scorecardresearch

സ്ത്രീയുടെ ശരീരത്തിന്റെ ഉടമയാര്?; ‘സാറാസ്’ പുനർവായന

ഗർഭധാരണമാണ് സ്ത്രീകളുടെ പ്രധാന ധർമ്മമെന്ന് അലിഖിതമായി എവിടെയോക്കെയോ എഴുതപ്പെട്ടിട്ടുണ്ട്, മതങ്ങളും മതവിശ്വാസങ്ങളും സമൂഹം തന്നെയും ആ തീറെഴുത്തിനെ സംരക്ഷിക്കാൻ നിരന്തരം ജാഗരൂകരുമാണ്. അതു കൊണ്ടാണ് അബോർഷൻ (ഗർഭം അലസിപ്പിക്കൽ) പലപ്പോഴും നിഷിദ്ധമാവുന്നത്, ചിലപ്പോഴെങ്കിലും പാപമായി നിർവ്വചിക്കപ്പെടുന്നത്

സ്ത്രീയുടെ ശരീരത്തിന്റെ ഉടമയാര്?; ‘സാറാസ്’ പുനർവായന

ഒരു സ്ത്രീയുടെ ശരീരം അവളുടെ മാത്രം അവകാശമാണോ? നമ്മുടേതു പോലെ യാഥാസ്ഥിതികമായ ഒരു സമൂഹത്തിൽ അല്ലെന്നു തന്നെയാണ് ഉത്തരം. കുടുംബത്തിന്റെ കെട്ടുറപ്പിനു വേണ്ടി എന്ന വാദങ്ങള്‍ നിരത്തി ആൺ മേധാവിത്വങ്ങള്‍ സ്വയം തീറെഴുതി എടുത്ത ഒന്നാണ് ഇവിടെ സ്ത്രീശരീരം. ഗർഭധാരണമാണ് സ്ത്രീകളുടെ പ്രധാന ധർമ്മമെന്ന് അലിഖിതമായി എവിടെയോക്കെയോ എഴുതപ്പെട്ടിട്ടുണ്ട്, മതങ്ങളും മതവിശ്വാസങ്ങളും സമൂഹം തന്നെയും ആ തീറെഴുത്തിനെ സംരക്ഷിക്കാൻ നിരന്തരം ജാഗരൂകരുമാണ്. അതു കൊണ്ടാണ് അബോർഷൻ (ഗര്‍ഭം അലസിപ്പിക്കല്‍) പലപ്പോഴും നിഷിദ്ധമാവുന്നത്, ചിലപ്പോഴെങ്കിലും പാപമായി നിര്‍വ്വചിക്കപ്പെടുന്നത്. എനിക്ക് പ്രസവിക്കേണ്ട എന്നൊരു സ്ത്രീ പറയുമ്പോൾ ‘ഇത് മറ്റതാ, ഫെമിനിസം’ എന്ന് വിധി എഴുതപ്പെടുന്നത്.

ത്യാഗിയായ, കുടുംബത്തിന് വേണ്ടി സർവ്വം ത്യജിച്ച അമ്മമാർ എന്ന സങ്കൽപ്പത്തെ സാഹിത്യവും സിനിമയുമൊക്കെ ആവുന്ന പോലെ മഹത്വവല്‍ക്കരിച്ചിട്ടുമുണ്ട്. ‘അബോർഷ’നിലൂടെ ഇല്ലാതാക്കിയ കുഞ്ഞ് പ്രതികാരം ചെയ്യാനെത്തുന്ന കഥയാണ് ‘കാണാകൺമണി’ എന്ന ചിത്രം പറഞ്ഞത്. ഇത്തരം ‘ഗ്ലോറിഫിക്കേഷനു’കൾ എല്ലാം സമൂഹമനസാക്ഷിയെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. സാമ്പ്രദായിക രീതികളിൽ നിന്നും മാറി സഞ്ചരിക്കുന്നു എന്നിടത്താണ് ‘സാറാസ്’ എന്ന സിനിമയുടെ പ്രസക്തി. ചിത്രം മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം ചർച്ച ചെയ്യപ്പേടേണ്ടതും ഇതേ പശ്ചാത്തലത്തിലാണ്.

സാറ വിൻസെന്റ് എന്ന പെൺകുട്ടിയുടെ തിരഞ്ഞെടുപ്പിനെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. അന്ന ബെൻ അവതരിപ്പിക്കുന്ന സാറ, ജീവിതത്തെ കുറിച്ച് ബോധ്യങ്ങളുള്ള പെൺകുട്ടിയാണ്. തന്റെ സ്വപ്നങ്ങളെ കുറിച്ചും താനെന്താണ് എന്നതിനെ കുറിച്ചും കൃത്യമായി മനസ്സിലാക്കിയവൾ. കുട്ടികളെ ഇഷ്ടമാണെങ്കിലും ‘പാരന്റിംഗ്’ എന്നത് തനിക്ക് പറ്റിയ പണിയല്ലെന്ന് കൗമാരക്കാലം മുതൽ തന്നെ അവൾ തിരിച്ചറിഞ്ഞതാണ്. ‘എനിക്ക് പ്രസവിക്കേണ്ട’ എന്ന് സാറ ഉറച്ച ശബ്ദത്തിൽ പറയുമ്പോൾ എത്ര പെട്ടെന്നാണ് ചുറ്റുമുള്ളവരുടെ കണ്ണിൽ അവൾ സ്വാർത്ഥയും ‘ഫെമിനിസ്റ്റു’മൊക്കെയായി മാറുന്നത്.

സാറയെ പോലുള്ള നിരവധി പെൺകുട്ടികളെ ഈ പുതിയ കാലത്ത് ചുറ്റുമൊന്ന് കണ്ണോടിച്ചാൽ കണ്ടെത്താനാവും, അവർ കടന്നു പോകുന്ന ജീവിത പ്രതിസന്ധികളും കാണാം. ജീവിതത്തെക്കുറിച്ചും കരിയറിനെ കുറിച്ചും സുവ്യക്തമായ സ്വപ്നങ്ങൾ ഉള്ളവർ പോലും വ്യവസ്ഥിതികളുടെ സമ്മർദ്ദം മൂലം സ്വപ്നങ്ങളുടെ ചിറകുകൾ അരിഞ്ഞു കളയാൻ നിർബന്ധിതരാവുന്നു. വിവാഹം, കുടുംബം, കുട്ടികൾ… മുൻഗണന പട്ടികയിലേക്ക് സമൂഹത്തിന്റെ അടിച്ചേൽപ്പിക്കലുകൾ കടന്നു വരുമ്പോൾ മനസ്സില്ലാമനസ്സോടെ ആ റോളുകൾ ഏറ്റെടുത്ത്, അതിനോട് സമരസപ്പെടാൻ കിണഞ്ഞ് പരിശ്രമിക്കുന്നു. സമൂഹത്തെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നത് ചെരിപ്പിന് അനുസരിച്ച് കാലു മുറിക്കുന്നതു പോലെ ബുദ്ധിശൂന്യമായൊരു ഏർപ്പാടാണെന്ന് അറിയാമെങ്കിലും മറ്റൊരു സാധ്യതകളും അവർക്ക് മുന്നിൽ ഇല്ല.

ആക്സിഡന്റൽ പ്രഗ്നൻസി’കൾക്ക് (തയ്യാറെടുപ്പുകള്‍ നടത്താതെ, ആകസ്മികമായി സംഭവിക്കുന്ന ഗര്‍ഭധാരണം) മറ്റെവിടെയും പോലെ, ഒട്ടും ക്ഷാമമില്ലാത്ത നാടാണ് നമ്മുടേത്. നൂറു ശതമാനം സുരക്ഷിതമായൊരു ഗർഭനിരോധന മാർഗ്ഗവും ഇല്ലാത്ത, ഉണ്ടെങ്കില്‍ തന്നെ അത് ഉപയോഗിക്കാന്‍ പലപ്പോഴും വിമുഖത കാട്ടുന്ന ഒരിടത്ത് അത് സ്വാഭാവികമാണ് താനും. ഗർഭനിരോധന മാർഗ്ഗങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങളില്‍, ഒട്ടു മിക്ക ഇടങ്ങളിലും, സ്ത്രീകള്‍ പങ്കാളികള്‍ അല്ലാതെ വരുന്ന സാഹചര്യവുമുണ്ട്.

ജീവിതത്തിലെ മറ്റെന്ത് ‘ആക്സിഡന്റിനെ’യും സഹതാപത്തോടെ കാണുന്നവർ പോലും ‘ആക്സിഡന്റൽ പ്രഗ്നൻസി’യ്ക്ക് പ്രതിവിധിയായി ‘അബോർഷൻ’ തിരഞ്ഞെടുക്കുന്നവരെ കാണുമ്പോൾ നെറ്റി ചുളിക്കും. പാപമെന്നും സ്ത്രീയുടെ സ്വാർത്ഥതയെന്നും വിലയിരുത്തും, കളയാനാണെങ്കിൽ പിന്നെയെന്തിനാണ് ഉണ്ടാക്കാൻ പോയതെന്ന് അന്യന്റെ ജീവിതത്തിൽ കയറി ഒരു നാണവുമില്ലാതെ ‘കമന്റ’ടിക്കും.

ഇനി, ‘അബോർഷ’നായി ഒരു സ്ത്രീ ആശുപത്രിയിൽ ചെന്നാലോ, ‘സാറാസി’ലെ ഹാഫിസ് ഡോക്ടറെ പോലെ, സ്ത്രീയുടെ മാനസിക ആരോഗ്യത്തിന് പ്രാധാന്യം നൽകുന്ന, ‘അബോർഷൻ’ എന്നത് സ്ത്രീയുടെ മാത്രം അവകാശമാണെന്ന നിയമത്തെക്കുറിച്ച് ബോധ്യമുള്ള ഡോക്ടർമാരെ കണ്ടെത്താൻ കഴിയണം എന്നില്ല. ഇത്തരം കാര്യങ്ങളില്‍ വെളിവുള്ളവര്‍ വിരളമാണല്ലോ നമുക്ക്.

ഒരു സുഹൃത്ത് പറഞ്ഞ അനുഭവമുണ്ട്. വിവാഹം കഴിഞ്ഞ് മൂന്നാം മാസമായപ്പോൾ അപ്രതീക്ഷിതമായി അവൾ ഗർഭിണി ആവുന്നു. 21-22 വയസ് പ്രായം. ഏറെ ആഗ്രഹിക്കുന്ന ഒരു ജോലിയ്ക്കുള്ള അഭിമുഖം കഴിഞ്ഞ് ‘കാൾ-ലെറ്റർ’ കാത്തിരിക്കുകയാണ്, ഏറെക്കുറെ ആ ജോലി ഉറപ്പാണ് താനും. ജോലിയിൽ കൂടുതൽ ശ്രദ്ധിക്കാൻ സാഹചര്യമുള്ള, ചെറുപ്പക്കാരായ ഉദ്യോഗാർത്ഥികളെയാണ് ആ കമ്പനിയ്ക്ക് ആവശ്യം. ഗർഭിണിയാണെന്ന് കമ്പനി അറിഞ്ഞാൽ, ആ ജോലി പിന്നെ മറന്നു കളയുകയേ തരമുള്ളൂ.

അമ്മയാവണം, കുഞ്ഞു വേണം എന്നൊക്കെ ആഗ്രഹമുള്ള ആളാണ്, ‘അബോർഷൻ’ പാപമാണെന്ന മതപരമായ വിശ്വാസം ചെറുപ്പം മുതലേ ഉള്ളിൽ പേറുന്നവൾ. പക്ഷേ, സമയം തെറ്റി സംഭവിച്ച ഒരു ഗര്‍ഭമാണ്, മാനസികമായോ ശാരീരികമായോ ഒരു കുഞ്ഞിനെ എതിരേൽക്കാൻ ഉള്ള പാകതയും ഇല്ല. ഏറെ ആന്തരിക സംഘർഷങ്ങൾക്കൊടുവിൽ ‘അബോർഷൻ’ ചെയ്യാം എന്നവൾ തീരുമാനമെടുക്കുന്നു. കാര്യങ്ങൾ ഭർത്താവിനെ പറഞ്ഞു ബോധ്യപ്പെടുത്തലായിരുന്നു മുന്നിലുള്ള അടുത്ത ബാലികേറാമല. അതിലും വിജയിച്ച്, ഒടുവിൽ അവളും ഭർത്താവും കൂടെ നഗരത്തിലെ പ്രശസ്തമായൊരു ആശുപത്രിയിലെത്തുന്നു.

അവളുടെ ഉപബോധമനസ്സിലെ കുറ്റബോധത്തെ ഇരട്ടിയാക്കുന്നതു പോലെയായിരുന്നു ആ ഗൈനക്കോളജിസ്റ്റിന്റെ പെരുമാറ്റം. ജീവിതത്തിൽ വലിയൊരു പാപം ചെയ്യാൻ ഒരുങ്ങുന്ന, വെറുക്കപ്പെട്ട ഒരുവളെയെന്ന പോലെ അവർ പെരുമാറി. പക്ഷേ അവൾ തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു. ഒടുവിൽ ‘അബോർഷൻ’ ദിവസമെത്തുന്നു. ശത്രുതയോടെ തന്നെ നോക്കുന്ന ഡോക്ടർക്കും ആ ഗൈനക്കോളജിസ്റ്റിന്റെ അതേ മനോഭാവമുള്ള മറ്റൊരു ഡോക്ടർക്കും ഏതാനും നഴ്സുമാർക്കും ഇടയിൽ ‘പ്രൊസീജിയറി’നായി കിടക്കുമ്പോൾ എന്തോ വലിയ അപരാധം ചെയ്ത കുറ്റവാളിയാണെന്ന് തോന്നിയെന്ന് പറഞ്ഞ് പിന്നീടൊരിക്കൽ അവൾ മുന്നിലിരുന്ന് കരഞ്ഞു.

ഓപ്പറേഷൻ തിയേറ്ററിലെ തണുപ്പിൽ പെട്ടെന്ന് ശരീരം നിർത്താതെ വിറച്ചപ്പോൾ ദയനീയമായി നഴ്സിനെ നോക്കിയ അവളോട്, ‘കിടന്ന് അനുഭവിക്ക്, ഓരോന്ന് ചെയ്ത് കൂട്ടുമ്പോൾ ആലോചിക്കണമായിരുന്നു’ എന്നായിരുന്നു നഴ്സിന്റെ മറുപടി. അവളുടെ വാക്കുകൾ കടമെടുത്താൽ, ജീവിതത്തിൽ അവൾ കേട്ട ഏറ്റവും വലിയ അശ്ലീലം അതായിരുന്നു! ഒരിക്കലും മറക്കാനാവാത്തൊരു ദിവസമാണ് അതവൾക്ക്, സ്വന്തം തിരഞ്ഞെടുപ്പിന്റെ പുറത്ത് അപഹസിക്കപ്പെട്ട ദിവസം. ഇത് ഒരാളുടെ മാത്രം അനുഭവമല്ല, ഒരുപാട് സ്ത്രീകൾ പലപ്പോഴായി ഇത്തരം അനുഭവങ്ങൾ പങ്കു വച്ചിട്ടുണ്ട്. ഇത്തരം ‘തിയേറ്റർ’ അനുഭവങ്ങൾ കാരണം പിന്നീട് മാസങ്ങളോളം കടുത്ത കുറ്റബോധത്തിനും മാനസിക സമ്മർദ്ദത്തിനും അടിമപ്പെട്ട സ്ത്രീകളെയും കണ്ടിട്ടുണ്ട്.

എല്ലാ ഗൈനക്കോളജിസ്റ്റുകളും നഴ്സുമാരും ഇങ്ങനെയാണെന്നല്ല പറഞ്ഞുവന്നത്. നാലും അഞ്ചും മക്കൾ വേണമെന്ന് വാശി പിടിക്കുന്ന ഭർത്താക്കന്മാരോട് നിങ്ങളുടെ കൂടെയുള്ളത് ഒരു മെഷീൻ അല്ല എന്നോർമ്മിപ്പിക്കുകയും സ്ത്രീയുടെ ശാരീരിക, മാനസിക പ്രശ്നങ്ങളെയും അവസ്ഥകളെയും കുറിച്ച് ഭർത്താക്കന്മാരെ കൗൺസിൽ ചെയ്യുന്ന ഡോക്ടർമാരും, ആശ്വാസവാക്കുകള്‍ കൊണ്ട് ചികിത്സിക്കുന്ന നേഴ്സ്മാരും ഉണ്ട് എന്ന് വിസ്മരിച്ചു കൂടാ.

ആരോഗ്യശാസ്ത്രപ്രകാരം, ഇരുപതുകൾ എന്നത് ഒരു സ്ത്രീയുടെ ശരീരത്തെ സംബന്ധിച്ച് ഏറെ ‘ഫെർട്ടൈൽ’ ആയ (ഗർഭാവസ്ഥയ്ക്ക് യോജിച്ച) സമയമായാണ് കണക്കാക്കപ്പെടുന്നത്. നമ്മുടെ സാമൂഹികവ്യവസ്ഥയിൽ, ഓരോ വ്യക്തിയും തന്റെ കരിയറിന് അടിത്തറകെട്ടിപ്പൊക്കുന്നതും ഇതേ പ്രായത്തിൽ തന്നെയാണ്. ഇവിടെ സ്ത്രീയുടെ ജൈവികതയും, മത്സരം ഏറെയുള്ള, സമയവും അധ്വാനവും കൊടുക്കേണ്ടതായ ‘കരിയർ’ സ്വപ്നങ്ങളും തമ്മിലാണ് സംഘർഷം. അതിനാൽ തന്നെ, ആത്യന്തികമായി തനിക്കെന്ത് വേണം എന്ന തീരുമാനം എടുക്കേണ്ടത് പെൺകുട്ടികളാണ്. അവളുടെ തിരഞ്ഞെടുപ്പുകള്‍, അതെന്തുമാകട്ടെ, നീതിയും മനുഷ്യത്വവും അര്‍ഹിക്കുന്നുണ്ട്.

അവിവാഹിതരായ പെൺകുട്ടികൾ അബോർഷൻ തിരഞ്ഞെടുക്കുമ്പോഴും അമ്മയാവേണ്ട എന്ന് തീരുമാനം എടുക്കുമ്പോഴും വലിയൊരളവു വരെ അതിനെ സ്വാഗതം ചെയ്യുന്ന സമൂഹത്തിന്, വിവാഹിതരായവർ ‘അബോർഷൻ’ തിരഞ്ഞെടുക്കുന്നതാണ് പലപ്പോഴും പ്രശ്നമാകുന്നത്. സമൂഹത്തിന്റെ നിലവിലെ നാട്ടുനടപ്പ് അനുസരിച്ച്, വിവാഹിതയായ ഒരു സ്ത്രീ ആകസ്മികമായി ഗർഭിണിയായാൽ, ആ ഗർഭം തുടരാൻ അവൾക്ക് താൽപ്പര്യമില്ലെങ്കിലും അവളതുമായി മുന്നോട്ട് പോവണം. ആ രീതിയിലേക്ക് അവൾക്ക് ‘കൗൺസിലിംഗ്’ കൊടുക്കുന്ന ഒരു സിസ്റ്റമാണ് നമുക്കിന്ന് ഉള്ളത്. എന്നാൽ, ഇത്തരം സമ്മർദ്ദങ്ങൾ ഉണ്ടാവുമ്പോൾ/അവിചാരിതമായി ഉണ്ടാകുന്ന ഗര്‍ഭങ്ങള്‍ തുടരാന്‍ പ്രോത്സാഹിപ്പിക്കപ്പെടുമ്പോൾ പരോക്ഷമായി സംഭവിക്കുന്ന ചില സാമൂഹികദുരന്തങ്ങൾ കൂടെ കണ്ടില്ലെന്നു നടിക്കാനാവില്ല.

ഒരു കുഞ്ഞിന് ജന്മം നൽകുക എന്നുള്ളത് ഒട്ടും നിസാരമായ കാര്യമല്ല, ശാരീരികമായും മാനസികമായും. ശാരീരികമായി ഗര്‍ഭകാല-പ്രസവാന്തര ചികിത്സ ഉള്ളപ്പോഴും ഈ കാലയളവില്‍ ഒരു സ്ത്രീയ്ക്ക് മാനസികമായി ഉണ്ടാവുന്ന പരിവര്‍ത്തനങ്ങള്‍ കണക്കില്‍ എടുക്കപ്പെടുന്നില്ല. ഒരു സ്ത്രീയുടെ മാനസികാവസ്ഥ അവളുടെ ഗർഭകാലത്തെയും ഗർഭസ്ഥ ശിശുവിനെയും സ്വാധീനിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്.

ഗർഭകാലത്തെ തുടർന്നുണ്ടാകുന്ന ശാരീരിക മാറ്റങ്ങൾ, ഹോർമോൺ പ്രശ്നങ്ങൾ, പ്രസവാനന്തര വിഷാദം, മറ്റു സമ്മർദ്ദങ്ങൾ എല്ലാം കൂടി പലപ്പോഴും സ്ത്രീകളിൽ ഉണ്ടാക്കുന്ന മാനസികപ്രശ്നങ്ങൾ ചെറുതല്ല. പിന്നെ പ്രസവം കൊണ്ട് തീരുന്നില്ലല്ലോ ഒരു അമ്മയുടെ ഉത്തരവാദിത്വങ്ങൾ, സമയവും ഏറെ ക്ഷമയും മനസ്സിന്റെ പാകതയുമൊക്കെ പിന്നീടങ്ങോട്ടും അത്യന്ത്യാപേക്ഷിതം. മാനസികാരോഗ്യം ക്ഷയിച്ച്, വേണ്ടത്ര കരുതലോ, ആരോഗ്യപരമായ പിന്തുണയോ ലഭിക്കാതെ അസ്വസ്ഥരായി മാറുന്ന അമ്മമാരെ പലപ്പോഴും കണ്ടിട്ടുണ്ട്.

നവജാത ശിശുവിനെ അമ്മ കഴുത്തു ഞെരിച്ചു കൊന്നു, ബക്കറ്റിൽ മുക്കിക്കൊന്നു എന്നൊക്കെയുള്ള പത്രവാർത്തകൾ നോക്കി സമൂഹം ധാർമിക രോഷം കൊള്ളുമ്പോള്‍ ആ സംഭവങ്ങളില്‍ ഒക്കെ ഉണ്ടാവാന്‍ സാധ്യതയുള്ള ഇത്തരം അടിയൊഴുക്കുകളെക്കുറിച്ച് എത്ര പേര്‍ ചിന്തിക്കും? ആ സ്ത്രീകളെ കൊലപാതികളായി മുദ്ര കുത്തുമ്പോള്‍, ആ കൊലപാതകത്തിൽ സമൂഹത്തിനും ഒരു പങ്കുണ്ടെന്ന് നമ്മളില്‍ എത്ര പേര്‍ സമ്മതിച്ചു തരും? കൊല്ലാനായിരുന്നെങ്കിൽ, എന്തിനാണ് പ്രസവിക്കാൻ പോയതെന്ന് വിചാരണ ചെയ്യപ്പെടുമ്പോള്‍ അവള്‍ പറയുന്ന വിശദീകരണങ്ങള്‍ക്ക് നമ്മള്‍ ചെവി കൊടുക്കാറുണ്ടോ? കുഞ്ഞിനെ കൊല്ലുന്നതിലെക്ക് നയിക്കുന്ന പല തരം മാനസിക പ്രശ്നങ്ങളെ കാര്യഗൗരവത്തോടെ വിലയിരുത്താറുണ്ടോ? എല്ലാ സംഭവങ്ങളും ഇതിലേക്ക് കൂട്ടിക്കെട്ടുകയല്ല, മറിച്ച്, ചിലതിലെങ്കിലും പ്രാപ്തയല്ലാത്ത ഒരു സാഹചര്യത്തില്‍ അമ്മയാകാന്‍ വിധിക്കപ്പെട്ട ഒരുവളുണ്ട് എന്ന മനസ്സിലാക്കല്‍ വേണ്ടതല്ലേ എന്ന് ചോദിക്കുകയാണ്.

‘പാരന്റിംഗ്’ എന്നത് ഒരു ഉത്തരവാദിത്വമാണെന്ന്, അതിനും മുന്നൊരുക്കങ്ങൾ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞു തുടങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒരു കുഞ്ഞിന് അച്ഛനമ്മാര്‍ ആവുക എന്നത്, അതെപ്പോള്‍ വേണം എന്നത് ദമ്പതികളുടെ മാത്രം തീരുമാനമാണ്. സമൂഹം അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല. പക്ഷേ നമ്മളാവട്ടെ, വളരെ വിചിത്രമായൊരു ആചാരമാണ് ഇക്കാര്യത്തിൽ പുലർത്തി പോരുന്നത്. അസുഖം വഷളായിട്ട് ചികിത്സിക്കുന്നതിലും നല്ലതാണ്, ആരംഭദിശയിലെ നുള്ളി കളയുന്നതെന്ന് ഇതു വരെ നമ്മൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടില്ല.

‘സാറാ… താൻ റെഡിയാണെന്ന് സ്വയം തോന്നുമ്പോൾ മതി ഇതൊക്കെ. തന്റെ ശരീരമാണ്, തീരുമാനവും തന്റേതായിരിക്കണം, Better not to be a parent than be a bad parent’- ആഴമേറിയ, വലിയൊരു സന്ദേശം ലളിതമായി ‘സാറാസ്’ പറഞ്ഞു വയ്ക്കുന്നു.

Read more: Sara’s Malayalam Movie Review: സിമ്പിളാണ്, പവർഫുളും; ‘സാറാസ്’ റിവ്യൂ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Who owns the female body saras movie review