എ എം എം എ എന്ന താരസംഘടനയുടെ നിഷേധാത്മക സമീപനത്തിൽ പ്രതിഷേധം വീണ്ടും ശക്തമാക്കി നടിമാർ. യുവ നടിക്കെതിരെ നടത്തിയ ക്വട്ടേഷൻ ലൈംഗികാതിക്രമത്തെ തുടർന്ന് കേരളത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ഈ കേസിൽ നടൻ ദിലീപ് അറസ്റ്റിലാകുകയും ചെയ്തിരുന്നു. ദിലീപിനെ താരസംഘടനയിൽ നിന്നും പുറത്താക്കുകയും തിരിച്ചെടുക്കുകയും ചെയ്തത് വിവാദത്തിന് വീണ്ടും തിരികൊളുത്തി. ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചും തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നീതിയും സുരക്ഷയും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട്  ഡബ്ലിയു സിസി അംഗങ്ങളമായ മൂന്ന് നടിമാരും ആക്രമിക്കപ്പെട്ട നടിയും താരസംഘടനയിൽ നിന്നും രാജിവച്ചു.

ഇതിന് ശേഷം ഡബ്ലിയു സി സി അംഗങ്ങളും  താരസംഘടനയിലെ അംഗങ്ങളുമായ രേവതി, പത്മപ്രിയ, പാർവതി എന്നവർ താരസംഘടനയ്ക്ക് നടിമാരുടെ ആവശ്യങ്ങളുന്നയിച്ച് നിവേദനം നൽകി. സ്ത്രീ സുരക്ഷ ഉൾപ്പടെയുളള കാര്യങ്ങൾ ഉന്നയിച്ചായിരുന്നു ഇവർ നിവേദനം നൽകിയത്. എന്നാൽ ഇതിനോടും മുഖം തിരിഞ്ഞു നിൽക്കുകയാണ് താരസംഘടന ചെയ്തത്. നിലവിൽ ബോളിവുഡ് ഉൾപ്പടെ വിശാഖ കേസിലെ മാർഗനിർദേശങ്ങൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ദേശീയ തലത്തിൽ​ മീടൂ ക്യാംപെയിൻ ശക്തമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ഡബ്ലിയു സി സി തങ്ങളുടെ നിലപാട് ശക്തമാക്കുന്നത്.

ഇന്നു വൈകുന്നേരും നാല് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. എറണാകുളം പ്രസ്സ്‌ക്ലബ്ബില്‍ വച്ചായിരിക്കും ഡബ്ല്യൂസിസിയുടെ വാര്‍ത്താ സമ്മേളനം. സംഘടനയിലെ അംഗങ്ങള്‍ എല്ലാവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സജിതാ മഠത്തില്‍ അറിയിച്ചു.

‘നടി ആക്രമിക്കപ്പെട്ട സമയം മുതല്‍ ഞങ്ങള്‍ താരസംഘടനയ്ക്കു മുന്നില്‍ ആവശ്യപ്പെട്ട കാര്യങ്ങളെക്കുറിച്ചു തന്നെയാണ് സംസാരിക്കുന്നത്. അതിനു ശേഷം പല മീറ്റിങുകള്‍ കഴിഞ്ഞെങ്കിലും കൃത്യമായൊരു തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോള്‍ സിനിമാ മേഖലയില്‍ ചര്‍ച്ചയാകുന്ന മീ ടൂ ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളും സംസാരിക്കും,’ സജിതാ മഠത്തില്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ ആറിന് ഡബ്ല്യൂസിസി അംഗങ്ങള്‍ കൂടിയായ രേവതി, പാര്‍വ്വതി, പത്മപ്രിയ എന്നിവര്‍ താരംസഘടനയായ എഎംഎംഎയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദിലീപിനെ പുറത്താക്കുന്ന വിഷയം ഉള്‍പ്പെടെ തങ്ങള്‍ സംഘടനയില്‍ വച്ച നിര്‍ദ്ദേശങ്ങള്‍ക്ക് ഉടന്‍ മറുപടി വേണെമെന്നാവശ്യപ്പെട്ടുകൊണ്ട് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച. അന്തിമ തീരുമാനം ഉടന്‍ അറിയിക്കണമെന്നും നടിമാര്‍ ആവശ്യപ്പെട്ടിരുന്നു.

ദിലീപ് വിഷയം കൂടാതെ സംഘടനിയില്‍ വനിതാ സെല്‍ രൂപീകരിക്കുക, തുല്യ വേതനം ഉറപ്പുവരുത്തുക, ഷൂട്ടിങ് സെറ്റുകളില്‍ സ്ത്രീകള്‍ക്ക് ടോയ്‌ലറ്റ് സംവിധാനങ്ങള്‍ ഒരുക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ നടിമാര്‍ മുന്നോട്ടു വച്ചിരുന്നു.

അതേസമയം ഈ വിഷയത്തില്‍ താരസംഘടനയുടെ നിലപാടില്‍ പ്രതിഷേധിച്ച് കൂടുതല്‍ നടിമാര്‍ സംഘടനയില്‍ നിന്നും രാജിവച്ചേക്കും എന്ന് ന്യൂസ് 18 ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ പുറത്താക്കിയ നടന്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ താരസംഘടന നടത്തിയ ശ്രമങ്ങളില്‍ പ്രതിഷേധിച്ച് അതിക്രമത്തിന് ഇരയായ നടി ഉള്‍പ്പെടെ നാലുപേര്‍ സംഘടനയില്‍ നിന്നും രാജിവച്ചിരുന്നു. റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് രാജിവച്ചത്. എന്നാല്‍ സംഘടനയില്‍ തുടര്‍ന്നുകൊണ്ട് തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനാണ് രേവതി, പാര്‍വ്വതി, പത്മപ്രിയ എന്നിവര്‍ തീരുമാനിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook