ചലച്ചിത്ര താരം ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളില്‍ ഏറ്റവും അടുത്ത് ചര്‍ച്ചയായത്‌ ശ്രീദേവിയുടെ സഹോദരി ശ്രീലതയാണ്.  മരണാനന്തര ചടങ്ങുകളില്‍ അവര്‍ പങ്കെടുത്തു എന്നും പങ്കെടുത്തില്ല എന്നുമൊക്കെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.  വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീദേവിയുമായുണ്ടായ സ്വത്തു തര്‍ക്കമാണ് ഇവര്‍ തമ്മില്‍ അകലാന്‍ ഉണ്ടായ കാര്യമെന്നും സൂചനയുണ്ടായിരുന്നു.

മരണത്തിന് മുന്‍പ് ശ്രീദേവി ദുബായില്‍ പങ്കെടുത്ത വിവാഹത്തില്‍ ശ്രീലത മറ്റു കുടുംബംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം

കഴിഞ്ഞ ദിവസങ്ങളില്‍ വേണുഗോപാല്‍ റെഡ്‌ഡി എന്ന ശ്രീദേവിയുടെ അമ്മാവന്‍ ബോണി കപൂറുമായുള്ള ബന്ധത്തില്‍ ശ്രീദേവി സന്തുഷ്ടയായിരുന്നില്ല എന്നും ബോണി കപൂറിന്‍റെ സാമ്പത്തിക ഇടപാടുകള്‍ നേരിട്ട നഷ്ടം ശ്രീദേവിയെ വല്ലാതെ ബാധിച്ചിരുന്നു എന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നാല്‍ ഇത് തെറ്റാണ് എന്നും, വേണുഗോപാല്‍ റെഡ്‌ഡി എന്നൊരാളെ അറിയുക പോലുമില്ല എന്നും പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് ഇത് വരെ നിശബ്ദരായിരുന്ന ശ്രീദേവിയുടെ സഹോദരിയും ഭര്‍ത്താവും.

“28 വര്‍ഷങ്ങളായി ഞാന്‍ ശ്രീലതയെ വിവാഹം കഴിച്ചിട്ട്. വേണുഗോപാല്‍ റെഡ്‌ഡി എന്നൊരു പേര് പോലും ഇന്ന് വരെ കേട്ടിട്ടില്ല. തീവ്രമായ ദുഃഖത്തിലൂടെയാണ് ഞങ്ങളുടെ കുടുംബം കടന്നു പോകുന്നത്. ഇപ്പോള്‍ ഞങ്ങള്‍ ഒന്നും തന്നെ പറയാന്‍ ആഗ്രഹിക്കുന്നില്ല. ആ മനുഷ്യന്‍ പറയുന്നതില്‍ ഒന്നും തന്നെ സത്യമില്ല, ഞങ്ങളുടെ കുടുംബം മുഴുവന്‍ ഇപ്പോള്‍ ബോണി കപൂറിനൊപ്പമാണ്.

മാധ്യമങ്ങളില്‍ ചിലര്‍ എന്‍റെ ഭാര്യ ശ്രീലതയുടെ മൗനത്തെ ചോദ്യം ചെയ്യുന്നു, അതിന് പല തരം അര്‍ത്ഥങ്ങള്‍ കല്‍പ്പിക്കുന്നു. അവര്‍ക്കും നഷ്ടപ്പെട്ടിട്ടുണ്ടാവില്ലേ പ്രിയപ്പെട്ടവരെ? അന്ന് എഴുന്നേറ്റു നിന്ന് വിളിച്ചു കൂവുകയാണോ ചെയ്തത്, എനിക്ക് ദുഃഖമുണ്ട് എന്ന്. ഈ ദുഖത്തെ ഞങ്ങള്‍ മൗനം കൊണ്ടാണ് നെഞ്ചേറ്റുന്നത്, ഇതിനു പബ്ലിസിറ്റി ആഗ്രഹിക്കുന്നില്ല. ഇത് വളച്ചൊടിക്കരുത്.

ഇഴയടുപ്പമുള്ള കുടുംബമാണ് ഞങ്ങളുടേത്. ശ്രീദേവി ഞങ്ങള്‍ക്കെല്ലാവര്‍ക്കും പ്രചോദനമായിരുന്നു, ഞങ്ങള്‍ അവരെ അതിരറ്റു സ്നേഹിച്ചിരുന്നു.”, എന്നാണ് ശ്രീദേവിയുടെ സഹോദരി ശ്രീലതയുടെ ഭര്‍ത്താവും തമിഴ് നാട് മുന്‍ എം എല്‍ എ യുമായ അഡ്വക്കേറ്റ് സഞ്ജയ്‌ രാമസ്വാമി പ്രസ്താവനയില്‍ പറഞ്ഞത്.

ചെന്നൈയില്‍ നടന്ന പ്രാര്‍ഥനാ യോഗത്തില്‍ ശ്രീദേവിയുടെ കുടുംബം

ഇന്നലെ ചെന്നൈയില്‍ നടന്ന ശ്രീദേവിയുടെ അന്ത്യപ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് പ്രസ്താവന പുറത്തു വന്നത്. ചെന്നൈയിലെ ക്രൌണ്‍ പ്ലാസ ഹോട്ടലിലും പിന്നീട് ശ്രീദേവിയുടെ വസതിയിലും നടന്ന പ്രാര്‍ഥനയില്‍ തമിഴ് സിനിമയിലെ പ്രധാനപ്പെട്ട പ്രവര്‍ത്തകരെല്ലാം പങ്കെടുത്തു.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ