വിജയ് ദേവേരക്കൊണ്ട നായകനായ ‘വേൾഡ് ഫെയ്മസ് ലവറി’ന്റെ ടീസർ വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്. 24 മണിക്കൂർ തികയുന്നതിന് മുൻപ് 51 ലക്ഷത്തിന് മുകളിൽ ആളുകളാണ് ടീസർ കണ്ടിരിക്കുന്നത്. ട്രെൻഡിങ്ങിൽ ഒന്നാമതും. എന്നാൽ ടീസർ കണ്ടവർക്കെല്ലാം പറയാനുള്ളത് ഒരൊറ്റക്കാര്യം. അർജുൻ റെഡ്ഡിയുടെ ബാധ ഇനിയും വിജയ് ദേവരകൊണ്ടയെ വിട്ടൊഴിഞ്ഞിട്ടില്ല എന്നാണത്.

Read More: ‘ഞാന്‍ എന്തിന് അത് കാണണം’; ഷാഹിദ് കപൂറിന്റെ ‘കബീര്‍ സിങ്’ കാണില്ലെന്ന് വിജയ് ദേവരകൊണ്ട

ഒരു മിനിറ്റ്-പതിനഞ്ച് സെക്കന്റ് ടീസറിൽ, നിരവധി സ്ത്രീകളുമായി ബന്ധമുള്ള ഒരാളായിട്ടാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെ മനസിലാക്കാൻ കഴിയുന്നത്. താരത്തിന്റെ കരിയറിലെ തന്നെ വഴിത്തിരിവായ ചിത്രമായിരുന്നു അർജുൻ റെഡ്ഡി. എന്നാൽ ഇപ്പോഴും അദ്ദേഹം അവിടെ തന്നെ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് തോന്നുന്നത്.

കഥാപാത്രത്തിന്റെ രൂപം, ശരീരഭാഷ, ചെയ്തികൾ, സ്വയം നശിപ്പിക്കുന്ന മനോഭാവം പോലും – നമ്മൾ മുമ്പ് കണ്ടിട്ടില്ലാത്ത ഒന്നും തന്നെ പുതിയ ചിത്രത്തിന്റെ ടീസറിലുമില്ല. വാസ്തവത്തിൽ പലയിടങ്ങളിലും അർജുൻ റെഡ്ഡിയിലേയും ‘വേൾഡ് ഫെയ്മസ് ലവറി’ലേയും ദേവേരക്കൊണ്ടയുടെ കഥാപാത്രങ്ങളെ വേർതിരിച്ചറിയാൻ പോലും പ്രയാസമാണ്.

Read More: പാർവതിയെ ഇഷ്ടമാണ്, ആരാധനയുമുണ്ട്, പക്ഷേ…; വിജയ് ദേവേരകൊണ്ട പറയുന്നു

പ്രണയത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു സ്ത്രീയുടെ വോയ്‌സ് ഓവറോടെയാണ് ടീസർ ആരംഭിക്കുന്നത്. വിജയ് ദേവേരക്കൊണ്ടയുടെ കഥാപാത്രം പ്രണയത്തിലാണെന്നും ആ പ്രണയത്തിൽ നിന്നും അദ്ദേഹത്തിന് മുറിവേറ്റതായും മനസിലാകുന്ന ഒരു രംഗത്തോടെ ടീസർ അവസാനിക്കുന്നതിനാൽ ഇത് തീർച്ചയായും ഒരു പ്രണയകഥയാണ് എന്ന് പറയാം.

ദക്ഷിണേന്ത്യയിലാകെ ബോക്സോഫീസ് ഹിറ്റായ തെലുങ്ക് ചിത്രമാണ് ‘അര്‍ജ്ജുന്‍ റെഡ്ഡി’. വിജയ് ദേവരകൊണ്ട അവിസ്മരണീയമാക്കി തെലുങ്ക് ദേശത്തിനപ്പുറം വളര്‍ന്ന ചിത്രത്തിലെ കഥാപാത്രമായിരുന്നു അര്‍ജ്ജുന്‍ റെഡ്ഡി. തെലുങ്കില്‍ ഇറങ്ങിയ ചിത്രത്തിന് കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, എന്നിവിടങ്ങളിലൊക്കെ വന്‍ സ്വീകാര്യത ലഭിച്ചു. കൂടാതെ ചിത്രം തമിഴിലും റീമേക്ക് ചെയ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook