/indian-express-malayalam/media/media_files/uploads/2023/09/Mammootty-.jpg)
മമ്മൂട്ടിയും നായികമാരും
ഏറ്റവും കൂടുതൽ സിനിമകളിൽ ഒന്നിച്ച് അഭിനയിച്ച് റെക്കോർഡ് ഇട്ട താരജോഡികൾ എന്ന വിശേഷണം നസീറിനും ഷീലയ്ക്കും സ്വന്തമാണ്. 107 ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച് ഇരുവരും ഗിന്നസ് റെക്കോഡ് സ്വന്തമാക്കി. പ്രേംനസീറും ഷീലയും മുതലിങ്ങോട്ട് സ്ക്രീനിൽ ഒന്നിച്ചെത്തുന്നത് കാണാൻ പ്രേക്ഷകർ ഏറെയിഷ്ടപ്പെടുന്ന എത്രയോ താരജോഡികൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്.
‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന ചിത്രത്തിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തിയ പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി ഇന്ന് മലയാളസിനിമയുടെ സ്വന്തം മെഗാസ്റ്റാറാണ്. 400ൽ പരം ചിത്രങ്ങളിൽ മമ്മൂട്ടി ഇതിനകം വേഷമിട്ടു കഴിഞ്ഞു. ഏതാണ്ട് 150ലേറെ നടിമാരാണ് മമ്മൂട്ടിയുടെ നായികമാരായി തിളങ്ങിയത്. മമ്മൂട്ടിയ്ക്കൊപ്പം ഏറ്റവും കൂടുതൽ തവണ നായികയായി അഭിനയിച്ച നടി ആരെന്നറിയാമോ?
ആ റെക്കോർഡ് സീമയ്ക്കു സ്വന്തം. ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താര ജോഡികളാണ് സീമയും മമ്മൂട്ടിയും. മമ്മൂട്ടിയ്ക്ക് ഒപ്പം ഏതാണ്ട് 38 ഓളം ചിത്രങ്ങളിൽ സീമ നായികയായി. സീമ ആദ്യം മമ്മൂട്ടിയുടെ നായികയായത് പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ‘സ്‌ഫോടനം’(1981) എന്ന ചിത്രത്തിലാണ്. തടാകം, ഇനിയെങ്കിലും, അതിരാത്രം, അക്ഷരങ്ങള്‍, അടിയൊഴുക്കുകള്‍, ആൾക്കൂട്ടത്തില്‍ തനിയെ, ഇടനിലങ്ങള്‍, ആവനാഴി, അടിമകള്‍ ഉടമകള്‍ എന്നീ ചിത്രങ്ങളിലെല്ലാം മമ്മൂട്ടിയും സീമയും നായികാനായകന്മാരായി എത്തി. ഇരുവരും നായികാനായകന്മാരായി അഭിനയിച്ച അവസാന ചിത്രം ജോഷി സംവിധാനം ചെയ്ത ‘മഹായാനം’ (1989) ആയിരുന്നു. ഏറ്റവും ഒടുവിൽ സീമയും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിച്ച ചിത്രം പ്രജാപതിയാണ്. ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ ഇളയമ്മയായാണ് സീമ അഭിനയിച്ചത്.
1984ൽ മാത്രം മമ്മൂട്ടിയുടെ നായികയായി പത്തു ചിത്രങ്ങളിലാണ് സീമ അഭിനയിച്ചത്. മറ്റൊരു കൗതുകം കൂടിയുണ്ട്, സീമ മമ്മൂട്ടിയുടെ നായികയായി എത്തിയ 38 ചിത്രങ്ങളിൽ 18 എണ്ണവും സംവിധാനം ചെയ്തത് സംവിധായകനും സീമയുടെ ഭർത്താവുമായ ഐ വി ശശിയായിരുന്നു.
സീമ കഴിഞ്ഞാൽ മമ്മൂട്ടിയ്ക്ക് ഒപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായികയായ ഒരാൾ ശോഭനയാണ്. ഏതാണ്ട് 35 ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഇത്തിരിപ്പൂവേ ചുവന്നപ്പൂവേ, കാണാമറയത്ത്, അനുബന്ധം, യാത്ര ഉപഹാരം, രാരീരം, അനന്തരം, വിചാരണ, പപ്പയുടെ സ്വന്തം അപ്പൂസ്, മഴയെത്തും മുൻപെ, ഹിറ്റ്ലർ, വല്യേട്ടൻ എന്നിവയൊക്കെ ഏറെ ശ്രദ്ധ നേടിയ മമ്മൂട്ടി-ശോഭന ചിത്രങ്ങളാണ്.
സുഹാസിനിയാണ് മമ്മൂട്ടിയ്ക്ക് ഒപ്പം നിരവധി തവണ നായികയായി പ്രത്യക്ഷപ്പെട്ട മറ്റൊരു നടി. പത്തിലധികം ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി- സുമലത ജോഡികളും എൺപതുകളിൽ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന താരജോഡികളാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us