World Music Day: അഞ്ജലി മേനോന്റെ പുതിയ ചിത്രം ‘കൂടെ’ ജൂലൈ ആറിന് റിലീസിന് തയ്യാറെടുക്കുകയാണ്. ഒരു ചെറിയ ഇടവേളയ്‌ക്കു ശേഷം നസ്രിയ തിരിച്ചു വരുന്ന ചിത്രം കൂടിയാണ് പൃഥ്വിരാജ്, പാര്‍വ്വതി, രഞ്ജിത്ത്, മാലാ പാര്‍വ്വതി എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്ന ‘കൂടെ’. നസ്രിയയെ വീണ്ടും തിരശീലയില്‍ എത്തിച്ച ‘ആരാരോ’ എന്ന ഗാനം ഉള്‍പ്പടെ ആറു ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. മലയാളികളുടെ പ്രിയങ്കരനായ എം.ജയചന്ദ്രനും (രണ്ടു ഗാനങ്ങള്‍) ഇന്ത്യന്‍ ഫോല്‍ക്ക്-ഫ്യൂഷന്‍ സംഗീതജ്ഞനുമായ രഘു ദീക്ഷിതുമാണ് (നാല് ഗാനങ്ങള്‍) ഇവയുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
ഇന്ത്യയിലെ തനതു സംഗീതത്തെ ലോകസംഗീത രംഗത്ത് എത്തിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന സമകാലിക സംഗീതജ്ഞരില്‍ പ്രധാനിയാണ് രഘു ദീക്ഷിത്. അദ്ദേഹം നേതൃത്വം നല്‍കുന്ന ‘ദി രഘു ദീക്ഷിത് പ്രൊജക്റ്റ്’ ലോകത്തെമ്പാടുമുള്ള സംഗീത വേദികളില്‍ സജീവമാണ്.
Read in English: Raghu Dixit on composing for Anjali Menon’s ‘Koode’
‘കൂടെ’യിലൂടെ മലയാള സിനിമാ സംഗീതത്തിലേക്ക് ചുവടു വയ്‌ക്കുന്ന രഘു ദീക്ഷിത്, ചിത്രം പകര്‍ന്ന അനുഭവങ്ങളെക്കുറിച്ച് ഇന്ത്യന്‍ എക്‌സ്‌പ്രസ് മലയാളത്തോട് സംസാരിച്ചു.
“എന്റെ സുഹൃത്ത് ഗോപിനാഥ് പാറയില്‍ ആണ് അഞ്ജലിയോട് എന്നെക്കുറിച്ച് പറയുന്നത്. ‘കൂടെ’യിലേക്ക് ഒരു സംഗീത സംവിധായകനെ തേടുകയായിരുന്നു അവര്‍. പിന്നീട് അഞ്ജലി ഞാന്‍ ഏറ്റവുമൊടുവില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ‘ഷെഫ്’ എന്ന ഹിന്ദി ചിത്രത്തിന്റെ സംവിധായകന്‍ രാജാ മേനോനുമായി സംസാരിച്ചു. അവര്‍ സുഹൃത്തുക്കളാണ്. അപ്പോള്‍ രാജ അഞ്ജലിയോട് പറഞ്ഞുവത്രേ, രഘുവിനെ എടുത്തില്ലെങ്കില്‍ അത് നിങ്ങള്‍ കാണിക്കുന്ന വലിയ അബദ്ധമായിരിക്കും എന്ന്. ആ നല്ല വാക്കുകളുടെ അടിസ്ഥാനത്തിലാണ് അഞ്ജലി എന്നെ വിളിക്കുന്നത്.
സിനിമാ ഗാനങ്ങള്‍ ഇതിനു മുന്‍പും ചിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും ‘കൂടെ’യിലെ അനുഭവം വ്യത്യസ്‌തമാണ്. ഇതിന്റെ പശ്ചാത്തല സംഗീതവും ഞാന്‍ തന്നെയാണ് ചെയ്യുന്നത് എന്നതാണ് അതില്‍ ആദ്യം. പിന്നെ ഇതിലെ വര്‍ക്കിങ് രീതി. ദൂരെയുള്ള രണ്ടിടങ്ങളില്‍ നിന്നാണ് ഞാനും അഞ്ജലിയും ജോലി ചെയ്‌തത്. അവര്‍ മുംബൈയിലും ഞാന്‍ ബെംഗളൂരുവിലും.
ഇ-മെയില്‍, ഫോണ്‍ എന്നിവ വഴിയുള്ള ഇടപെടലുകളായിരുന്നു കൂടുതലും. എങ്കിലും ഒരുമിച്ചു ഇരുന്നു ജോലി ചെയ്യുന്നതിനേക്കാള്‍ ഭംഗിയായി ഇത് ചെയ്യാന്‍ പറ്റി എന്നുള്ളതാണ്. അങ്ങനെ ആഴത്തിലുള്ള ഒരു മനസ്സിലാക്കല്‍ ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നു.
നാല് ഗാനങ്ങളാണ് ഈ ചിത്രത്തില്‍ ഞാന്‍ ചിട്ടപ്പെടുത്തിയത്. അതിലൊരെണ്ണം ആലപിച്ചിട്ടുമുണ്ട്. മലയാളം വലിയ വശമില്ല എങ്കിലും എന്നാല്‍ ആവുന്ന വിധം ഭാഷ ശ്രദ്ധിച്ചു പാടിയിട്ടുണ്ട്. ‘നോര്‍ത്ത് 24 കാതം’ എന്ന ചിത്രത്തിലും പാടിയ അനുഭവമുണ്ട്. ഗോവിന്ദ് മേനോന്‍ എന്ന സുഹൃത്ത് വിളിച്ചത് കൊണ്ടാണ് ആ ചിത്രത്തില്‍ പാടിയത്.
ബോളിവുഡ്, കന്നഡ ചിത്രങ്ങള്‍ ഉള്‍പ്പടെ പത്തോളം ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം ചെയ്‌തിട്ടുണ്ട് ഇതിനു മുന്‍പ്. പക്ഷേ ഇത് വരെ കിട്ടാത്ത ഒരു സ്വീകരണമാണ് ‘കൂടെ’യിലെ ഗാനങ്ങള്‍ക്ക് ലഭിക്കുന്നത്… അതിനു നന്ദിയുണ്ട്.
‘ആരാരോ’ എന്ന ഗാനം മാത്രം യൂട്യൂബില്‍ 2.5 മില്യന്‍ ആളുകള്‍ കണ്ടിട്ടുണ്ട്. അതൊരു വല്യ സംഖ്യയാണ്. റിലീസ് ചെയ്‌ത് ഒരാഴ്‌ചയ്‌ക്കുള്ളില്‍ ആണ് ഇതിലേക്ക് എത്തിയത് എന്നതാണ് വലിയ സന്തോഷം തരുന്ന കാര്യം. അത് എന്റെ മാത്രം കഴിവാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. സിനിമ ഒരു കൂട്ടായ പ്രവര്‍ത്തനമാണ്. അതിലെ എല്ലാ അംശങ്ങളും ഒന്നിച്ചു ചേരുമ്പോള്‍ മാത്രമേ പ്രേക്ഷകന്‍ അതിനെ മുഴുവനായി സ്വീകരിക്കുകയുള്ളൂ. ഉദാഹരണത്തിന്, ‘ആരാരോ’ എന്ന ഗാനം പാടിയ ആനി അമി, വരികള്‍ എഴുതിയ റഫീഖ് അഹമ്മദ്, ക്യാമറ ചലിപ്പിച്ച ലിറ്റില്‍ സ്വയംപ്, എല്ലാറ്റിനും ഉപരി അഞ്ജലി, സ്ക്രീനില്‍ പ്രേക്ഷകര്‍ കാണാന്‍ കൊതിച്ച നസ്രിയ എന്നിങ്ങനെ പല ഘടകങ്ങളും ചേര്‍ന്നത് കൊണ്ടാണ് ആ ഗാനം നമുക്ക് ഇഷ്‌ടപ്പെടുന്നത്.

‘കൂടെ’യുടെ പശ്ചാത്തല സംഗീതം ചെയ്‌തതും മറക്കാനാവാത്ത അനുഭവമാണ്. കാരണം ആ ചിത്രത്തിലെ പല സീനുകളും എന്റെ സ്വന്തം ജീവിതത്തില്‍ നിന്നും എടുത്ത് വച്ചത് പോലെ ഉള്ളവയായിരുന്നു.
അച്‌ചനമ്മമാരോടുള്ള സ്‌നേഹം, അത് പലപ്പോഴും നമ്മളും അവരും പുറത്തു കാണിക്കുന്നില്ല. എങ്കിലും ജീവിതത്തില്‍ സ്ഥായിയായ എന്തെങ്കിലും ഒന്നുണ്ടെങ്കില്‍ അത് അച്‌ഛനമ്മമാരും മക്കളും തമ്മിലുള്ള സ്‌നേഹമാണ്. എവിടേയ്‌ക്ക് പോയാലും ആ സ്‌നേഹത്തിലേക്കു തന്നെ നമ്മള്‍ വീണ്ടും മടങ്ങിയെത്തും എന്നുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ‘കൂടെ’. റീ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ പല സമയത്തും എന്റെ കണ്ണ് നിറഞ്ഞു പോയിട്ടുണ്ട്. കാണുന്നവര്‍ക്കും അങ്ങനെ ഹൃദയംഗമമായ ഒരു അനുഭവം തന്നെയായിരിക്കും ആ ചിത്രം.”
രഞ്ജിത് രജപുത്ര-ലിറ്റില്‍ ഫിലിംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘കൂടെ’യിലെ മറ്റു അഭിനേതാക്കള്‍ ദേവന്‍, റോഷന്‍, പൗളി വിത്സന്‍, സി.ആര്‍.രാജന്‍, ജോളി ചിറയത്ത്, ഫ്രാങ്കോ എന്നിവരാണ്. ക്യാമറ-ലിറ്റില്‍ സ്വയംപ്, എഡിറ്റിങ്-പ്രവീണ്‍ പ്രഭാകര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍. അരവിന്ദ് അശോക് കുമാര്‍, വസ്ത്രാലങ്കാരം. പമ്പാ ബിശ്വാസ്, മേക്കപ്പ്. മിറ്റാ ആന്റണി, ശബ്‌ദലേഖനം. അജയന്‍ അടാട്ട്, സൗണ്ട് ഡിസൈന്‍. ബയ്ലോന്‍ ഫോണ്‍സീക്ക, സ്റ്റില്‍സ്. ബിജിത്ത് ധര്‍മ്മടം. ചിത്രം ജൂലൈ ആറിന് തിയേറ്ററുകളില്‍ എത്തും.