ഡിസംബര്‍ ഒന്നിന് ലോകം എയ്ഡ്സ് ദിനം ആചരിക്കുകയാണ്. ഒരു ആഗോള ആരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ് എയ്ഡ്സ്. എയ്ഡ്സ് തുടച്ചുനീക്കാന്‍ ലോകരാഷ്ട്രങ്ങള്‍ അന്തര്‍ദേശീയ സംഘടനകളുമായി കൂടിച്ചേര്‍ന്ന് നിരവധി പദ്ധതികള്‍ ഒരുക്കുന്നുണ്ട്. നിരവധി തെറ്റിദ്ധാരണകളുമുണ്ട് ഈ മഹാവിപത്തിനെക്കുറിച്ച് നമുക്ക് ചുറ്റും. ഇതിനെക്കുറിച്ച് ആളുകളില്‍ അവബോധമുണ്ടാക്കാന്‍ സിനിമാ മേഖലയില്‍ നിന്നും നിരവധി ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.
എയ്ഡ്സ് ജാഗോ(2007)
മീരാ നായര്‍, വിശാല്‍ ഭരദ്വാജ്, ഫര്ഹാന് അക്തര്‍, സന്തോഷ് എന്നീ സംവിധായകര്‍ ചേര്‍ന്നൊരുക്കിയ ചിത്രമായിരുന്നു എയ്ഡ്സ് ജാഗോ. നാല് ഹ്രസ്വചിത്രങ്ങളുടെ സമന്വയമാണിത്. എയ്ഡ്സിനെക്കുറിച്ച് ആളുകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ മാറ്റുക എന്നതായിരുന്നു ചിത്രത്തിന്റെ ഉദ്ദേശ്യം. മൈഗ്രേഷന്‍, ബ്ലഡ് ബ്രദേഴ്സ്, പോസിറ്റീവ്, പ്രാരംഭ എന്നീ സിനിമകളാണ് എയ്ഡ്സ് ജാഗോയില്‍. ഷിനേ അഹൂജ, ഇര്ഫാന് ഖാന്, സമീറ റെഡ്ഡി, റെയ്മ സെന്‍, ആയ്ഷ ടാക്കിയ, പങ്കജ് കപൂര്‍ എന്നിവരായിരുന്നു അഭിനയിച്ചത്.
ഫിര്‍ മിലേംഗേ (2004)
ഫിലാഡല്‍ഫിയ എന്ന അമേരിക്കന്‍ ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നടി രേവതി സംവിധാനം ചെയ്ത ചിത്രമാണ് ഫിര്‍ മിലേംഗേ. ശില്‍പ്പ ഷെട്ടി, സല്മാന് ഖാന്, അഭിഷേക് ബച്ചന് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശില്‍പ്പ ഷെട്ടി അവതരിപ്പിച്ച തമന്ന സാഹ്നി എന്ന കഥാപാത്രം എയ്ഡ്സ് ബാധിതയാണ്. അവരുടെ പോരാട്ടങ്ങളുടെ കഥയാണ് ഫിര്‍ മിലേംഗേ.
മൈ ബ്രദര്‍…നിഖില്‍(2005)
സഞ്ജയ് സൂറിയേയും ജൂഹി ചൗളയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒനിര്‍ സംവിധാനം ചെയ്ത ചിത്രം. എയ്ഡ്സ് ആക്ടിവിസ്റ്റായ ഡൊമിനിക് ഡിസൂസയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രമാണിത്. എയ്ഡ്സ്, സ്വവര്‍ഗാനുരാഗം എന്നീ വിഷയങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
ദസ് കഹാനിയാന്-സഹീര്‍ (2007)
ആറ് പേര് ചേര്‍ന്നു സംവിധാനം ചെയ്ത പത്ത് ഹ്രസ്വ ചിത്രങ്ങളുടെ സമന്വയമാണിത്. ഇതിലെ സഹീര്‍ എന്ന ചിത്രം എയ്ഡ്സിനെക്കുറിച്ചാണ് സംസാരിക്കുന്നത്. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത ചിത്രത്തില്‍ ദിയാ മിര്‍സയും മനോജ് ബാജ്പേയിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിയാ മിര്‍സ അവതിപ്പിക്കുന്ന സിയ എന്ന കഥാപാത്രം ഒരു ബാര്‍ നര്‍ത്തകിയാണ്. സിയ ഒരു എയ്ഡ്സ് ബാധിതയാണ്. അവളുടെ മരണ ശേഷം കാമുകനായ സഹീര്‍ കഥപറയുന്നതാണ് സിനിമ.
നിദാന് (2000)
മഹേഷ് മഞ്ചേക്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശിവാജി സതം, റീമ ലഗൂ, സുനില്‍ ബര്‍വേ, നിഷ ബൈന്‍സ്, മോഹന്‍ ജോഷി, സഞ്ജയ് ദത്ത് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. കൗമാരപ്രായത്തില്‍ എയ്ഡ്സ് ബാധിക്കുന്ന ഒരാളെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്.
പ്യാര് മേം കഭി കഭി (1999)
ചിത്രം മുഴുവനായും എയ്ഡ്സിനെക്കുറിച്ചല്ലെങ്കിലും ഈ വിഷയത്തെക്കുറിച്ചും സംസാരിക്കുന്നു. സുഹൃത്തുക്കളില്‍ ഒരാള്‍ക്ക് രോഗം വരുകയും മറ്റുള്ളവര്‍ അയാളെ ചേര്‍ത്തു പിടിക്കുകയും ചെയ്യുന്നതാണ് ചിത്രത്തില്‍ പറയുന്നത്.