മലയാള സിനിമയിലെ മൗലികമായ ഒരു കാല്‍വയ്‌പു തന്നെയായിരുന്നു വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. പ്രസ്ഥാനം ഒരു വര്‍ഷം പിന്നിടുമ്പോള്‍ ചില പുനര്‍വായനയ്ക്കു മുതിരുകയാണ് ഈ വനിതാ കൂട്ടായ്മ. വരുന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും നടത്തുന്ന ചലച്ചിത്രപ്രദര്‍ശനത്തോടേയും സംവാദത്തോടേയുമാണ് വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. പുനര്‍വായന എന്ന് പേരിട്ട ഈ ചലച്ചിത്ര സംവാദ പരിപാടി മെയ് 26 (കോഴിക്കോട്), 27 (കൊച്ചി), 28 (തിരുവനന്തപുരം) തീയതികളില്‍ നടക്കുമെന്ന് സംഘടന അറിയിച്ചു.

കേരളത്തിലെ വിവിധ സ്ത്രീ സംഘടനാപ്രതിനിധികള്‍, ചലച്ചിത്രപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍ സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ തൊഴില്‍ മേഖലകളില്‍ ശ്രദ്ധേയരായ നിരവധിപേര്‍ ഈ പരിപാടിയില്‍ പങ്കെടുക്കും. ‘പുനര്‍വായന’യുടെ ഔപചാരിക ഉദ്ഘാടനമാണ് മൂന്ന് നഗരങ്ങളിലായി നടത്തുന്ന ചലച്ചിത്രപ്രദര്‍ശനവും സംവാദവും. തുടര്‍ന്ന് ആദ്യ പരിപാടി ഓഗസ്റ്റില്‍ നടക്കും.

ലിംഗ സമത്വത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണ ഉറപ്പുവരുത്താന്‍ സാധിച്ചത് തങ്ങളുടെ പോയ വര്‍ഷത്തെ പ്രധാന നേട്ടമായി ഡബ്ല്യൂസിസി ഉയര്‍ത്തിക്കാട്ടുന്നു. പ്രശ്‌നങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ജസ്റ്റിസ് കെ.ഹേമയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ വൈകിയത്, മാധ്യമങ്ങളുടെ സഹായത്തോടെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടു വന്നിട്ടുള്ളതായും സംഘടന വ്യക്തമാക്കുന്നു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പിന്നാലെയാണ് സംഘടന രൂപം കൊണ്ടത്. ഈ സംഭവത്തില്‍ തങ്ങളുടെ സഹപ്രവര്‍ത്തകയെ നാണംകെടുത്തുകയും പുച്ഛിക്കുകയും ചെയ്തിരുന്ന നിരവധിപേര്‍ക്കെതിരെ ജനപിന്തുണയാര്‍ജ്ജിക്കാന്‍ കഴിഞ്ഞുവെന്നത് ‘അവള്‍ക്കൊപ്പം’ എന്ന പ്രചാരണ പരിപാടിയുടെ വലിയ വിജയത്തിന്റെ സൂചനയായി കണക്കാക്കുന്നുവെന്ന് ഡബ്ല്യൂസിസി വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

സിനിമയിലെ സ്ത്രീകളുടെ ആത്മാഭിമാനമുയര്‍ത്തിപ്പിടിക്കുന്ന, ലിംഗവിവേചനത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന, സംഘടനയായി നിലനില്‍ക്കുമ്പോള്‍തന്നെ, വരും നാളുകളില്‍ പൊതുസമൂഹത്തില്‍ ഇതിനായുള്ള അവബോധം വളര്‍ത്താനായി പ്രചാരണ പരിപാടികളും ശില്‍പശാലകളും മേളകളുമെല്ലാം സംഘടിപ്പിക്കാന്‍ മുന്‍കൈയെടുക്കുമെന്നും സിനിമയിലെ സ്ത്രീകളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ സര്‍ക്കാരുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്നും സ്ത്രീകള്‍ക്ക് തൊഴില്‍പരവും നിയമപരവുമായ ഉപദേശ നിർദേശങ്ങള്‍ നല്‍കുന്ന ‘അവളിട’ങ്ങള്‍ സൃഷ്ടിക്കുമെന്നും സ്ത്രീകളായ സിനിമാപ്രവര്‍ത്തകരുടെ ശക്തമായ ഒരു ശൃംഖലയുണ്ടാക്കി സ്ത്രീകളുടെ സൃഷ്ടികളെ പരമാവധി പ്രോത്സാഹിപ്പിക്കുമെന്നും ഡബ്ല്യൂസിസി അംഗങ്ങള്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ