വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്കായിരുന്നു തുടക്കം മുതലേ ദീപിക പദുക്കോണിന്റെ സ്വപ്‌ന ചിത്രം പത്മാവതിയുടെ യാത്ര. റിലീസ് തിയതി മാറ്റുന്നു, സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിക്കാത്ത പ്രശ്‌നങ്ങള്‍, സംഘപരിവാര്‍ സംഘടനകളുടെ ഭീഷണി. സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെയും ദീപികയുടെയും തലവെട്ടുമെന്നു വരെ ഭീഷണികള്‍. തീര്‍ച്ചയായും മടുക്കും ആര്‍ക്കായാലും. അതാണ് ദീപികയെ എല്ലാം ഇട്ടെറിഞ്ഞ് കുറച്ചു സമയം പ്രിയപ്പെട്ട കൂട്ടുകാരുടെ അടുത്തെത്തിച്ചത്.
പുതിയ ഇന്‍സ്റ്റഗ്രാം ചിത്രം പറയുന്നതും അതുതന്നെയാണ്. തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ദിവ്യാ നാരായണിനും സ്‌നേഹ രാമചന്ദറിനുമൊപ്പമുളള ‘ഷോര്‍ട്ട് ബ്രേക്ക്’ ആണിത്. എല്ലാ തിരക്കുകള്‍ക്കും വിവാദങ്ങള്‍ക്കുമിടയില്‍ ദീപികയ്ക്ക് ആകെ വേണ്ടിയിരുന്നതും കുറച്ച് സ്വകാര്യ നിമിഷങ്ങളായിരുന്നുവെന്നാണ് ചിത്രങ്ങള്‍ പറയാതെ പറയുന്നത്.
രജപുത്ര രാജ്ഞി റാണി പത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് പത്മാവതി. റാണി പത്മിനിയോട് ഖില്‍ജി രാജവംശത്തിലെ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ദീപികയാണ് റാണി പത്മിനിയായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. രണ്‍വീര്‍ സിങ്ങാണ് അലാവുദ്ദീന്‍ ഖില്‍ജി. റാണി പത്മിനിയുടെ ഭര്‍ത്താവ് രത്തന്‍ സിങ്ങിന്റെ വേഷത്തില്‍ ഷാഹിദ് കപൂര്‍ എത്തും.