നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതായി കഴിഞ്ഞദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. താരസംഘടനയായ അമ്മയിലെ മുതിര്‍ന്ന താരങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ദിലീപിനെ തിരിച്ചെടുത്തതെന്നാണ് ചോദ്യം. ഈ പശ്ചാത്തലത്തില്‍, വിമണ്‍ ഇന്‍ സിനിമാ കളക്‌ടീവ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ അമ്മയോട് ചോദ്യങ്ങള്‍ ചോദിക്കുകയാണ്.

ഡബ്ല്യൂസിസിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ അമ്മയുടെ ജനറല്‍ ബോഡി തീരുമാനിച്ചതായി വാര്‍ത്താ മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു. അത് ശരിയാണെങ്കില്‍

വിമണ്‍ ഇന്‍ സിനിമാ കളക്‌ടീവ് ചില കാര്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു.

1. അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്?

2. സംഘടനയിലേക്ക് ഇപ്പോള്‍ തിരിച്ചെടുക്കുവാന്‍ തീരുമാനിക്കുമ്പോള്‍ നേരത്തേ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്‌തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്?

3. ബലാല്‍സംഗം പോലുള്ള ഒരു കുറ്റകൃത്യത്തില്‍ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂര്‍ത്തിയാവുന്നതിനു മുമ്പ് നിങ്ങള്‍ തിരിച്ചെടുക്കുന്നത്. അതില്‍ നിങ്ങള്‍ക്ക് യാതൊരു അപാകതയും തോന്നുന്നില്ലേ?

4. അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലേ?

5. ഇപ്പോള്‍ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലേ നിങ്ങള്‍ ചെയ്യുന്നത്?

6. ഒരു ജനാധിപത്യ സംഘടന എന്ന നിലയില്‍ ഇപ്പോള്‍ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നല്‍കുക?

7. വിചാരണ ഘട്ടത്തിലുള്ള ഒരു കേസില്‍ ഉള്‍പ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങള്‍ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലേ?

നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങള്‍ അപലപിക്കുന്നു. #അവള്‍ക്കൊപ്പം.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്‌തതിനെ തുടര്‍ന്നായിരുന്നു താരസംഘടന നടനെ പുറത്താക്കിയത്. മൂന്നു മാസത്തെ ജയില്‍ വാസത്തിനു ശേഷം ദിലീപ് പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്‌തു.

കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലായിരുന്നു ദിലീപിനായി താരങ്ങളുടെ വാദം. 2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. കേസില്‍ കുറ്റാരോപിതനായ ദിലീപിനെ ജൂലൈയില്‍ പൊലീസ് അറസ്റ്റ് ചെയ്‌തു. അറസ്റ്റിനു പിന്നാലെ സംഘടനയിലെ മറ്റു ചില താരങ്ങളുടെ ആവശ്യപ്രകാരം അമ്മ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കി.

ഇന്നലെ നടന്ന യോഗത്തില്‍ വിമണ്‍ ഇന്‍ സിനിമാ കളക്‌ടീവിലെ അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തില്ലെന്നാണ് അറിയുന്നത്. മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, പാര്‍വ്വതി തുടങ്ങിയവരൊക്കെ യോഗത്തില്‍നിന്ന് വിട്ടുനിന്നുവെന്നാണ് വിവരം. ഇവര്‍ വിട്ടുനിന്നതിന്റെ കാരണം വ്യക്തമല്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ