ബോളിവുഡ് താരം കങ്കണ രനോത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വകാര്യ ജീവിതത്തില്‍ താന്‍ കടന്നു വന്ന കനല്‍ വഴികളെക്കുറിച്ച് മാധ്യമങ്ങളോട് വാചാലയായികൊണ്ടിരിക്കുകയാണ്. ഹൃതിക് റോഷന്‍, ആദിത്യ പന്ചോളി എന്നീ നടന്മാര്‍ക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ഇക്കൂട്ടത്തില്‍ ഏറ്റവും ഗൌരവതരമായ ഒരാരോപണം കങ്കണ മഹാരാഷ്ട്രാ വനിതാ കമ്മിഷനെതിരെയും ഉയര്‍ത്തിയിരുന്നു. രജത് ശര്‍മയുടെ ആപ് കി അദാലത്ത് എന്ന ഷോയില്‍ കങ്കണ പറഞ്ഞതിങ്ങനെ.

‘എന്നോട് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിന്‍റെ ചിത്രങ്ങളും വീഡിയോയും ഞാന്‍ പരസ്യമാക്കും എന്ന് ഹൃതിക് എന്നെ ഭീഷണിപ്പെടുത്തി. അപ്പോള്‍ സംവിധായകന്‍ വിശാല്‍ ഭരദ്വാജ് എന്നോട് വനിതാ കമ്മിഷനെ ബന്ധപ്പെടാന്‍ ഉപദേശിച്ചു. അത് പ്രകാരം എന്‍റെ സഹോദരി രംഗോലി മുംബൈയിലെ വനിതാ കമ്മിഷന്‍ ഹെഡ് ആയ ഗുര്‍മീത് ചദ്ദയെ ഫോണില്‍ വിളിച്ചു. എന്‍റെ പ്രശങ്ങള്‍ കേട്ട ഗുര്‍മീത് വളരെ ഉത്സാഹടോടെ എന്നെ സഹായിക്കാം എന്നേറ്റു. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞ് ഗുര്‍മീത് എന്നെ വിളിച്ചു പറഞ്ഞു, രാകേഷ് റോഷന്‍ എന്‍റെ സുഹൃത്താണ്, ഞാന്‍ അവരുടെ ഓഫീസില്‍ ഇരിക്കുകയാണ് എന്ന്. ആ ദിവസം മുതല്‍ ഞാന്‍ വനിതാ കമ്മിഷനെ വെറുത്ത് തുടങ്ങി. അവര്‍ എല്ലാവരും ചതിയന്മാരാണ്.’

ഇതിനോട് വനിതാ കമ്മിഷന്‍ അധ്യക്ഷ വിജയ രഹത്കര്‍ ശക്തമായി പ്രതിഷേധിച്ചു. തന്‍റെ ട്വിറ്റെറില്‍ അവര്‍ ഇങ്ങനെ കുറിച്ചു.

 

‘വനിതാ കമ്മിഷനെതിരെ കങ്കണ ഉയര്‍ത്തിയ ആരോപണങ്ങള്‍ വളരെ ദുഖകരമാണ്. അവര്‍ ഒരിക്കല്‍ പോലും കമ്മിഷനെ സമീപിച്ചിട്ടില്ല എന്ന് മാത്രമല്ല ഗുര്‍മീത് ചദ്ദ കമ്മിഷനുമായി ഒരു തരത്തിലും ബന്ധമുള്ള ആളല്ല. പ്രശ്നത്തില്‍ പെട്ട സ്ത്രീകള്‍ക്ക് സഹായം എത്തിക്കുന്നതില്‍ കമ്മിഷന്‍ എല്ലാ വിധത്തിലും പ്രതിബദ്ധരാണ്. കങ്കണ ഞങ്ങളെ തെറ്റായി പ്രൊജക്റ്റ്‌ ചെയ്തത് തീര്‍ത്തും നിര്‍ഭാഗ്യകരം തന്നെ’

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ