ഇന്ന് ലോക കാൻസർ ദിനം. ബോളിവുഡ് താരങ്ങളെ സംബന്ധിച്ചിടത്തോളം, കാൻസർ ഒരു യുദ്ധമാണ്. ലൈം ലൈറ്റിലുള്ള ഒരു വ്യക്തിയെന്ന നിലയിൽ ആ പോരാട്ടത്തിൽ ബാഹ്യമായ നിരവധി സമ്മർദ്ദങ്ങൾ അവർക്ക് നേരിടേണ്ടിവരുന്നു. ചിലർ രോഗത്തിന് കീഴടങ്ങുമ്പോൾ, മറ്റു ചിലർ വാശിയോടെ പോരാടുന്നു. അവർ ജീവിതത്തിന്റെ യുദ്ധക്കളത്തിൽ തുടരാനും വിജയികളായി പുറത്തുവരാനും നമ്മെ പ്രചോദിപ്പിക്കുന്നു. അങ്ങനെ പോരാടി ജയിച്ചവരും യുദ്ധക്കളത്തിൽ വീണു പോയവരുമായ ചില ബോളിവുഡ് സെലിബ്രിറ്റിസീനെ കുറിച്ചാണ് ഇനി പറയുന്നത്.

Read More: പ്രകാശം പരത്തുന്ന ഒരു ഇളംകാറ്റുപെണ്‍കുട്ടി

സഞ്ജയ് ദത്ത്

കഴിഞ്ഞ വർഷം ഓഗസ്റ്റ് 12നാണ് സഞ്ജയ് ദത്തിന് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അർബുദ ചികിത്സ നടന്നത്. ഒടുവിൽ അദ്ദേഹം അർബുദ മുക്തനായി. മക്കളുടെ പിറന്നാൽ ദിനത്തിൽ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം രോഗമുക്തിനേടിയ വിവരം പങ്കുവച്ചത്. ശക്തരായവരെ ദൈവം പരീക്ഷിക്കും. ഈ യുദ്ധത്തിൽ വിജയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നായിരുന്നു സന്തോഷം പങ്കുവച്ചുകൊണ്ട് സഞ്ജയ് ദത്ത് കുറിച്ചത്.

ഋഷി കപൂർ

മുതിർന്ന നടൻ ഋഷി കപൂറിന് 2018ലാണ് രക്താർബുദം കണ്ടെത്തിയത്. ന്യൂയോർക്കിൽ ചികിത്സ തേടിയ അദ്ദേഹം 2019 ൽ നാട്ടിലേക്ക് മടങ്ങി. എന്നാൽ, 2020 ഏപ്രിൽ 30 ന് അദ്ദേഹം അന്തരിച്ചു.

ഇർഫാൻ ഖാൻ

വൻകുടലിലുണ്ടായ അണുബാധയെ തുടർന്നാണ് ബോളിവുഡ് നടൻ ഇർഫാൻ ഖാൻ (54) അന്തരിച്ചത്. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 2018ല്‍ ഇദ്ദേഹത്തിന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. വിദേശത്ത് നടത്തിയ ചികിത്സയ്ക്ക് ശേഷം വീണ്ടും അഭിനയരംഗത്ത് സജീവമായിരുന്നു

നർഗീസ് ദത്ത്

1981ലാണ് നർഗീസ് ദത്ത് കാൻസർ മൂലം മരണമടഞ്ഞത്. ആദ്യം ന്യൂയോർക്കിൽ ചികിത്സ നേടിയതിനു ശേഷം പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചു വന്നു. പക്ഷേ, രോഗം മൂർച്ഛിക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. തന്റെ മകന്റെ ആദ്യ ചിത്രമായ റോക്കിയുടെ ആദ്യ പ്രദർശനത്തിൽ നർഗീസിനു വേണ്ടി ഒരു ഇരിപ്പിടം ഒഴിച്ചിട്ടിരുന്നു.

മനീഷ കൊയ്‌രാള

ഒവേറിയൻ കാൻസർ(അണ്ഡാശയ കാൻസർ) ബാധിതയായിരുന്ന മനീഷ രോഗവുമായി മല്ലിട്ട് ഏറെ നാൾ നീണ്ട ചികിത്സക്കൊടുവിലാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. വലിയ രോഗപർവം താണ്ടിനിൽക്കുമ്പോൾ പൊയ‌്‌പ്പോയ അസുഖനാളുകളെക്കുറിച്ചും പോരാട്ടങ്ങളെക്കുറിച്ചും കാൻസർ പഠിപ്പിച്ച പാഠങ്ങളെക്കുറിച്ചുമൊക്കെ തന്റെ അനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ഹീൽഡ്: ഹൗ കാൻസർ ഗേവ് മീ എ ന്യൂ ലൈഫ്’ (Healed: How Cancer Gave Me a New Life) എന്ന പുസ്തകത്തിൽ മനീഷ കൊയ്‌രാള പറഞ്ഞിരുന്നു.

സൊനാലി ബെന്ദ്ര

2018 ജൂലൈ 4-നാണ് താൻ അർബുദബാധിതയാണെന്ന് സൊനാലി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. തുടർന്ന് അമേരിക്കയിൽ കാൻസർ ചികിത്സയ്ക്കുപോയ അവർ നവംബറിലാണ് തിരിച്ചെത്തിയത്. തന്റെ ചികിത്സാ കാലത്തെ കുറിച്ചുള്ള അനുഭവങ്ങൾ സൊനാലി പങ്കുവയ്ക്കാറുണ്ടായിരുന്നു.

Read More: തട്ടത്തിന്‍ മറയത്തെ ക്യാന്‍സര്‍ സ്പര്‍ശങ്ങള്‍

അർബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തി, അർബുദരോഗം മുൻകൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി, എല്ലാ വർഷവും ഫെബ്രുവരി 4, ലോക കാൻസർ ദിനമായി ആചരിക്കപ്പെടുന്നു. അർബുദത്തിനെതിരെ 120 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന 470 സംഘടനകളുടെ കൂട്ടായ്മയായ ” ദി ഇന്റർനാഷണൽ യുണിയൻ എഗൈന്സ്റ്റു കാൻസർ” ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook