പ്രേക്ഷകര്‍ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയന്‍’. ഒക്ടോബര്‍ 11ന് തിയേറ്ററുകളില്‍ എത്താന്‍ തയ്യാറെടുക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലര്‍ ഓഗസ്റ്റ്‌ 15ന് റിലീസ് ചെയ്യും. ഒരു മിനിറ്റും 42 സെക്കന്റുമാണ് ട്രെയിലറിന്റെ ദൈര്‍ഘ്യം എന്നാണ് അറിയാന്‍ കഴിയുന്നത്‌. നിവിന്‍ പോളിയും മോഹന്‍ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റോഷന്‍ ആൻഡ്രൂസ് ചിത്രം ‘കായംകുളം കൊച്ചുണ്ണി’ക്കൊപ്പം ഈ ഓണക്കാലത്ത് തിയേറ്ററുകളിലും ‘ഒടിയന്‍’ ട്രെയിലർ പ്രദര്‍ശിപ്പിക്കും.

Will Mammootty release Mohanlal's Odiyan Trailer 1

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ‘ഒടിയ’ന്റെ ട്രെയിലര്‍ റിലീസ് ചെയ്യുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ മമ്മൂട്ടി ട്രെയിലര്‍ റിലീസ് ചെയ്യും എന്ന വാര്‍ത്ത തെറ്റാണ് എന്ന് അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചതായി മോഹന്‍ലാല്‍ ഫാന്‍സ്‌ ക്ലബ്‌ എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ അവകാശപ്പെടുന്നു. ചിത്രത്തിന്റെ ടീസര്‍ ഉടന്‍ എത്തും എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.   ഇതിനെക്കുറിച്ച് മോഹന്‍ലാലിന്‍റെ ഭാഗത്ത്‌ നിന്നോ, ‘ഒടിയ’ന്റെ അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത്‌ നിന്നോ മമ്മൂട്ടിയുടെ ഭാഗത്ത്‌ നിന്നോ ഔദ്യോഗികമായി അറിയിപ്പൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

Will Mammootty release Mohanlal's Odiyan Trailer 2

ആരാധകരുടെ ആവേശം വാനോളം ഉയര്‍ത്തിയാണ് ‘ഒടിയന്‍’ റിലീസിന് തയ്യാറെടുക്കുന്നത്. റിലീസിന് മൂന്ന് മാസം മുന്‍പ് തന്നെ മുക്കം പീ സീ ടാക്കീസ് എന്ന തിയേറ്ററില്‍ ‘ഒടിയന്‍’ പൂര്‍ണ്ണമായും ബുക്ക്‌ ചെയ്യപ്പെട്ടു കഴിഞ്ഞു എന്നും സോഷ്യല്‍ മീഡിയ സിനിമാ വൃത്തങ്ങള്‍ അവകാശപ്പെടുന്നു.

Will Mammootty release Mohanlal's Odiyan Trailer 3

മുന്‍പൊരു അവസരത്തില്‍ മോഹന്‍ലാല്‍ ഫാന്‍സിന്റെ ആവശ്യപ്രകാരം മമ്മൂട്ടി ‘ഒടിയന്‍’ ഫീച്ചര്‍ ചെയ്യപ്പെട്ട ഒരു കലണ്ടര്‍ റിലീസ് ചെയ്തിരുന്നു. ‘ആക്ടര്‍ പാര്‍ എക്സലന്‍സ്’ എന്നാണ് അന്ന് മോഹന്‍ലാല്‍ ആരാധകര്‍ മമ്മൂട്ടിയെ വിശേഷിപ്പിച്ചത്.

പരസ്യ ചിത്ര സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ ആദ്യമായി ഒരുക്കുന്ന ചലച്ചിത്രത്തില്‍ ഒടിയന്‍ മാണിക്യനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘പുലിമുരുകന്‍’ എന്ന ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത്. എം.ജയചന്ദ്രനാണ് സംഗീത സംവിധായകന്‍. റഫീഖ് അഹമ്മദിന്റേതാണ് ഗാനരചന.   ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്.

Read More: ‘പുലിമുരുക’നല്ല, ‘ഒടിയ’നാണ് കരിയറിലെ ഏറ്റവും മികച്ച ചിത്രമെന്ന് പീറ്റര്‍ ഹെയ്ന്‍

മലയാള സിനിമയില്‍ ഇതു വരെ നിര്‍മ്മിച്ച സിനിമകളെ പിന്നിലാക്കി, ഏറ്റവുമധികം ബജറ്റില്‍ നിര്‍മ്മിക്കപ്പെടുന്ന സിനിമ ‘ഒടിയ’നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, നരേന്‍, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

പാലക്കാട്, തസറാക്ക്, ഉദുമല്‍പേട്ട്, പൊള്ളാച്ചി, ബനാറസ്, ഹൈദരാബാദ് എന്നിവിടങ്ങളാണ് ‘ഒടിയന്റെ’ പ്രധാന ലൊക്കേഷനുകള്‍. ഒരു നാടോടിക്കഥയുടെ സ്വപ്നഭംഗിയോടെ മിത്തും പ്രണയവും പ്രതികാരവും ഇഴചേരുന്ന ‘ഒടിയന്‍’ ഒരു പാലക്കാടന്‍ ഗ്രാമത്തിന്റെ അരനൂറ്റാണ്ടു കാലത്തെ കഥയാണ് പറയുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന പെരുമയും കൊണ്ട് ഉരുവാകുന്ന ‘ഒടിയ’ന്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് അഭിമാനത്തിന് വക നല്‍കും എന്നതില്‍ സംശയമില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ