എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ‘ബാഹുബലി’ എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമാ പ്രേമികളുടെ തന്നെ ഡാർലിങ് ആയി മാറിയ നടനാണ് പ്രഭാസ്. ദക്ഷിണേന്ത്യയിൽ മാത്രമല്ല, ബോളിവുഡിലുമുണ്ട് പ്രഭാസിന് നിരവധി ആരാധകർ.

‘സാഹോ’യുടെ ട്രെയിലർ ലോഞ്ചിൽ പ്രഭാസിനോട് ബോളിവുഡ് ആരാധർക്കായി ഹിന്ദിയിൽ എന്തെങ്കിലും പറയാൻ ആവശ്യപ്പെട്ടു. തുടക്കത്തിൽ ചോദ്യം ഒഴിവാക്കിയെങ്കിലും പിന്നീട്, വളരെ രസകരമായിരുന്നു പ്രഭാസിന്റെ പ്രതികരണം. “ജയ് ഹിന്ദ്,” അദ്ദേഹം പറഞ്ഞു.

Read More: അനുഷ്‌ക ഷെട്ടിക്കായി ‘സാഹോ’യുടെ പ്രത്യേക പ്രദര്‍ശനമൊരുക്കാന്‍ പ്രഭാസ്?

ആമിർ ഖാന്റെ സീക്രട്ട് സൂപ്പർസ്റ്റാർ, സൽമാൻ ഖാന്റെ ടൈഗർ സിന്ദാ ഹേ, ഷാരൂഖ് ഖാന്റെ റെയ്സ് എന്നീ ചിത്രങ്ങളെ തോൽപ്പിച്ച് 2017 ൽ പുറത്തിറങ്ങിയ ബാഹുബലി 2: ദി കൺക്ലൂഷൻ ഇന്ത്യയിലെ ബോക്സോഫീസ് അടക്കിവാണു.

രണ്ട് വർഷത്തിന് ശേഷം പ്രഭാസ്, സുജീത്തിന്റെ ആക്ഷൻ ത്രില്ലർ സാഹോയിലൂടെ ബിഗ് സ്‌ക്രീനിലേക്ക് എത്തുകയാണ്. സാഹോയുടെ ട്രെയിലർ ലോഞ്ചിൽ, “ഖാൻമാർക്ക് കടുത്ത മത്സരം നൽകാൻ” ഉള്ള തയ്യാറെടുപ്പിലാണോ എന്നായിരുന്നു ഒരു റിപ്പോർട്ടർ താരത്തോട് ചോദിച്ചത്.

ഈ ചോദ്യത്തിന് പ്രഭാസിന് ഒരു കിടിലൻ മറുപടി ഉണ്ടായിരുന്നു. “നന്ദി മാഡം. എനിക്ക് പോകാമോ?” എല്ലാവരേയും പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

Read More: സാഹോ കഴിഞ്ഞാൽ പ്രഭാസിന് മാംഗല്യം, വധു വ്യവസായിയുടെ മകൾ?

തന്റെ ജീവിതത്തിന്റെ രണ്ടുവർഷം സാഹോയ്ക്ക് നൽകാൻ താൻ ആഗ്രഹിച്ചിരുന്നില്ലെന്നും, എന്നാൽ ആക്ഷൻ സീക്വൻസുകൾ സമയം ആവശ്യപ്പെട്ടതായും ചടങ്ങിൽ പ്രഭാസ് വെളിപ്പെടുത്തി. “യഥാർത്ഥത്തിൽ, ഈ ചിത്രത്തിന് രണ്ട് വർഷം നൽകാൻ ഞാൻ ആഗ്രഹിച്ചില്ല, കാരണം ഞാൻ ഇതിനകം ബാഹുബലിക്ക് നാല് വർഷം നൽകി,” അദ്ദേഹം പറഞ്ഞു.

“എന്നാൽ ആക്ഷൻ സീക്വൻസുകൾക്കായി, ഞങ്ങൾക്ക് വളരെയധികം തയ്യാറെടുപ്പുകൾ ആവശ്യമായിരുന്നു. അബുദാബിയിലെ ചേസ് പോലുള്ള ചില ആക്ഷൻ രംഗങ്ങൾക്കായി ഞങ്ങൾ ഒരു വർഷത്തോളം കഷ്ടപ്പെട്ടു. ധാരാളം തയ്യാറെടുപ്പുകളും റിഹേഴ്സലുകളും ആവശ്യമായിരുന്നു. എനിക്ക് സംവിധായകനെയും, സിനിമയ്ക്കായി പണം മുടക്കിയ നിർമ്മാതാക്കളേയും പിന്തുണയ്‌ക്കേണ്ടതുണ്ട്,”അദ്ദേഹം കൂട്ടിച്ചേർത്തു.

അബുദാബിയിലെ ആക്ഷൻ സീക്വൻസുകളുടെ ചിത്രീകരണത്തിന് മാത്രമായി സാഹോയുടെ നിർമ്മാതാക്കൾ 90 കോടി രൂപ ചെലവഴിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഹോളിവുഡ് സ്റ്റണ്ട് കൊറിയോഗ്രാഫർ കെന്നി ബേറ്റ്സ് ആണ് സാഹോയ്ക്കായി ആക്ഷൻ ഒരുക്കിയിരിക്കുന്നത്.

സാഹോ തുടക്കത്തിൽ ഓഗസ്റ്റ് 15 ന് റിലീസ് ചെയ്യാനിരുന്നെങ്കിലും ഗുണനിലവാരമുള്ള ഒരു സിനിമ നിർമ്മിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും തൃപ്തികരമായ ഫലം നേടാൻ കുറച്ച് സമയം കൂടി വേണമെന്നും നിർമ്മാതാക്കൾ വ്യക്തമാക്കുകയായിരുന്നു. ആഗസ്ത് 15 ന് അക്ഷയ് കുമാറിന്റെ മംഗൾയാൻ റിലീസ് ചെയ്യുന്നതാണ് കാലതാമസത്തിന് കാരണമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

സുജീത് സംവിധാനം ചെയ്ത സാഹോ ഒരു സ്പൈ ത്രില്ലറാണ്, ശ്രദ്ധ കപൂർ, നീൽ നിതിൻ മുകേഷ്, ജാക്കി ഷ്രോഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വമ്പൻ ബഡ്ജറ്റിലാണ് ചിത്രം നിർമ്മിക്കുന്നത്. ടോളിവുഡിലെ അടുത്ത വലിയ പ്രോജക്ടാണിത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook