എ ആർ റഹ്മാന് പിന്നാലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഇന്ത്യയിലേക്ക് എത്തിച്ചിരിക്കുകയാണ് സംഗീതസംവിധായകൻ കീരവാണി. 14 വർഷങ്ങൾക്കു ശേഷമാണ് ഗോൾഡൻ ഗ്ലോബ് ഇന്ത്യയിലേക്ക് എത്തുന്നത്. കോഡൂരി മരകതമണി കീരവാണി എന്ന എം. എം. കീരവാണി സംഗീതസംവിധായകൻ, പിന്നണി ഗായകൻ, ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം ഇന്ത്യൻ സിനിമയിൽ നിറഞ്ഞുനിൽക്കാൻ തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ട് പിന്നിടുകയാണ്. ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, മലയാളം എന്നിങ്ങനെ വിവിധ ഭാഷകളിലായി ഏതാണ്ട് 220-ലധികം സിനിമകൾക്ക് കീരവാണി സംഗീതം നൽകി കഴിഞ്ഞു.
ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയായ കൊവ്വൂരിലെ ഒരു തെലുങ്ക് കുടുംബത്തിലാണ് കീരവാണി ജനിച്ചത്. ഗാനരചയിതാവും തിരക്കഥാകൃത്തുമായ കോഡൂരി ശിവ ശക്തി ദത്തയാണ് കീരവാണിയുടെ പിതാവ്. സംഗീതസംവിധായകനും ഗായകനുമായ കല്യാണി മാലിക് സഹോദരനാണ്. സംവിധായകൻ എസ്.എസ്.രാജമൗലിയുടെയും സംഗീതസംവിധായികയും ഗായികയുമായ എം.എം.ശ്രീലേഖയുടെയും ബന്ധുവാണ്. തെലുങ്ക്- ബോളിവുഡ് ചലച്ചിത്ര തിരക്കഥാകൃത്തും സംവിധായകനുമായ വി.വിജയേന്ദ്ര പ്രസാദിന്റെ മരുമകൻ കൂടിയാണ് കീരവാണി.
മലയാളം സംഗീതസംവിധായകൻ സി. രാജാമണി, തെലുങ്ക് സംഗീതസംവിധായകൻ കെ. ചക്രവർത്തി എന്നിവരോടൊപ്പം അസിസ്റ്റന്റ് സംഗീത സംവിധായകനായി 1987ലാണ് കീരവാണി തന്റെ കരിയർ ആരംഭിക്കുന്നത്. കളക്ടർഗാരി അബ്ബായി, ഭാരതംലോ അർജുനുഡു തുടങ്ങിയ സിനിമകളിലും കീരവാണി അസിസ്റ്റന്റ് ചെയ്തു.
1990-ൽ കൽക്കി എന്ന ചിത്രത്തിലൂടെയാണ് കീരവാണി സ്വതന്ത്ര സംഗീതജ്ഞനായി മാറിയത്. എന്നാൽ ആ സിനിമ റിലീസ് ചെയ്തില്ല, പാട്ടുകളും അധികം ശ്രദ്ധ നേടാതെ പോയി. തുടർന്ന് സംവിധായകൻ മൗലിയുടെ ‘മനസ്സു മമത’ എന്ന ചിത്രത്തിനു വേണ്ടി പാട്ടുകൾ ഒരുക്കി. ഇതാണ് കീരവാണിയുടെ ആദ്യ റിലീസ് സിനിമയായി കണക്കാക്കുന്നത്.
രാം ഗോപാൽ വർമ്മയുടെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ക്ഷണ നിമിഷം (1991) ആണ് കീരവാണിയെ ശ്രദ്ധിക്കപ്പെടുന്ന സംഗീത സംവിധായകനാക്കി മാറ്റിയത്. ഈ സിനിമയിലെ എല്ലാ ഗാനങ്ങളും ഹിറ്റാവുകയും ദക്ഷിണേന്ത്യയിലെ മറ്റു ഇൻഡസ്ട്രികളിൽ നിന്ന് കീരവാണിക്ക് ഓഫറുകൾ ലഭിക്കാനും തുടങ്ങി.
കീരവാണിയുടെ ഹിറ്റ് ഗാനങ്ങൾ
- ശശികല ചാർത്തിയ (ചിത്രം: ദേവരാഗം)
- ശിശിരകാല മേഘമിഥുന (ചിത്രം: ദേവരാഗം)
- യ യ യ യാദവാ (ചിത്രം: ദേവരാഗം)
- കിളി പാടും ഏതോ (ചിത്രം: നീലഗിരി)
- മഞ്ഞു വീണ പുൽത്താരയിൽ (ചിത്രം: നീലഗിരി)
- തരളിത രാവിൽ മയങ്ങിയോ (ചിത്രം: സൂര്യമാനസം)
അന്നമയ്യ പോലുള്ള ഹിറ്റ് ചിത്രങ്ങളിലൂടെ തെലുങ്കിലെ പിന്നണി ഗാന രംഗത്തെ ശ്രദ്ധേയ വ്യക്തിത്വമായി കീരവാണി മാറി. ഈസ് രാത് കി സുബഹ് നഹിൻ (1996), സുർ – ദ മെലഡി ഓഫ് ലൈഫ്, സഖ്ം, സായ, ജിസം, ക്രിമിനൽ, സ്പെഷ്യൽ 26, റോഗ്, പഹേലി തുടങ്ങിയ ഹിന്ദി ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം പകർന്നു. മലയാളത്തിൽ നീലഗിരി (1991), സൂര്യ മാനസം (1992), ദേവരാഗം (1996) തുടങ്ങിയ ചിത്രങ്ങളുടെ സ്കോർ ചെയ്തതും കീരവാണിയാണ്. രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രമായ ബാഹുബലി ഒന്ന്, രണ്ട് ഭാഗങ്ങളുടെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയതും കീരവാണിയായിരുന്നു.