പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരക്കുന്ന മമ്മൂട്ടി ചിത്രമാണ് മധുരരാജ. 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി രാജയാണ് തിരികെ വരുന്നത്. എന്നാല്‍ പോക്കിരിരാജയില്‍ നിന്നും മധുരരാജയിലേക്ക് എത്തുമ്പോള്‍ രാജയ്ക്കൊപ്പം ചില പുതിയ ആളുകളുമുണ്ട്. അതോടൊപ്പം ചിലരെ കാണാനുമില്ല. പോക്കിരിരാജയുടെ രണ്ടാം വരവ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ആരാധകര്‍ കാത്തിരുന്നത് മമ്മൂട്ടി-പൃഥ്വിരാജ് കൂട്ടുകെട്ട് വീണ്ടും വരുന്നത് കാണാനായിരുന്നു. എന്നാല്‍ മധുരരാജയില്‍ മമ്മൂട്ടിക്കൊപ്പം പൃഥ്വിയില്ല.
രണ്ടാം വരവില്‍ രാജയുടെ അനിയന് സൂര്യ എവിടെ എന്ന ആരാധകരുടെ ചോദ്യത്തിന് ഇപ്പോള്‍ മമ്മൂട്ടി തന്നെ മറുപടി നല്‍കിയിരിക്കുകയാണ്. സൂര്യ വിവാഹ ശേഷം ലണ്ടനില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. അതുകൊണ്ടാണ് ചിത്രത്തില്‍ കഥാപാത്രത്തെ കാണാന്‍ സാധിക്കാത്തതെന്ന് മമ്മൂട്ടി പറയുന്നു. സൂര്യയുടെ വിവാഹം കഴിയുന്നിടത്തായിരുന്നു പോക്കിരി രാജ അവസാനിച്ചത്.
അതേസമയം, ഒന്നാം ഭാഗത്തില്‍ രാജയ്ക്കും സൂര്യയ്ക്കുമൊപ്പമുണ്ടായിരുന്ന മനോഹരന് മംഗളോദയം രണ്ടാം ഭാഗത്തിലുണ്ട്. കഴിഞ്ഞ തവണ സൂര്യയെ കേന്ദ്രകഥാപാത്രമാക്കിയായിരുന്നു മനോഹരന് നോവലെഴുതിയിരുന്നത്. ഇത്തവണ രാജയുടെ ജീവിതം നോവലാക്കുകയാണ് മനോഹരന്റെ ലക്ഷ്യം. അതിന്റെ ആദ്യ പാര്‍ട്ട് എഴുതി കഴിഞ്ഞതായും രണ്ടാം ഭാഗത്തിന്റെ രചനയ്ക്കായി രാജക്കൊപ്പം കൂടിയിരിക്കുകയാണ് മനോഹരന് എന്ന് മമ്മൂട്ടി തന്നെ പറയുന്നു.
ഒന്നില്‍ നിന്നും രണ്ടിലേക്ക് എത്തുമ്പോള്‍ പുതിയ കഥാപാത്രം തമിഴ് താരം ജയ് അവതരിപ്പിക്കുന്നതാണ്. മധുര സ്വദേശിയായാണ് ജയ് അവതരിപ്പിക്കുന്ന കഥാപാത്രം. ചിത്രത്തിലെ പ്രധാനപ്പെട്ട റോളുകളിലൊന്നാണ് ജയിയുടേതെന്നും മമ്മൂട്ടി പറയുന്നു.
ബോളിവുഡ് താരം സണ്ണി ലിയോണിന്റെ മലയാളം അരങ്ങേറ്റം എന്ന നിലയിലും മധുരരാജ പ്രതീക്ഷ നല്‍കുന്നുണ്ട്. ചിത്രത്തില്‍ ഒരു ഗാനത്തിലാണ് സണ്ണി എത്തുന്നത്. എന്നാല്‍ സണ്ണിയുടെ ഗാനത്തിന് ചിത്രത്തില്‍ വളരെ പ്രധാന്യമുണ്ടെന്നും കഥയുടെ ഗതി തന്നെ മാറ്റുന്നതാണെന്നും മമ്മൂട്ടി പറഞ്ഞു. മറ്റന്നാളാണ് ചിത്രം തിയ്യറ്ററുകളിലെത്തുക.