ലോക കാന്‍സര്‍ ദിനത്തില്‍, കാന്‍സര്‍ രോഗികള്‍ക്കായി തലമുടി ദാനം ചെയ്ത് പ്രമുഖ ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്മി. വഴുതക്കാട് വിമന്‍സ് കോളേജില്‍ കാന്‍സര്‍ ബോധവത്കരണ പരിപാടിയില്‍ മുഖ്യാതിഥി ആയി പോയ ഭാഗ്യലക്ഷ്മി തിരികെ വന്നത് മുടി മുറിച്ചാണ്.

‘ഏറെ കാലമായി മനസില്‍ ഇക്കാര്യം ഉണ്ടായിരുന്നു. സുഹൃത്തുക്കളോടൊക്കെ പറയുമ്പോള്‍ അവര്‍ തടയും. നീണ്ട മുടിയാണ് ഭംഗി, അത് മുറിക്കരുതെന്നൊക്കെ പറയും. അതുകൊണ്ട് ഇത്തവണ ഞാന്‍ ആരോടും പറഞ്ഞില്ല. സത്യത്തില്‍ മുടി മൊട്ടയടിക്കണം എന്നു വിചാരിച്ചാണ് പോയത്. പക്ഷെ അവിടെ ഉള്ളവര്‍ മുടി മുറിക്കാനുള്ള സജ്ജീകരണങ്ങളേ ഏര്‍പ്പെടുത്തിയിരുന്നുള്ളൂ,’ ഭാഗ്യലക്ഷ്മി ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തോട് പറഞ്ഞു.

‘രാവിലെ കുളി കഴിഞ്ഞ് അഴിച്ചിട്ട മുടിയുമായി ഞാന്‍ സ്റ്റേജില്‍ കയറി മുടി ദാനം ചെയ്യുന്നതിന്റെ മഹത്വത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ അവിടെയുള്ള ഒരു കുട്ടിയെങ്കിലും മനസില്‍ വിചാരിക്കില്ലേ, നീണ്ട മുടിയും അഴിച്ചിട്ടാണല്ലോ ഞാനീ പറയുന്നതെന്ന്. വാക്കിലല്ല, നമ്മുടെ പ്രവൃത്തിയിലാണ് കാര്യം. ഞാനീ ചെയ്തത് ആര്‍ക്കെങ്കിലും പ്രചോദനമായിട്ടുണ്ടെങ്കില്‍ അത്രയും സന്തോഷം,’ ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

ഭാഗ്യലക്ഷ്മി എന്നു കേള്‍ക്കുമ്പോള്‍ ഓര്‍മയില്‍ വരുന്നത് നീണ്ട മുടി കൂടി ആണ്. എന്നാല്‍ അതൊന്നും ഒരു വിഷയമേ അല്ലെന്നാണ് അവര്‍ പറയുന്നത്.

‘അതിലൊന്നും കാര്യമില്ല. നമ്മുടെ ഐഡന്റിറ്റി എന്നത് മുടിയിലോ രൂപത്തിലോ ഒന്നുമല്ല, ചെയ്യുന്ന ജോലിയിലാണ്. മുടിയൊക്കെ വേണമെങ്കില്‍ പിന്നെയും വളര്‍ന്നോളും. എനിക്കൊരു അസുഖം വന്നാലും മുടി പോകില്ലേ. അപ്പോള്‍ ആളുകള്‍ എന്നെ മറക്കുമോ?’ ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook