‘അന്ന് പൗര്‍ണമിയായിരുന്നു. ഉത്തരേന്ത്യയില്‍ ഹോളിയും. അന്നാണ് സാര്‍ എന്നെ ആദ്യമായി രജനികാന്ത് എന്ന് വിളിക്കുന്നത്‌.’

തെന്നിന്ത്യന്‍ സിനിമയില്‍ ഒരു യുഗപ്പിറവിക്ക്‌ നാന്ദി കുറിച്ച മുഹൂര്‍ത്തത്തെക്കുറിച്ച് തികഞ്ഞ ഭവ്യതയോടെ ഒരു ശിഷ്യന്‍ തന്‍റെ ഗുരുവിനെ ഓര്‍മ്മപ്പെടുത്തിയതിങ്ങനെ. ഗുരു തമിഴ് സിനിമയുടെ കുലപതി യശശരീരനായ കെ ബാലചന്ദര്‍, ശിഷ്യന്‍ ശിവാജി റാവു ഗായക്വാദ് എന്ന രജനികാന്ത്.

രജനികാന്ത്, കെ ബാലചന്ദര്‍, ജയപ്രദ എന്നിവര്‍

1975ലായിരുന്നു നാമകരണം. കെ ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗംകള്‍’ എന്ന ചിത്രത്തിന് വേണ്ടി. ശ്രീവിദ്യയും കമലഹാസനും നായികാനായകന്മാരായി അഭിനയിച്ച ചിത്രം എന്നാല്‍ മറ്റൊരു നടന്‍റെ പേരിലാണ് കാലം അടയാളപ്പെടുത്തിയത്. വില്ലനായി എത്തിയ രജനികാന്തിന്‍റെ പേരില്‍.

‘പിന്നീട് കുറേക്കാലം എല്ലാ ഹോളിക്കും നീയെന്നെ കാണാന്‍ വരികയോ മദിരാശിയില്‍ ഇല്ലെങ്കില്‍ ഫോണില്‍ വിളിക്കുകയോ ചെയ്യുമായിരുന്നു. ഇപ്പോള്‍ ആ പതിവ് നിന്നു.’ , ഗുരു സങ്കടം പറഞ്ഞപ്പോള്‍ തിരക്ക് കൊണ്ടാണെന്ന് ശിഷ്യന്‍.

‘അടുത്ത ദിവസമെങ്കിലും വിളിക്കണം എന്ന് മനസ്സില്‍ കരുതും. അതും തിരക്ക് കാരണം മുടങ്ങും’. എന്ന് ശിഷ്യന്‍ വീണ്ടും ഭവ്യനായി.

തമിഴ് നാട് ഡയറക്ടര്‍സ് അസ്സോസിയേഷന്‍ 2010ല്‍ അവരുടെ നാല്പതാം വാര്‍ഷിക വേളയില്‍ സംഘടിപ്പിച്ചതാണ് ഈ ഗുരു ശിഷ്യ സംവാദം.

‘ഇപ്പോള്‍ എത്തി നില്‍ക്കുന്ന ഉയരങ്ങളില്‍ നിന്ന് കൊണ്ട് തിരിച്ച് ശിവാജി റാവു ആകാന്‍ നിനക്ക് സാധിക്കുമോ’, എന്ന ഗുരുവിന്‍റെ ചോദ്യത്തിന് രജനി മറുപടി പറഞ്ഞത് ഇങ്ങനെ.

‘ശിവാജിയായിത്തന്നെ തുടരുന്നത് കൊണ്ടാണ് എനിക്ക് രജനിയായി നിലനില്‍ക്കാനും കഴിയുന്നത്‌. എല്ലാക്കാലവും അങ്ങനെ തന്നെയായിരിക്കും’.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ