ഗായകൻ മിഖാ സിങ്ങിന് ഏർപ്പെടുത്തിയ വിലക്കിൽ ഉറച്ച് ബോളിവുഡിലെ ഫിലിം സംഘടനകൾ രംഗത്ത്. പാക്കിസ്ഥാനിലെ ഒരു പരിപാടിയിൽ പാടിയതിനാണ് ഗായകൻ മിഖാ സിങ്ങിന് ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷനും (എ ഐ സി ഡബ്ല്യു എ), ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസും (FWICE) വിലക്ക് ഏർപ്പെടുത്തിയത്. മിഖാ സിങ്ങിനൊപ്പം ആരെങ്കിലും പ്രവർത്തിക്കാൻ തയ്യാറായാൽ അവരെയും വിലക്കുമെന്ന് സംഘടനകൾ നയം വ്യക്തമാക്കിയിരുന്നു. മുൻ പാകിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫിന്റെ അടുത്ത ബന്ധു പാകിസ്ഥാനിലെ കറാച്ചിയിൽ സംഘടിപ്പിച്ച പരിപാടിയിൽ പാടിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.

മിഖാ സിങ്ങിനൊപ്പം പ്രവർത്തിച്ചാൽ സൽമാൻ ഖാനും വിലക്ക് ഏർപ്പെടുത്തും എന്ന നിലപാടാണ് ഇപ്പോൾ സംഘടനകൾ സ്വീകരിച്ചിരിക്കുന്നത്. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന സൽമാൻ ഖാന്റെ ആറോളം യു എസ് പ്രോഗ്രാമുകളിൽ പാടാൻ മിഖാ സിങ്ങ് കരാർ ഏർപ്പെട്ടിരുന്നു. ആ സാഹചര്യത്തിലാണ് ഇത്തരമൊരു നിലപാടുമായി സിനിമാ സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്. യു എസ് പ്രോഗ്രാമിനായി ആഗസ്ത് 28 ഓടെ മിഖാ സിംഗ് ഹ്യൂസ്റ്റണിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. സൽമാൻ ഖാനുമായി മിഖാ സിങ്ങിന്റെ ഒരു അപ് ക്ലോസ് സെക്ഷനും പരിപാടിയുടെ ഷെഡ്യൂളിൽ ഉണ്ട്. മിഖാ സിങ്ങിന്റെ വിലക്ക് പരിപാടിയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് സംഘാടകർ.

അതേസമയം, ഈ വിഷയത്തിൽ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് സംഘടനയുമായി മിഖാ സിങ്ങ് ഇന്ന് ചർച്ചകൾ നടത്തും. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിനിടയിൽ എന്തിനാണ് കറാച്ചിയിലെ പരിപാടിയിൽ പാടിയത് എന്നതിന് മിഖാ സിങ്ങ് നൽകുന്ന വിശദീകരണത്തെ ആശ്രയിച്ചിരിക്കും വിലക്ക് സംബന്ധിച്ച അന്തിമവിധി. മിഖാ സിങ്ങിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ വിലക്ക് തുടരുമെന്ന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് ജനറൽ സെക്രട്ടറി അശോക് ദുബെ മിഡ് ഡേ ദിനപത്രത്തോട് പ്രതികരിച്ചു.

“ഒരു അംഗത്തിന് സംഘടന നിരോധനം ഏർപ്പെടുത്തിയാൽ അതിനർത്ഥം അഭിനേതാക്കൾ, സംവിധായകർ, സ്പോട്ട് ബോയ്സ് എന്നിവരുൾപ്പെടെ ഞങ്ങളുടെ ഒരു സാങ്കേതിക വിദഗ്ധരും മിഖായോടൊപ്പം പ്രവർത്തിക്കില്ല എന്നാണ്. വിലക്ക് നിലനിൽക്കുന്ന സമയത്ത് ആരെങ്കിലും മിഖായോടൊപ്പം പ്രവർത്തിച്ചാൽ, അത് സൽമാൻ ഖാൻ ആണെങ്കിൽ അദ്ദേഹത്തെയും ബാൻ ചെയ്യും,” അശോക് ദുബെ വിശദമാക്കി.

രാജ്യത്തിനു പുറത്തുള്ള പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സംഘടനയ്ക്ക് കഴിയില്ലെന്നും എന്നാൽ വിലക്കുള്ള വ്യക്തിയ്ക്ക് ഒപ്പം പ്രവർത്തിക്കുന്നവരെ കൂടെ ബാൻ ചെയ്യുക എന്നതാണ് സംഘടനയുടെ നയമെന്നും അശോക് ദുബെ വ്യക്തമാക്കി

Read more: പാക്കിസ്ഥാനിൽ പാടിയതിന് മിഖാ സിങിന് ഇന്ത്യയിൽ വിലക്ക്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook