മലയാളസിനിമയുടെ ആദ്യ അഭിനേത്രിയായ പി.കെ.റോസിയുടെ പേരിൽ വിമൺ ഇൻ സിനിമ കളക്ടീവ് ഒരു ഫിലിം സൊസൈറ്റി തുടങ്ങുന്നു. ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 1928 ൽ പുറത്തിറങ്ങിയ ‘വിഗതകുമാരൻ’ എന്ന നിശബ്ദ ചിത്രത്തിൽ അഭിനയിച്ചു എന്ന ഒരൊറ്റക്കാരണത്താൽ വേട്ടയാടപ്പെടുകയും സാമൂഹികമായ ഭ്രഷ്ട് കൽപിച്ച് നാടുകടത്തപ്പെടുകയും ചെയ്ത ദലിത് സ്ത്രീയാണ് പി. കെ. റോസി.

പി.കെ റോസിയുടെ പേരിൽ ഒരു ഫിലിം സൊസൈറ്റി ആരംഭിക്കുക എന്നതിലൂടെ കൊണ്ടാടപ്പെടുന്ന സിനിമാ ചരിത്രത്തിൽ നിന്ന് ലിംഗ, ജാതി, മത, വംശ, സ്ഥല, വർണ സ്വത്വങ്ങളാൽ മാറ്റി നിർത്തപ്പെട്ടവരോടൊപ്പം നിൽക്കാനും അതിനെ കുറിച്ചു സംസാരിച്ച് തുടങ്ങാനുമുള്ള ഒരെളിയ ശ്രമമാണ് ഉദ്ദേശിക്കുന്നതെന്ന് വിമൺ ഇൻ സിനിമ കളക്ടീവ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡിസൈനറായ സോയ റിയാസ് ആണ് ഫിലിം സൊസൈറ്റിയുടെ ലോഗോ രൂപകല്പന ചെയ്തിരിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിനൊപ്പം ലോഗോയും പങ്കുവച്ചിട്ടുണ്ട്.

Read More: WCC Press Meet: പിണക്കാനോ പിളർത്താനോ അല്ല, നേർവഴി കാട്ടാൻ

മിക്കപ്പോഴും ആണിടങ്ങളാവാറുള്ള ഇത്തരത്തിലുള്ള വ്യൂവിങ് സ്പെയ്സുകൾക്കിടയിൽ ഒരിടം സൃഷ്ടിക്കാനുള്ള ഞങ്ങളുടെ ശ്രമമാണ് പി.കെ.റോസി ഫിലിം സൊസൈറ്റി. സ്ത്രീകളായിട്ടുള്ള സംവിധായകരേയും ചലച്ചിത്രപ്രവർത്തകരെയും സ്ത്രീപക്ഷ ചലച്ചിത്ര സൗന്ദര്യശാസ്ത്രത്തെയും പ്രദർശിപ്പിക്കുകയും ചർച്ച ചെയ്യുകയും ആഘോഷിക്കുകയുമാണ് പൂർണ്ണമായും സ്ത്രീ/ട്രാൻസ്-സ്ത്രീകളാൽ നയിക്കപ്പെടുന്ന ഈ സൊസൈറ്റിയുടെ ലക്ഷ്യം.

ഇതൊരു ജനാധിപത്യപരമായ ഇടമായിരിക്കുകയും ഇതിന് സമകാലീന ചലച്ചിത്ര കലാവിജ്ഞാനീയത്തിലേക്കും, അത് സംബന്ധിച്ച ചർച്ചകളിലേക്കും, സംഭാവനകൾ നൽകാൻ സാധിക്കുകയും ചെയ്യുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും വിമൺ ഇൻ സിനിമ കളക്ടീവ് പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook