സോനം കപൂറിന്റെ വിവാഹ ചടങ്ങിൽ ഒരുമിച്ച് എത്തിയതോടെയാണ് രൺബീർ കപൂർ-ആലിയ ഭട്ട് പ്രണയം ആരാധകർ ഉറപ്പിച്ചത്. രണ്‍ബീര്‍ കപൂറാണ് ആദ്യമായി തങ്ങള്‍ പ്രണയത്തിലാണെന്ന് തുറന്നു സമ്മതിച്ച് രംഗത്തെത്തിയത്. ബോളിവുഡ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രണ്‍ബീര്‍ ആലിയയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.

“ഇത് തീര്‍ത്തും പുതിയ അനുഭവമാണ്. എനിക്കതിനെ കുറിച്ച് അമിതമായി സംസാരിക്കാന്‍ താത്പര്യമില്ല. അതിന് അതിന്റേതായ സമയവും ഇടവും ആവശ്യമുണ്ട്. ഒരു വ്യക്തി എന്ന നിലയിലും ഒരു നടി എന്ന നിലയിലും ആലിയ ഇപ്പോള്‍ ഒഴുകുകയാണ്. അഭിനയിക്കുമ്പോഴും ജീവിക്കുമ്പോഴും ഞാന്‍ എന്താണ് സ്വപ്‌നം കാണുന്നത്, അതാണ് ആലിയ നല്‍കുന്നത്. ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും ഇത് പുതിയ അനുഭവമാണ്,” രണ്‍ബീര്‍ പറഞ്ഞു.

പ്രണയത്തിലായിരിക്കുക എന്നത് വളരെ ആകാംക്ഷയുണര്‍ത്തുന്ന ഒരു കാര്യമാണ് എന്ന് രണ്‍ബീര്‍ പറയുന്നു. “പുതിയ കൗതുകങ്ങള്‍, പുതിയ വ്യക്തി, പുതിയ താളം, പഴയതെല്ലാം പുതിയതായി മാറുന്നു, കൂടുതല്‍ റൊമാന്റിക് ആകുന്നു. ഞാനിപ്പോള്‍ വളരെ ബാലന്‍സ്ഡ് ആണ്. ബന്ധങ്ങള്‍ക്ക് കൂടുതല്‍ മൂല്യം കല്‍പ്പിക്കുന്നു. മറ്റൊരാളുടെ വേദനയെ മുമ്പത്തെക്കാള്‍ കൂടുതല്‍ മനസിലാക്കാന്‍ ഇപ്പോള്‍ കഴിയുന്നുണ്ട്,” രണ്‍ബീര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

അതിനുശേഷം ഇരുവരും പൊതു ഇടങ്ങളിൽ ഒരുമിച്ചെത്താൻ തുടങ്ങി. രൺബീറിന്റെ സഹോദരി റിദ്ദിമ കപൂർ ആലിയയ്ക്ക് ബ്രേസ്‌ലൈറ്റ് സമ്മാനമായി നൽകിയതും രൺബീറിന്റെ കുടുംബത്തോടൊപ്പം ആലിയ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയതും ഇരുവരുടെയും പ്രണയത്തിന് വീട്ടുകാരും സമ്മതം മൂളിയതായി ആരാധകർ ഉറപ്പിച്ചു.

ബോളിവുഡിലെ അടുത്ത താരവിവാഹം രൺബീർ സിങ്-ദീപിക പദുക്കോണോ അതോ രൺബീർ കപൂർ-ആലിയയാണോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. വിവാഹത്തോടെ അഭിനയത്തോട് ആലിയ വിട പറയുമോയെന്നും ആരാധകർ ഉറ്റുനോക്കുന്നുണ്ട്. ഇപ്പോഴിതാ ആരാധകർക്ക് ഏറെ നാളായി അറിയാൻ ആഗ്രഹിച്ച ആ ചോദ്യത്തിന് ആലിയ മറുപടി പറഞ്ഞിരിക്കുന്നു.

ഇൻസ്റ്റഗ്രാമിൽ ‘ആസ്ക് മീ എനിതിങ്’ എന്ന സെഷനിലാണ് ആരാധകരിലൊരാൾ ആലിയയോട് ആ ചോദ്യം ചോദിച്ചത്. വിവാഹശേഷം നിങ്ങൾ അഭിനയം ഉപേക്ഷിക്കുമോ? എന്നായിരുന്നു ചോദ്യം. ഇതിനു ആലിയയുടെ മറുപടി ആരാധകർക്ക് ഏറെ സന്തോഷം നൽകുന്നതായിരുന്നു.

“ഞാൻ അഭിനയിക്കും. എനിക്ക് കഴിയുന്ന കാലത്തോളം അഭിനയം തുടരു’മെന്നായിരുന്നു ആലിയ പറഞ്ഞത്. വിവാഹശേഷം ഒന്നും ത്യജിക്കേണ്ടതില്ലെന്നും” ആലിയ വ്യക്തമാക്കി.

അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രത്തിലാണ് ആലിയ ഇപ്പോൾ അഭിനയിക്കുന്നത്. രൺബീർ കപൂറാണ് ചിത്രത്തിലെ നായകൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook