ബെംഗളൂരു: എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന രൗദ്രം രണം രുധിരം (ആർആർആർ) എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദം തുടരുന്നു. ചിത്രത്തിന്റെ ടീസറിലം ജൂനിയർ എൻടിആറിൻറെ വേഷവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് രംഗത്തെത്തി. ടീസറിൽ എൻടിആർ അവതരിപ്പിക്കുന്ന കഥാപാത്രമായ കൊമാരാം ഭീം പരമ്പരാഗത മുസ്ലീം വേഷത്തിലെത്തിയതിനെതിരെയാണ് ബിജെപി നേതാക്കൾ രംഗത്തെത്തിയത്.
കൊമാരാം ഭീം എന്ന കഥാപാത്രം സിനിമയുടെ അന്തിമ പതിപ്പിലും ഈ വേഷം ധരിച്ച് സ്ക്രീനിലെത്തിയാൽ ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ തീയിടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റും കരിംനഗർ എംപിയുമായ ബന്ദി സഞ്ജയ് കുമാർ പറഞ്ഞു. സംവിധായകൻ എസ് എസ് രാജമൗലിയെ അക്രമിക്കുമെന്നും ബിജെപി നേതാവ് ഭീഷണിപ്പെടുത്തി.
Read More: ‘ബിജെപി പത്ത് കോടി നൽകി’; മുൻ കോൺഗ്രസ് എംഎൽഎയുടെ വീഡിയോ പുറത്ത്
ചരിത്രപരമായ വസ്തുതകൾ രാജമൗലി വളച്ചൊടിക്കുകയാണെന്നും ബിജെപി നേതാവം ആരോപിച്ചു. “സെൻസേഷേനുവേണ്ടി, രാജമൗലി കൊമാരാം ഭീമിന്റെ തലയിൽ ഒരു തൊപ്പി വച്ചാൽ ഞങ്ങൾ മിണ്ടാതിരിക്കുമോ? ഒരിക്കലുമില്ല,” ബിജെപി നേതാവ് അടുത്തിടെ ഒരു പൊതുയോഗത്തിൽ പറഞ്ഞു.
രാജമൗലിയെ ശാരീരികമായി ആക്രമിക്കുമെന്നും ബിജെപി നേതാവ് ഭീഷണിപ്പെടുത്തി. “കൊമാരാം ഭീമിനെ വളച്ചൊടിച്ച്, ആദിവാസികളുടെ അവകാശങ്ങൾക്ക് തുരങ്കംവെച്ചുകൊണ്ടും ആദിവാസികളുടെ വികാരത്തെ ദുർബലപ്പെടുത്തിക്കൊണ്ടും നിങ്ങൾ ഒരു സിനിമ ചെയ്യാൻ പോകുകയാണെങ്കിൽ, ഞങ്ങൾ നിങ്ങളെ വടികൊണ്ട് അടിക്കും. നിങ്ങൾ ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ സിനിമ കാണിക്കുന്ന എല്ലാ തീയറ്ററുകളിലും ഞങ്ങൾ തീയിടും,” ബന്ദി സഞ്ജയ് കുമാർ പറഞ്ഞു.
Read More: ബിജെപി റാലിയിൽ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചോദിച്ച് സിന്ധ്യ; പരിഹസിച്ച് കോൺഗ്രസ്
ആർആർആറിന്റെ നിർമ്മാതാക്കൾ അടുത്തിടെയാണ് ജൂനിയർ എൻടിആറിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ടീസർ പുറത്തിറക്കിയത്. ജൂനിയർ എൻടിആറിന്റെ കൊമാരാം ഭീം കഥാപാത്രം ടീസറിന്റെ അവസാനത്തിൽ തൊപ്പിയും വെള്ള കുർത്തയും അടക്കമുള്ള വേഷത്തിൽ നടന്നു വരുന്ന ദൃശ്യമുണ്ട്. ഇത് വലതുപക്ഷ സംഘടനകൾക്കിടയിൽ പ്രകോപനം സൃഷ്ടിച്ചിരുന്നു.
അല്ലൂരി സീതാരാമ രാജു, കൊമാരാം ഭീം എന്നീ ഗോത്ര നേതാക്കളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചിത്രമെന്നും എന്നാൽ ഇത് അവരുടെ ജീവിത കഥ ആയിരിക്കില്ലെന്നും ആർആർആർ പ്രഖ്യാപിച്ചപ്പോൾ രാജമൗലി പറഞ്ഞിരുന്നു.
“നമുക്കറിയാവുന്ന അവരുടെ കഥകളിൽ ചുറ്റിത്തിരിയുന്നതല്ല എന്റെ. എന്നാൽ, അവർ സ്വയം അടിച്ചേൽപ്പിക്കപ്പെട്ട പുറത്താക്കൽ കാലത്ത് കണ്ടുമുട്ടി സുഹൃത്തുക്കളായിരുന്നെങ്കിൽ എന്തുസംഭവിക്കുമെന്നതിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കും,”രാജമൗലി നേരത്തെ പറഞ്ഞിരുന്നു. അതേസമയം ചിത്രവവുമായി ബന്ധപ്പെട്ട വിവാദത്തോട് ആർആർആറിന്റെ നിർമ്മാതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.