പ്രിയദര്‍ശന്‍–മോഹന്‍ലാല്‍ ടീമിന്‍റെ ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്‍റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധക ലോകം. ‘പൂച്ചയ്ക്കൊരു മൂക്കുത്തി’ എന്ന ചിത്രം മുതലുള്ള ഇരുവരുടേയും കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്.
‘ബോയിങ് ബോയിങ്,’ താളവട്ടം,’ ‘ചെപ്പ്,’ ‘വെള്ളാനകളുടെ നാട്,’ ‘മുകുന്ദേട്ടാ, സുമിത്ര വിളിക്കുന്നു,’ ‘ആര്യന്‍,’ ‘ചിത്രം,’ ‘വന്ദനം,’ എന്ന് തുടങ്ങി ‘ഒപ്പം’ വരെ എത്തിനില്‍ക്കുന്ന മലയാള സിനിമ’ കണ്ട ഏറ്റവും വലിയ വിജയ ഫോര്‍മുല എന്ന് വിശേഷിപ്പിക്കാവുന്ന ലാല്‍-പ്രിയന്‍ കോമ്പിനേഷന്‍. ഇരുവരും ഒന്നിക്കുന്ന ഏറ്റവും പുതിയതും ഒരുപക്ഷേ ഏറ്റവും വലിയതുമായ ചിത്രമായ ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം’ മാര്‍ച്ച് 26ന് റിലീസ് ചെയ്യാനിരിക്കേ, ഈ ചിത്രത്തോടെ ഈ കൂട്ടുകെട്ടിന് വിരാമമാവുകയാണെന്ന വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ചു നാളുകളായി പുറത്തു വരുന്നത്. മോഹന്‍ലാല്‍ ‘ബറോസ്‘ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് കടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.
ഇപ്പോള്‍ ഈ വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് നാല്‍പതു വര്‍ഷത്തോളം സിനിമയിലെ സഹപ്രവര്‍ത്തകരും അതിലുപരി ആത്മാര്‍ത്ഥ സുഹൃത്തുക്കളുമായ പ്രിയദര്‍ശനും മോഹന്‍ലാലും.
“കേട്ടത് സത്യമല്ല. ‘മരയ്ക്കാര്‍’ വിജയമാവുകയാണെങ്കില്‍ ഞങ്ങള്‍ ഒരുമിച്ചു ഇതിലും വലിയ ചിത്രങ്ങള്‍ ഒരുക്കാന്‍ അത് പ്രേരകമാവും എന്നാണു ഞാന്‍ കരുതുന്നത്,” ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞു.
തങ്ങളുടെ കൂട്ടുകെട്ടിലെ ഏറ്റവും മികച്ച ചിത്രം ഇനി വരാനിരിക്കുന്നതേയുള്ളൂവെന്ന് മോഹന്‍ലാലും പ്രതികരിച്ചു.
സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’. മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ സാര്‍ജ, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മധു എന്നിവരും അഭിനയിക്കുന്നുണ്ട്.
പ്രണവ് മോഹന്‍ലാലും പ്രിയദര്‍ശന്റെയും ലിസിയുടേയും മകള്‍ കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ കാമിയോ വേഷങ്ങളില്‍ ഉണ്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ട്. സിനിമയുടെ 75 ശതമാനം ഭാഗങ്ങളും റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിച്ചത്. ഊട്ടി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകള്‍.

ആന്റണി പെരുമ്പാവൂരും സി.ജെ.റോയും സന്തോഷ് കുരുവിളയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാണം. ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് മുൻപ് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു.
“തീരദേശവും കടലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചിത്രത്തിൽ വരുന്നതുകൊണ്ട് പോസ്റ്റ് പ്രൊഡക്ഷൻ കാര്യങ്ങൾ വിദേശത്തായിരിക്കും നടക്കുക. മ്യൂസിക്, ബാക്ക് ഗ്രൗണ്ട് സ്കോർ പോലുള്ള കാര്യങ്ങളും മികവേറിയ രീതിയിൽ ഒരുക്കാനാണ് പ്ലാൻ. അതുകൊണ്ടു തന്നെ ബജറ്റിനെ കുറിച്ച് ഞങ്ങളിപ്പോൾ ചിന്തിക്കുന്നില്ല”, എന്നാണ് മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടറായ പ്രിയദർശൻ ചിത്രത്തെ കുറിച്ച് പ്രതികരിച്ചത്.
ചിത്രത്തിന്റെ ഛായാഗ്രഹണം തിരുവും കലാസംവിധാനം സാബു സിറിലും നിർവ്വഹിക്കുന്നു. സംഗീതം റോണി റാഫേല്‍.
Read Here: Manju Warrier as Zubaida in MARAKKAR Arabikadalinte Simham: മരയ്ക്കാറിലെ സുബൈദയായി മഞ്ജു വാര്യര്‍