മികച്ച സംവിധായകനുള്ള ദേശീയപുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള സംവിധായകനാണ് ജയരാജ്. കലാമൂല്യമുള്ള ചിത്രങ്ങളിലൂടെ തന്റേതായൊരിടം ഉണ്ടാക്കിയെടുത്ത സംവിധായകൻ. മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിങ്ങനെ മലയാളത്തിലെ പ്രമുഖ താരങ്ങളെയെല്ലാം നായകൻമാരാക്കി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും മോഹൻലാലിനെ വച്ച് ഇതുവരെ ഒരൊറ്റ ചിത്രം പോലും ജയരാജ് സംവിധാനം ചെയ്തിട്ടില്ല.
തന്റെ ഒരു തെറ്റു കൊണ്ടാണ് മോഹൻലാലിനൊപ്പമുള്ള ചിത്രം നടക്കാതെ പോയതെന്നും അതിൽ ഇപ്പോഴും മോഹൻലാലിനു വിഷമമുണ്ടെന്ന് താൻ കരുതുന്നതായും ജയരാജ് പറഞ്ഞു. മോഹൻലാൽ- ജയരാജ് ചിത്രം ഇതുവരെ സംഭവിക്കാത്തതെന്തു കൊണ്ട് എന്ന ചോദ്യത്തിന് ഉത്തരമേകുകയായിരുന്നു ജയരാജ്.
” ദേശാടനത്തിനു ശേഷമാണ് മോഹൻലാലിനെ വെച്ചൊരു സിനിമ പ്ലാൻ ചെയ്യുന്നത്. മഴയുടെ പശ്ചാത്തലത്തിലുള്ളൊരു സിനിമയായിരുന്നു അത്. കോസ്റ്റ്യൂം വരെ വാങ്ങി, പാട്ടുകൾ എല്ലാം റെക്കോർഡ് ചെയ്തു. പക്ഷേ എന്റെ ഒരു തെറ്റ് കൊണ്ട്, എന്റെ ജീവിതത്തിൽ ഉണ്ടായ ചില പ്രത്യേക സാഹചര്യം കൊണ്ട് എനിക്കത് ചെയ്യാൻ പറ്റിയില്ല. അവസാനനിമിഷം ഞാൻ ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. സൗത്ത് ആഫ്രിക്കയിൽ കുടുംബത്തിനൊപ്പമുള്ള ഒരു യാത്രയിൽ ആയിരുന്നു അദ്ദേഹം. യാത്ര പാതി വഴിയിൽ ഉപേക്ഷിച്ച് ഷൂട്ടിംഗിനായി അദ്ദേഹം എത്തിയപ്പോൾ അറിയുന്നത് ഞാൻ ആ സിനിമ ഡ്രോപ്പ് ചെയ്തു എന്നാണ്. ‘എന്നോട് നേരത്തെ പറയാമായിരുന്നില്ലേ?’ എന്ന് എന്നോട് ചോദിച്ചു,” നടക്കാതെ പോയ മോഹൻലാൽ ചിത്രത്തെ കുറിച്ച് ജയരാജ് പറയുന്നു. കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജയരാജ്.
“ആ സംഭവം അദ്ദേഹത്തിനു വിഷമം ഉണ്ടാക്കിയിട്ടുണ്ടാവാം. പിന്നീട് പലപ്പോഴും പല തിരക്കഥകളും ഞാനദ്ദേഹവുമായി സംസാരിച്ചുവെങ്കിലും ലാഘവത്തോടെ ചിരിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു. കുഞ്ഞാലി മരക്കാറിന്റെ തിരക്കഥ മൂന്നു വർഷത്തോളം അദ്ദേഹം കയ്യിൽ വെച്ചിട്ടും തിരിച്ചൊരു മറുപടി പറഞ്ഞില്ല. ‘വീരം’ എന്ന ചിത്രത്തിന്റെ പൂർണമായ തിരക്കഥ കൊടുത്തിട്ടും ഇതു പ്രാക്റ്റിക്കൽ ആവുമോ എന്നൊക്കെ ചോദിച്ച് ഒഴിയുകയായിരുന്നു,” ജയരാജ് കൂട്ടിച്ചേർത്തു.
Read more: മോഹൻലാൽ സാറിനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ഞാൻ: അർബ്ബാസ് ഖാൻ