ലോക ശ്രദ്ധയാകര്‍ഷിച്ച ഇന്ത്യന്‍ റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. ഹിന്ദിയില്‍ ആരംഭിച്ച ബിഗ് ബോസ് ഷോ മറ്റ് പ്രാദേശിക ഭാഷ ചാനലുകളും ഏറ്റെടുത്തു. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും ബിഗ് ബോസ് ഷോ അവതരിപ്പിക്കുന്നു. മലയാളി ഹൗസ് എന്ന പേരില്‍ സമാനമായ ആശയത്തോട് കൂടിയ പരിപാടി അവതരിപ്പിച്ചിരുന്നു.

തമിഴ്‌നാട്ടില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയില്‍ അവതാരാകനായി എത്തുന്നത് കമല്‍ഹാസനാണ്. ഈ പരിപാടിയിലൂടെ കമല്‍ഹാസന്‍ മിനിസ്‌ക്രീനിലേക്കും എത്തുകയായിരുന്നു. തുടക്കം മുതല്‍ നിരവധി വിവാദങ്ങളിലാണ് പരിപാടി അകപ്പെട്ടത്.

ഇപ്പോള്‍ ഈ പരിപാടിയിലെ ഏറ്റവും വലിയ ആകര്‍ഷണം മലയാളി താരം ഓവിയ ഹെലന്‍ ആണ്. പത്തു വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നിന്നും ലഭിക്കാത്ത പ്രേക്ഷകപ്രീതിയാണ് അഞ്ച് ആഴ്ച കൊണ്ടു റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ഓവിയയ്ക്കു ലഭിച്ചത്. ബിഗ് ബോസ് ഷോ സംപ്രേക്ഷണം ചെയ്യാന്‍ ആരംഭിച്ചത് മുതല്‍ സമൂഹമാധ്യമങ്ങളില്‍ ഏറ്റവും അധികം പിന്തുണ ലഭിച്ചത് ഓവിയക്കായിരുന്നു. പുറത്താക്കാന്‍ മറ്റ് മത്സരാര്‍ത്ഥികള്‍ നിരവധി തവണ തുടര്‍ച്ചയായി വോട്ട് ചെയ്തിട്ടും പ്രേക്ഷക പിന്തുണകൊണ്ട് മാത്രമാണ് ഓവിയ ഷോയില്‍ തുടര്‍ന്നത്.

തമിഴ് സിനിമയിലാണ് സജീവമായിരിക്കുന്നതെങ്കിലും മലയാളിയാണ് ഓവിയ. ഹെലന്‍ നെല്‍സണ്‍ എന്ന ഓവിയ ജനിച്ചതും വളര്‍ന്നതും തൃശൂരാണ്. ചാനല്‍ പരിപാടികളിലൂടെയായിരുന്നു ഓവിയക്ക് സിനിമയിലേക്കുള്ള വഴി തെളിഞ്ഞത്. കങ്കാരു എന്ന ചിത്രത്തിലൂടെയായിരുന്നു ഓവിയ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. പിന്നീട് അപൂര്‍വ്വ, പുതിയ മുഖം തുടങ്ങിയ ചിത്രങ്ങളിലും ഓവിയ വേഷമിട്ടു. മലയാളത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ഓവിയ കളവാണി എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് എത്തുകയായിരുന്നു.

ഏറ്റവും കൂടുതല്‍ പ്രേക്ഷക പിന്തുണയുള്ള ഓവിയ ബിഗ് ബോസില്‍ നിന്ന് പുറത്ത് പോയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മാനസിക സംഘര്‍ഷത്തെ തുടര്‍ന്നാണ് ഓവിയ ഷോ വിട്ടത്. മറ്റു മത്സരാര്‍ത്ഥികളുമായുള്ള അഭിപ്രായം വ്യത്യാസവും വ്യക്തിപരമായ മറ്റു പ്രശ്‌നങ്ങളും ഓവിയെ സമ്മര്‍ദ്ദത്തിലാക്കിയെന്നും പറയപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ബിഗ് ബോസ് അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

കഴിഞ്ഞ ഒരാഴ്ചയായി നടി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. നടിയും മറ്റൊരു മത്സരാര്‍ത്ഥിയായ ആരവും തമ്മിലുള്ള ബന്ധമാണ് പ്രശ്‌നത്തിന് കാരണമായത്. ഷോയിലെ മറ്റു താരങ്ങളാരും നടിയോട് പ്രത്യേക അടുപ്പം കാണിച്ചിരുന്നില്ല. ആരവ് മാത്രമാണ് ഓവിയയ്ക്ക് പിന്തുണ നല്‍കിയിരുന്നത്. ഇതോടെ നടിയും ആരവും തമ്മില്‍ പ്രണയമാണെന്ന കിംവദന്തികളും പരക്കെ പ്രചരിച്ചു.

എന്നാല്‍, ഇത് ഓവിയയെ ആരവില്‍ നിന്നും അകറ്റി. നടിക്ക് ആരവിനോട് പ്രണയമായിരുന്നെങ്കിലും നല്ലൊരു സുഹൃത്തിനെപ്പോലെയാണ് ആരവ് കണ്ടത്. സംഭവത്തിന് ശേഷം മാനസികമായി തകര്‍ന്ന ഓവിയ സെറ്റിലെ നീന്തല്‍ക്കുളത്തില്‍ ചാടി മൂക്കുപൊത്തി മുങ്ങിയിരുന്നു. എന്തോ പന്തികേടുണ്ടെന്നു മനസ്സിലായതോടെ മറ്റു മത്സരാര്‍ത്ഥികള്‍ നടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇതുകൊണ്ടാണ് നടി ഷോ ഉപേക്ഷിക്കാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ഇതിനിടെ ഓവിയ ആത്മഹത്യ ചെയ്‌തെന്ന് വ്യാജവാര്‍ത്തയും സമൂഹമാധ്യമങ്ങളിലൂടെ പടര്‍ന്നു. റിയാലിറ്റിഷോയുടെ സെറ്റില്‍ പൊലീസ് എത്തിയെന്നും വ്യാജവാര്‍ത്ത വന്നു. എന്തായാലും ഓവിയ ഇല്ലെങ്കില്‍ ഇനി സംപ്രേക്ഷണം ചെയ്യാനിരിക്കുന്നത് ബിഗ് ബോസിന്റെ അവസാന എപ്പിസോഡായിരിക്കുമെന്നാണ് ആരാധകരുടെ ഭീഷണി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook