‘കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു?’, ഈയൊരു ചോദ്യമാണ് എല്ലായിടത്തും. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തി ബാഹുബലി ഒന്നാം ഭാഗം അവസാനിക്കുന്നത്, കട്ടപ്പ താന്‍ തന്നെ ഓമനിച്ചു വളര്‍ത്തിയ ബാഹുബലി എന്ന രാജാവിനെ പിന്നില്‍ നിന്നും കുത്തിക്കൊലപ്പെടുത്തുന്നയിടത്താണ്. എന്‍റെ അച്ഛനെ നിങ്ങള്‍ എന്തിനു കൊന്നു എന്ന് ബാഹുബലിയുടെ മകന്‍ കട്ടപ്പയോടു ചോദിക്കുന്നു.
ആ ഉത്തരത്തില്‍ നിന്നാണ് രണ്ടാം ഭാഗം തുടങ്ങേണ്ടത്. അതിനാണ് രാജ്യമൊട്ടാകെയുള്ള പ്രേക്ഷക ലക്ഷങ്ങള്‍ കാത്തിരിക്കുന്നത്. ട്രോളുകളിലും മറ്റും ഈ ഉത്തരത്തിന്‍റെ പല വീക്ഷണങ്ങളും വ്യാഖ്യാനങ്ങളും നമ്മള്‍ കണ്ടു കഴിഞ്ഞു.
ഇതിന്‍റെ ശരിയുത്തരം നല്‍കാന്‍ സാധിക്കുന്നവർ ഇന്ന് നമ്മോടൊപ്പമുണ്ട്. അത് മറ്റാരുമല്ല, ബല്ലാല ദേവയായി എത്തിയ റാണ ദഗ്ഗുബതിക്ക് മലയാളത്തില്‍ ശബ്ദം പകര്‍ന്ന ഷോബി തിലകനും കട്ടപ്പയായി എത്തുന്ന സത്യരാജിന് ശബ്‌ദം പകർന്ന പ്രവീൺ ഹരിശ്രീയും. ബാഹുബലിയില്‍ ശബ്ദകലാകാരന്മാരായി പ്രവര്‍ത്തിച്ചതിന്‍റെ അനുഭവങ്ങള്‍ ഐഇ മലയാളത്തിനോട് പങ്കുവയ്ക്കുകയാണ് ഇരുവരും.
റാണയുടെ ശബ്‌ദം
ബാഹുബലി പോലെ ഇത്രയും വലിയ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിഖ്യാത നടന്‍ തിലകന്‍റെ മകൻ കൂടിയായ ഷോബി. ‘രാജമൗലിയെ പോലെ ഒരു സംവിധായകന്‍റെ കൂടെ ജോലി ചെയ്യാൻ സാധിച്ചത് അനുഗ്രഹമായി കരുതുന്നു. ബാഹുബലിയുടെ ആദ്യ ഭാഗത്തിലും റാണയ്‌ക്ക് ശബ്‌ദം നൽകിയിയത് ഞാന്‍ തന്നെയായിരുന്നു.

തെലുങ്കിലാണ് യഥാർഥ ചിത്രമെങ്കിലും ലിപ് മൂവ്‌മെന്റ് ശരിയാകാൻ തമിഴ് കേട്ട് സമയമെടുത്താണ് ഡബ്ബിങ് ചെയ്‌തത്. ലിപ് സിങ്ക് ചെയ്യാൻ കഴിയുന്നത്ര ശ്രദ്ധിച്ചിട്ടുമുണ്ട്. ആദ്യം രണ്ട് ദിവസമായിരുന്നു ഡബ്ബിങ്. പക്ഷേ പിന്നീട് ചില ഡയലോഗുകൾ ഒന്നു കൂടി ചെയ്യണം എന്ന് തോന്നിയതുകൊണ്ട് വീണ്ടും ചെയ്യാൻ തീരുമാനിച്ചു.
അതിനു വേണ്ടി മാത്രം ഹൈദരാബാദിലെ പ്രസാദ് ലാബിൽ പോയിരുന്നു. അത്രയധികം എല്ലാവരും ചിത്രം നന്നാക്കാനായി ആത്മാർഥതയോടെ പരിശ്രമിക്കുന്നുണ്ട്. ഇനി ഒരിക്കൽ കൂടി ഒരു ഡയലോഗിൽ ചെറിയ തിരുത്ത് വരുത്താനായി ഹൈദരാബാദിൽ പോകണം. പരമാവധി പെർഫെക്‌ഷൻ വരുത്താനാണ് എല്ലാവരും ശ്രമിക്കുന്നത്,’ ഷോബി പറഞ്ഞു.
വെല്ലുവിളി
റാണ അതിഗംഭീര പ്രകടനമാണ് ചിത്രത്തിൽ നടത്തിയിരിക്കുന്നതെന്ന് ഷോബിയുടെ പ്രശംസ. ‘അതിനനുസരിച്ച് ശബ്‌ദം നൽകുന്നതും വെല്ലുവിളി തന്നെയാണ്. തെലുങ്കിലെ സംസാരവും മലയാളവും തമ്മിലുളള വ്യത്യാസമാണ് ഏറ്റവും വലിയ വെല്ലുവിളിയായി തോന്നിയത്. ഗ്രാഫിക്‌സ് ചെയ്യുന്നതിന് മുൻപാണ് ഡബ്ബ് ചെയ്‌തത്. അതുകൊണ്ടു തന്നെ എങ്ങനെയായിരിക്കും ചിത്രം ഇറങ്ങുമ്പോൾ എന്ന് അറിയാനുളള ആകാംഷ നിങ്ങളെല്ലാവരേയും പോലെ എനിക്കുമുണ്ട്,’ ഷോബി പറഞ്ഞു
ചിത്രത്തിൽ മഹേന്ദ്ര ബാഹുബലിക്കായി ശബ്‌ദം നൽകിയിരിക്കുന്നത് അരുണാണ്. ദിവ്യ, സിനി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങൾക്ക് ശബ്‌ദം നൽകിയിട്ടുണ്ട്. ആദ്യ ഭാഗം മലയാളത്തിൽ ഡബ്ബ് ചെയ്‌തപ്പോൾ ചില വിമർശനങ്ങളുണ്ടായത് മലയാളിയുടെ കപട സദാചാര ബോധത്തിന്‍റെ ഭാഗമാണെന്ന് കട്ടപ്പയ്‌ക്ക് ശബ്‌ദം പകർന്ന പ്രവീൺ പറയുന്നു.
‘തെലുങ്കിലോ കന്നടത്തിലോ സിനിമ കണ്ടാലും മലയാളത്തിൽ ഡബ്ബ് ചെയ്യുന്ന ചിത്രങ്ങൾ മലയാളികൾക്ക് താൽപര്യം കുറവാണ്. ഡബ്ബ് ചെയ്‌ത മലയാളം കേൾക്കുന്നത് അവർക്ക് ഇഷ്‌ടമില്ല. മലയാളത്തിൽ ഡബ്ബ് ചെയ്‌തത് നോക്കി അതുപോലെ മോഡുലേഷൻ വരുത്തണമെന്ന് രാജമൗലി സാർ മറ്റ് ഭാഷകളിലെ ഡബ്ബിങ് ആർടിസ്റ്റുകളോട് പറയുമായിരുന്നു,’ പ്രവീൺ പറഞ്ഞു.

ഇതിനു മുൻപും നിരവധി ചിത്രങ്ങൾക്ക് ഷോബിയും പ്രവീണും ഡബ്ബ് ചെയ്‌തിട്ടുണ്ട്. പഴശ്ശിരാജയിലെ ശരത് കുമാറിന്‍റെ കഥാപാത്രത്തിനും മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ എഴുതിയ ചില മലയാള ഡബ്ബിങ് ചിത്രങ്ങൾക്കും ഷോബി ശബ്‌ദം നൽകിയിട്ടുണ്ട്.
‘മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ സാറാണ് ബാഹുബലിയും മലയാളത്തിൽ എഴുതുന്നത്. മങ്കൊമ്പ് സാറാണ് എന്‍റെ ശബ്‌ദം ശക്തനും കരുത്തനുമായ റാണയ്‌ക്ക് ചേരുമെന്ന് പറഞ്ഞ് അതിലേക്ക് വിളിച്ചത്,’ ഷോബി കൂട്ടിച്ചേർത്തു.
കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു?
ചിത്രത്തിനായി ഡബ്ബ് ചെയ്യാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ മുതൽ ഷോബിയോടും പ്രവീണിനോടും എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നത്. പക്ഷേ അതിനുളള ഉത്തരം പറയുന്നത് തൊഴിൽ പരമായ എത്തിക്‌സിന് എതിരാകുമെന്ന് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു. അറിയാമെങ്കിലും പറയില്ലല്ലോയെന്ന് ഷോബി ഒരു ചിരിയോടെ പ്രതികരിച്ചു.
ചിത്രത്തിന്‍റെ ഗ്രാഫിക്‌സ് ഒരുക്കി ചേർക്കുന്നതിനു മുൻപ് ഡബ്ബിങ് ചെയ്‌തതു കൊണ്ട് തങ്ങൾക്കും സൂചനകൾ മാത്രമാണുള്ളതെന്നും പ്രവീൺ പറയുന്നു. സിനിമ പൂർണ രൂപത്തിലെത്തുന്നതുവരെ എല്ലാവരും ആ ഉത്തരത്തിനായി കാത്തിരിക്കേണ്ടി വരുമെന്നും പ്രവീൺ പറഞ്ഞു.
ഏതായാലും ഇനി കുറച്ച് ദിവസം കൂടി കാത്തിരിക്കാം… ആ വലിയ ചോദ്യത്തിന്‍റെ ഉത്തരത്തിനായി.