ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രി ഡോ വൈഎസ് രാജശേഖര്‍ റെഡ്ഡിയായി മമ്മൂട്ടിയെത്തുന്ന ‘യാത്ര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. വൈഎസ്ആറിന്റെ രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണ്ണായകമായ ‘പദയാത്ര’ ആരംഭിച്ച ഏപ്രില്‍ എട്ടാം തിയ്യതി തന്നെയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്ത് വിട്ടത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നതും ശ്രദ്ധേയമാണ്.

ചിത്രത്തിലേക്ക് മമ്മൂട്ടിയെ കാസ്റ്റ് ചെയ്തതിന് പിന്നിലുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകനായ മഹി വി രാഘവ്. ”ചിത്രത്തെ കുറിച്ച് സംസാരിക്കാന്‍ ചെന്നപ്പോള്‍ മമ്മൂട്ടി എന്നോട് ചോദിച്ച ആദ്യ ചോദ്യം, തമിഴിലും തെലുങ്കിലും ഇത്രയും നടന്മാരുള്ളപ്പോള്‍ എന്തുകൊണ്ട് ഞാന്‍ എന്നായിരുന്നു. അതിന് ഞാന്‍ ഉത്തരം പറഞ്ഞത് ദളപതി സിനിമയിലെ ഒരു രംഗം ചൂണ്ടിക്കാണിച്ചായിരുന്നു,” മഹി പറയുന്നു.

”ദളപതിയില്‍ ഒരു രംഗമുണ്ട്. ജില്ലാ കളക്ടറായി എത്തുന്ന അരവിന്ദ് സ്വാമിയും സൂര്യയായി എത്തുന്ന രജനികാന്തും മമ്മൂട്ടിയുമാണ് സീനിലുള്ളത്. ദീര്‍ഘ നേരത്തെ സംഭാഷണത്തിന് ശേഷം മമ്മൂട്ടി അവതരിപ്പിക്കുന്ന ദേവരാജ് എഴുന്നേറ്റ് അരവിന്ദ് സ്വാമിയോട് എന്താണ് വേണ്ടതെന്ന് ചോദിക്കുന്നുണ്ട്. അതിന് അദ്ദേഹം നല്‍കുന്ന മറുപടി നിങ്ങള്‍ എല്ലാം അവസാനിപ്പിക്കണമെന്നായിരുന്നു. സാധ്യമല്ലെന്ന് പറഞ്ഞ് മമ്മൂട്ടി തിരിച്ചു പോകുന്നു.ആ സീനില്‍ ആ ഒരൊറ്റ ഡയലോഗില്‍ തന്റെ സ്‌ക്രീന്‍ പ്രസന്‍സു കൊണ്ട് മറ്റ് നടന്മാരെയെല്ലാം മമ്മൂട്ടി നിഷ്പ്രഭമാക്കി കളയുന്നുണ്ട്,” മഹി അഭിപ്രായപ്പെടുന്നു.

മറ്റ് നടന്മാരില്‍ നിന്നും വ്യത്യസ്തമായി വളരെയധികം സ്‌ക്രീന്‍ പ്രസന്‍സുള്ള നടനാണ് മമ്മൂട്ടിയെന്നും അതാണ് വൈഎസ്ആറായി അദ്ദേഹത്തെ കാസ്റ്റ് ചെയ്യാനുള്ള കാരണമെന്നും മഹി പറയുന്നു. ഒരുപാട് പ്രത്യേകതയുള്ള വ്യക്തിയായിരുന്നു വൈഎസ്ആറെന്നും ആള്‍ക്കൂട്ടത്തിനിടയിലും അദ്ദേഹത്തെ വെറിട്ടു നിര്‍ത്തുന്ന പ്രഭാവലയമുണ്ടെന്നും അത് മമ്മൂട്ടിയ്ക്കും ഉണ്ടെന്നും സംവിധായകന്‍ പറയുന്നു. അദൃശ്യമായൊരു പ്രഭാവലയം മമ്മൂട്ടിയ്ക്ക് ചുറ്റുമുണ്ടെന്നും അദ്ദേഹം പറയുന്നു..

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ