തെന്നിന്ത്യയ്ക്ക് അത്ര വേഗം മറക്കാനാവില്ല നടി സദയെ. അഭിനയത്തിൽ ഇപ്പോൾ സജീവമല്ലെങ്കിലും തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി ഏതാണ്ട് 40 ഓളം ചിത്രങ്ങളിലാണ് സദ ഇതിനകം അഭിനയിച്ചിരിക്കുന്നത്. വിക്രം, മാധവൻ, അജിത് തുടങ്ങി തമിഴിലെ മുൻനിര നായകന്മാരുടെയെല്ലാം നായികയായി. ജയറാമിന്റെ നായികയായി നോവൽ എന്ന മലയാളം ചിത്രത്തിലും സദ അഭിനയിച്ചു.
അഭിനയത്തിൽ സജീവമല്ലെങ്കിലും തന്റെ പാഷനെ പിന്തുടരുകയാണ് സദ ഇപ്പോൾ. വലിയ മൃഗസ്നേഹിയായ സദ വളർത്തുമൃഗങ്ങളെ ദത്തെടുക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ഒപ്പം, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിലും ഏറെ തത്പരയാണ് താരം. സദ എടുത്ത ഏതാനും വൈൽഡ് ലൈഫ് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
സദാഫ് മുഹമ്മദ് സയദ് എന്നാണ് സദയുടെ മുഴുവൻ പേര്. ജയം എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു സദയുടെ സിനിമാ അരങ്ങേറ്റം. ആദ്യ ചിത്രത്തിനു തന്നെ മികച്ച നടിയ്ക്കുള്ള പുരസ്കാരം സദയെ തേടിയെത്തി. പിന്നീട് അന്യൻ, പ്രിയസഖി, ഉന്നലെ ഉന്നലെ, ടോർച്ച് ലൈറ്റ് എന്നിങ്ങനെ നിരവധിയേറെ ചിത്രങ്ങൾ.