം വാങ്ങാറില്ല,’ സോനു നിഗം പറഞ്ഞു.

ആതിഫ് അസ്‌ലം അടക്കമുളള നിരവധി പാക് ഗായകര്‍ക്ക് ബോളിവുഡില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. നുസ്രത്ത് ഫത്തേഹ് അലി ഖാന്‍, അലി സഫര്‍, അദ്നാന്‍ സാമി, ഫവാദ് ഖാന്‍ എന്നിവരൊക്കെ പാക്കിസ്ഥാനില്‍ നിന്നും ബോളിവുഡിലെത്തി പ്രശസ്തരായവരാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook