എഴുത്തുകാർ പലപ്പോഴും അവരുടെ സൃഷ്ടികളുടെ ചലച്ചിത്രാവിഷ്കാരങ്ങൾ ഇഷ്ടപ്പെടുന്നില്ല. ഷൈനിംഗ് ചലച്ചിത്രമായപ്പോൾ എഴുത്തുകാരൻ സ്റ്റീഫൻ കിംഗ് സംതൃപ്തനായിരുന്നില്ല. തന്റെ കഥ, ‘വൺ ഫ്ലൂ ഓവർ ദി കുക്കൂസ് നെസ്റ്റ്’ എന്ന പേരിൽ സിനിമയായപ്പോൾ ഒന്നു കാണാൻ പോലും കെൻ കെസി വിസമ്മതിച്ചു. ഫോറസ്റ്റ് ഗംപ് നിർമ്മിച്ച ടീമിനെ കാണാൻ വിൻസ്റ്റൺ ഗ്രൂമും കൂട്ടാക്കിയില്ല. എന്തിന്, തമിഴ് എഴുത്തുകാരി സുജാത പോലും തന്റെ നോവലുകളുടെ ചലച്ചിത്രാവിഷ്കാരങ്ങളെ വെറുക്കുകയും എഴുത്തിൽ അതിനെക്കുറിച്ച് വാചാലയാവുകയും ചെയ്തിട്ടുണ്ട്.
മണിരത്‌നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ കണ്ടിരുന്നെങ്കിൽ കൽക്കി കൃഷ്ണമൂർത്തിക്ക് ഇഷ്ടമാവുമായിരുന്നോ എന്നറിയില്ല. പക്ഷേ ‘പൊന്നിയിൻ സെൽവന്റെ’ കടുത്ത ആരാധകരായ വായനക്കാരിൽ ചിലർക്ക് മണിരത്നം ചിത്രത്തോട് വിയോജിപ്പുകളുണ്ടെന്ന് വ്യക്തമാണ്. നോവലിലെ ചില പ്രധാന പ്ലോട്ടുകളിൽ വലിയ വ്യതിയാനങ്ങൾ വരുത്തിയാണ് മണിരത്നം ചിത്രം തിരശ്ശീലയിൽ എത്തിച്ചിരിക്കുന്നത്. ഇതിഹാസ സൃഷ്ടിയിൽ സർഗ്ഗാത്മക സ്വാതന്ത്ര്യം എടുത്തതിനും സിനിമയുടെ ചില പ്രധാന പ്ലോട്ടുകൾ മാറ്റിമറിച്ചതിനും ചലച്ചിത്ര നിർമ്മാതാവിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുകയാണ്.

പൂങ്കുഴലിയ്ക്ക് വേണ്ട പ്രാധാന്യം നൽകിയില്ല
ആദ്യഭാഗം ഇറങ്ങിയപ്പോൾ മുതൽ മണിരത്നം നേരിടുന്ന പ്രധാന വിമർശനമാണിത്. മണിരത്നം പൂങ്കുഴലിയ്ക്ക് കഥയിൽ വലിയ പ്രാധാന്യം നൽകിയില്ലെന്നാണ് ഉയരുന്ന പ്രധാന ആരോപണം. വള്ളക്കാരിയായ അവൾ ജനിച്ചുവളർന്നത് കോടിക്കരയിലാണ്. അവൾ സാഹസികയായിരുന്നു, ഒന്നിനെയും ഭയമില്ലാത്തവൾ. നോവലിൽ വന്തിയത്തേവനുമൊത്തുള്ള പൂങ്കുഴലിയുടെ യാത്രയിലെ സാഹസികതയെ കുറിച്ച് ഒരുപാട് പേജുകളിൽ പ്രതിപാദിക്കുന്നുണ്ട് കൽക്കി. പൂങ്കുഴലിയുടെ നാവിഗേഷൻ വൈദഗ്ധ്യവും കടലിനു മുകളിൽ അവൾക്കുള്ള കയ്യടക്കവും കാരണമാണ് പൂങ്കുഴലിയെ സമുദ്രകുമാരി എന്ന് വിളിക്കുന്നത്. സമുദ്രകുമാരിയും പൊന്നിയിൻ സെൽവനും തമ്മിലുള്ള പ്രണയബന്ധം പുസ്തകങ്ങളിൽ ഉണ്ടായിരുന്നതായി സൂചനയുണ്ട്.
മണിമേകലൈ ഒഴിവാക്കി
പൊന്നിയിൻ സെൽവൻ നോവലിൽ വല്ലവരയൻ വന്തിയത്തേവനെ പ്രണയിക്കുന്ന കടമ്പൂർ കോട്ടയിലെ രാജകുമാരിയാണ് മണിമേകലൈ. കണ്ടൻ മാരന്റെ അനുജത്തിയും കടമ്പൂർ ശംബുവരയ്യരുടെ മകളും. അവൾക്ക് വന്തിയതേവനോട് അഗാധവും അപാരവും ഉപാധികളില്ലാത്തതുമായ സ്നേഹമുണ്ടായിരുന്നു. നോവലിലെ വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രം കൂടിയാണ് മണിമേഗലൈ. ആദിത കരികാലനെ കൊന്നതിന്റെ കുറ്റം വന്ധ്യദേവനിൽ ആരോപിക്കപ്പെടുമ്പോൾ ഏറെ വിഷമിക്കുന്നവൾ. തിരിച്ചു കിട്ടാത്ത പ്രണയത്തിന്റെ വേദന അനുഭവിച്ച മണിമേകലൈ തന്റെ പ്രണയത്തിന്റെ കരവലയത്തിൽ അന്ത്യശ്വാസം വലിക്കുന്നു. വന്തിയത്തേവൻ ഇനിയൊരിക്കലും പഴയതുപോലെയാകില്ലെന്നാണ് ആ മുഹൂർത്തത്തെ കൽക്കി വിശേഷിപ്പിക്കുന്നത്. മണിമേകലൈയ്‌ക്കൊപ്പം ആ വാനർ പോരാളിയുടെ സന്തോഷവും നർമ്മവും ആഹ്ലാദവും എല്ലാം മരിച്ചുവെന്നും കൽക്കി പറയുന്നു.

നന്ദിനിയുടെ അന്ത്യം
പൊന്നിയിൻ സെൽവനിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം തന്ത്രശാലിയായ നന്ദിനിയാണ്. അവളുടെ ഉത്ഭവം നോവലിൽ ഒരു രഹസ്യമായി തുടരുന്നു. വീരപാണ്ഡ്യനുമായുള്ള അവളുടെ ബന്ധം ഒരിക്കലും നോവൽ വ്യക്തമാക്കുന്നില്ല. കൽക്കി ചിലപ്പോൾ അവരെ ദമ്പതികളാക്കുന്നു, ചിലപ്പോൾ അവന്റെ മകളാവാമെന്നും പറയുന്നു. നന്ദിനിയുടെ അന്ത്യവും നോവലിൽ വളരെ ദുരൂഹമാണ്. നന്ദിനി ചോളരാജ്യം ഉപേക്ഷിച്ചുപോവുന്നുവെങ്കിലും അവൾക്കെന്തു സംഭവിച്ചുവെന്ന് നോവൽ വെളിപ്പെടുത്തുന്നില്ല. എന്നാൽ, സിനിമയിലേക്ക് എത്തുമ്പോൾ അക്കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് മണിരത്നം ശ്രമിച്ചത്. നന്ദിനി വീരപാണ്ഡ്യന്റെ മകളാണെന്ന് അവകാശപ്പെടുന്നു. നന്ദിനി നദിയിൽ തന്റെ ജീവനൊടുക്കുന്നതായും സൂചനകളുണ്ട്. ഇവിടെ കൽക്കിയുടെ ഭാവനയ്ക്ക് അപ്പുറത്തേക്ക് മണിരത്നം സഞ്ചരിക്കുന്നു.
ആദിത്യ കരികാലന്റെ മരണം
ആദിത കരികാലനെ കൊന്നത് രവിദാസൻ, സോമൻ, പരമേശ്വരൻ എന്നീ മൂന്ന് പാണ്ഡ്യന്മാരാണെന്ന് ചരിത്രപരമായ തെളിവുകൾ സൂചിപ്പിക്കുന്നു. ആദിത്യ കരികാലന്റെ മരണം കൽക്കി കരുതലോടെയാണ് കൈകാര്യം ചെയ്തത്. കരികാലനെ കുത്തിയതാരാണെന്ന് നോവൽ വെളിപ്പെടുത്തുന്നില്ല, പല സംശയങ്ങളും നോവൽ അവശേഷിപ്പിക്കുന്നു. ചരിത്രത്തിൽ നിന്നും പല ഉത്തരങ്ങളും കണ്ടെത്താമെന്നിരിക്കെ എന്തുകൊണ്ടാണ് കൽക്കിക്ക് ഈ ഭാഗം അവ്യക്തമായി ചിത്രീകരിക്കേണ്ടി വന്നത് എന്ന് വ്യക്തമല്ല. എന്നാൽ, മണിരത്നത്തിന്റെ പൊന്നിയിൽ സെൽവനിൽ ആദിത്യ കരികാലൻ നന്ദിനിയുടെ കൈകളാൽ മരിക്കുകയാണ്. ഇവിടെ ചരിത്രപരമായ വസ്തുതകളോട് മണിരത്നം നീതി പുലർത്തുന്നില്ല, പകരം കാവ്യനീതി തിരഞ്ഞെടുക്കുകയാണ് ചെയ്തത്.

നോവലിലെ യഥാർത്ഥ മധുരാന്തകൻ
മണിരത്‌നത്തോട് പൊന്നിയിൻ സെൽവൻ വായനക്കാർക്ക് പ്രധാനമായും വിയോജിപ്പുള്ളത്, മധുരാന്തകൻ എന്ന വ്യക്തിത്വത്തെ മണിരത്നം കൈകാര്യം ചെയ്ത രീതിയിലാണ്. തഞ്ചൂർ കോട്ടയ്ക്ക് പുറത്തുള്ള പൂവിൽപ്പനക്കാരൻ ചോളരാജ്യത്തിന്റെ രാജാവാകുകയും ഉത്തമചോളൻ എന്ന പേര് സ്വീകരിക്കുകയും ചെയ്യുന്നതാണ് നോവലിന്റെ പ്ലോട്ട്. സെമ്പിയൻ മാദേവിയുടെ വളർത്തു പുത്രനാണ് മധുരാന്തകൻ. നന്ദിനിയും മധുരാന്തകനും ഊമൈ റാണിയിൽ ജനിച്ച ഇരട്ടകളാണെന്ന് കൽക്കി വെളിപ്പെടുത്തുന്നുണ്ട്. പരസ്പരം ഇഴ പിരിഞ്ഞുകിടക്കുന്ന ആ കഥയിങ്ങനെയാണ്: ചോള സാമ്രാജ്യത്തിലുടനീളം ശിവന് വേണ്ടി നിരവധി ക്ഷേത്രങ്ങൾ നിർമ്മിക്കാൻ ധാരാളം സംഭാവനകൾ നൽകിയ ഒരു ശൈവ ഭക്തയാണ് സെമ്പിയൻ മാദേവി. മകനെ ചക്രവർത്തി ആക്കാതിരിക്കാൻ അവൾ വളരെ കണിശമായി പ്രവർത്തിക്കുന്നു. അത് സെമ്പിയൻ മാദേവിയുടെ ഭർത്താവായ കണ്ടാടിത്തന്റെ മരണാസന്നമായ ആഗ്രഹമായിരുന്നു. ഗർഭിണിയായ മന്ദാകിനി ദേവി തഞ്ചൂരിൽ എത്തുമ്പോൾ സെമ്പിയൻ മാദേവിയും ഗർഭിണിയായിരുന്നു. മന്ദാകിനിയുടെ ഗർഭകാലത്ത് സെമ്പിയൻ മാദേവി പരിപാലിച്ചു. സെമ്പിയൻ മാദേവി ഒരു പുത്രനെ പ്രസവിച്ചപ്പോൾ മന്ദാകിനി ഇരട്ടകുട്ടികൾക്കാണ് ജന്മം നൽകിയത്. ഒരു ആൺകുട്ടിക്കും (മധുരാന്തകൻ) ഒരു പെൺകുട്ടിക്കും (നന്ദിനി). സെമ്പിയൻ മാദേവി തന്റെ മകനെ മന്ദാകിനിയുടെ മകനുമായി മാറ്റി. തനിക്കു ജനിച്ച മകനെ സംസ്‌കരിക്കാൻ ജോലിക്കാരിയായ വാണി അമ്മാളിനോട് ആവശ്യപ്പെട്ടു. നന്ദിനിയെ ആഴ്‌വാർക്കടിയന്റെ മാതാപിതാക്കൾക്ക് നൽകുകയും ചെയ്തു. സെമ്പിയൻ മാദേവിയുടെ മകനെ സംസ്കരിക്കാൻ കൊട്ടാരം വിട്ടിറങ്ങിയ വാണി അമ്മാൾ ആ കുഞ്ഞ് മരിച്ചിട്ടില്ലെന്ന് മനസ്സിലാക്കുകയും സ്വന്തം മകനായി വളർത്തുകയും ചെയ്തു. സെന്തൻ അമുദൻ എന്നു പേരു വിളിച്ചു. ഒരു പാണ്ഡ്യന് ചോളകിരീടം ലഭിക്കരുതെന്ന് സെമ്പിയൻ മാദേവി ആഗ്രഹിച്ചതിനാൽ മധുരാന്തകൻ രാജാവാകുന്നത് തടയാൻ സെമ്പിയൻ മഹാദേവി അവനെ ഒരു ശിവഭക്തനായി വളർത്തിയതാണെന്നും പറയപ്പെടുന്നു.

സിനിമയിലേക്ക് നോവലിലെ ഈ പ്ലോട്ട് കൊണ്ടുവന്നാൽ ആ ഉപകഥയുടെ ചുരുളഴിയാൻ ഏറെ സമയമെടുക്കും, മാത്രമല്ല ആശയക്കുഴപ്പവും കാഴ്ചക്കാരിൽ വന്നുചേരാം. ഇതൊഴിവാക്കാനാവും മണിരത്നം ആ പ്ലോട്ടിൽ തിരുത്തലുകൾ വരുത്തിയത്. നോവലിൽ ആവേശമുണർത്തുമെങ്കിലും കഥയുടെ അവസാനഭാഗത്ത് സിനിമയിൽ അത്തരമൊരു യു-ടേൺ എടുത്താൽ അതു കൃത്യമായി പ്രേക്ഷകരിലേക്ക് എത്തണമെന്നില്ലല്ലോ.
പൊന്നിയിൻ സെൽവൻ ഒരു സാങ്കൽപ്പിക സൃഷ്ടിയാണ്, ശിലാഫലകത്തിൽ ഒന്നും എഴുതപ്പെട്ടിട്ടുള്ളതല്ല അത്. പൂങ്കുഴലിയും പൊന്നിയിൻ സെൽവനും തമ്മിലുള്ള പ്രണയം ഉപേക്ഷിക്കപ്പെടുകയും ഉത്തമചോളനെ വിവാഹം കഴിച്ചതിന് ശേഷം അവൾ അവന്റെ അനിയത്തിയായി മാറുകയും ചെയ്യുന്നതുപോലെ, നോവൽ പരമ്പരയിൽ പോലും ചില പൊരുത്തക്കേടുകൾ കാണാം. അല്ലെങ്കിലും കഥകൾ ചൈനീസ് വിസ്പർ ഗെയിം പോലെയാണല്ലോ. കാലത്തിനനുസരിച്ച് അവ മാറുകയും പരിണമിക്കുകയും പലപ്പോഴും വളച്ചൊടിക്കപ്പെടുകയും ചെയ്യുന്നു. എന്നിരുന്നാലും, എന്തുതന്നെയായാലും ആ കഥകൾ പറഞ്ഞുകൊണ്ടേയിരിക്കുക എന്നതാണ് പ്രധാനം. എല്ലാ പോരായ്മകൾക്കിടയും ഏഴു പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു നോവൽ ഇത്രയധികം പരിശ്രമവും ബഡ്ജറ്റും ഉപയോഗിച്ച് പുനരാവിഷ്കരിക്കപ്പെട്ടു എന്നത് തന്നെ മനോഹരമായൊരു കാര്യമാണ്.