അപ്രതീക്ഷിത മഴയേയും വകവയ്ക്കാതെ ഉച്ചക്ക് ശേഷം ഒരോട്ടോയില്‍ നഗരത്തിലെ ഹോട്ടലില്‍ നിന്നും തെരുവില്‍ വന്നിറങ്ങുമ്പോള്‍ അതിന്റെ വഴികളെല്ലാം വിജനമായിരുന്നു. ഹുവാന്‍ റൂഫോയുടെ ‘പെട്രോ പരാമ’യിലെ മരിച്ചവരുടെ നഗരത്തിന്റെ പ്രതീതി. ലോകത്തിലെ എല്ലാ നഗരങ്ങളെയും ബാധിച്ച നിശ്ചലത ഇവിടെയും തുടര്‍ന്നു പോകുന്നു. കാറ്റില്ല, ചാറ്റല്‍ മഴയും നേരിയ തണുപ്പും പ്രാചീനതയേറ്റു മങ്ങിയ ചുവരുകളും മാത്രം. പാന്‍ഡമിക്ക് സാഹചര്യത്തില്‍ ഇറ്റാലിയന്‍ കവി ബോനെ എഴുതിയത് ഓര്‍മ്മ വരുന്നു. ഏകാന്തത നിറഞ്ഞ നഗര ചത്വരത്തെ ഭയത്തോടെ നോക്കുന്ന മനുഷ്യന്‍. ജനാലകളാണ് അവരെ ലോകവുമായി ബന്ധിപ്പിക്കുന്നത്.
മതിലില്‍ പഴയ ബിനാലെയുടെ അവശേഷിപ്പുകള്‍. രണ്ടര വര്‍ഷത്തെ നിശബ്ദത അതിനെ മാറ്റി മറിച്ചിരിക്കുന്നു. അടച്ചിട്ട മ്യൂസിയങ്ങള്‍, ചരിത്രത്തെ വില്പനക്ക് വച്ച ഇടുങ്ങിയ മാര്‍ക്കറ്റുകള്‍ എല്ലാത്തിനും മുകളില്‍ ജനാലകള്‍. ഈ നഗരം ഇന്നലെ എങ്ങനെയായിരുന്നുവെന്ന് സങ്കല്‍പ്പിക്കാന്‍ ശ്രമിച്ചു നോക്കാറുണ്ട്. പക്ഷേ മനുഷ്യന്റെ ഓര്‍മകളുടെ പരിധി അതിനെ വിലക്കുന്നു. ഇന്നലെ എങ്ങനെയായിരുന്നുവോ അങ്ങനെ അല്ലാതായ എത്രയോ നഗരങ്ങള്‍ക്കൊപ്പം ഇതും ചേര്‍ത്തു വയ്ക്കപ്പെടുന്നു. ‘പെട്രോ പരാമ’യിലെ മരിച്ചവരുടെ നഗരം പോലെ ശൂന്യമായ ഒരിടമാകുന്നു പ്രിയപ്പെട്ട ചത്വരങ്ങള്‍.
മലയാളി ജീവിതത്തിന്‍റെ ചലച്ചിത്ര സമീപനങ്ങള്‍ ഗൃഹാതുരവും അവരുടെ സാംസ്കാരിക ജീവിതവുമായി അത്രമേല്‍ ചേര്‍ന്നു കിടക്കുന്നവയുമാണ്. ദക്ഷിണേന്ത്യക്ക് മൊത്തമായി അങ്ങനെയൊരു ബാന്ധവം ചലച്ചിത്ര കലയുമായി നിലനില്‍ക്കുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്പ് സിനിമ ആടിത്തകര്‍ത്ത വേദികള്‍ ഇപ്പോള്‍ അടഞ്ഞു കിടക്കുകയാണ്. അന്ന് ഉണ്ടായിരുന്ന പലരും ഇന്നില്ല. നിശ്ചലമായ തിരശ്ശീലക്ക് പിന്നില്‍ കലയും പിന്‍വലിഞ്ഞു. സാധാരണക്കാരും, അഭിനേതാക്കളും അടക്കം ലോകം വിട്ടുപോയ പലരുടെയും ഓര്‍മ്മകള്‍ ഇപ്പോഴും നഗരങ്ങളെയും ഗ്രാമങ്ങളെയും ചുറ്റി സഞ്ചരിക്കുന്നു.
പുറമേ നോക്കുമ്പോള്‍ കാണുന്നതിനേക്കാൾ വിശാലമായ ഒരു സമ്പദ് വ്യവസ്ഥ കൂടിയാണ് കൊറോണ പാന്‍ഡമിക്ക് കാലം തകര്‍ത്തു കളഞ്ഞത്. ലോക സിനിമയില്‍ ഇത്രത്തോളം ദീര്‍ഘമായി നീണ്ടു നിന്ന ഒരു പ്രതിസന്ധി മുന്‍പുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.
ലോകത്തിന്റെ ഭൂതകാലത്തെ ആഘോഷമാക്കിയ ഉത്സവാഘോഷങ്ങള്‍ ഇനിയും തിരികെ വന്നിട്ടില്ല . പക്ഷേ ചെറിയ കുഞ്ഞിനെപ്പോലെ പതിയെ ഒരാനന്ദം പിച്ചവയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു. ലോകമെമ്പാടുമുള്ള കലാകാരന്മാര്‍ക്കും അതിനെ ഉപജീവിച്ചു കഴിയുന്ന നിരവധി മനുഷ്യര്‍ക്കും അതു നല്‍കുന്ന പ്രതീക്ഷ ചെറുതല്ല.

വിഭൂതി ഭൂഷണ്‍ ബന്ദോപാധ്യായയുടെ വിഖ്യാതമായ ‘അപരാജിതോ’വില്‍ ബംഗാളിലെ ഗ്രാമങ്ങളില്‍ ഉത്സവാഘോഷ കാലങ്ങളില്‍ മാഘ മാസത്തെ സായന്തനങ്ങളില്‍ എവിടെ നിന്നോ എത്തുന്ന ജാത്ര സംഘങ്ങളെപ്പറ്റി പറയുന്നുണ്ട്. കെട്ടുകഥകളും പുരാണ ഇതിഹാസങ്ങളും ഗ്രാമങ്ങളുടെ തരിശു ഭൂമികയില്‍ തങ്ങളെ വീണ്ടും വീണ്ടും പ്രദര്‍ശിപ്പിച്ച് കടന്നു പോകുന്നു. അവിടേക്ക് പിന്നീട് സിനിമാ സ്കോപ്പ് കടന്നു വരുന്നുണ്ട്. പതിയെ ആ വേരുകള്‍ മഹാ നഗരങ്ങളിലെ തിയേറ്ററുകളിലേക്കുള്ള മാര്‍ഗ്ഗം തുറക്കുന്നു. അങ്ങനെ കഴിഞ്ഞ കാലത്തിലെ ഏതൊക്കെയോ നല്ല ഓര്‍മ്മകളുടെ ജീവിതം കൂടിയാണ് ഇന്ത്യക്കാരനും സിനിമ.
തനിക്ക് എത്തിച്ചേരാന്‍ കഴിയാത്ത സ്വപ്നങ്ങളെ അവന്‍ സിനിമയിലൂടെ തിരിച്ചു പിടിക്കുന്നു. ലോകത്തെങ്ങും ഇല്ലാത്ത വിവേചന ബുദ്ധിയുടെ അതിര്‍വരമ്പുകളോ യുക്തിയോ ചോദ്യം ചെയ്യപ്പെടാത്ത ഒരു സംസ്കാരം ഇവിടെ നിലനില്‍ക്കുന്നു. പ്രണയവും ദുഃഖവും പ്രതീക്ഷകളും തങ്ങളെ ചുറ്റിയ തീവ്ര രഹസ്യങ്ങളും മനുഷ്യര്‍ക്ക് ഈ ഇടങ്ങള്‍ നല്‍കിയ അഭയം എങ്ങനെ വിസ്മരിക്കാനാണ്.
തിയേറ്ററുകള്‍ പ്രണയത്തിന്റെ ഭാഗമാണ്. ഒരു മൂന്നാം ലോക രാജ്യത്തിന്റെ പാരമ്പര്യത്തിന്റെ ഭാരം ഇറക്കി വയ്ക്കാനുള്ള രഹസ്യ കേന്ദ്രം. ലോകപ്രശസ്ത സിനിമയായ ‘സിനിമാ പാരഡിസോ’യിലെ സദാചാര ചിത്തനായ പുരോഹിതനെപ്പോലെ സമൂഹം ഏതറ്റവും തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്ന കമിതാക്കളെ അവരുടെ തീര്‍ഥാടന കേന്ദ്രമാക്കി മാറ്റാന്‍ ഈ കലാ കേന്ദ്രങ്ങള്‍ എത്രയോ സഹായിച്ചിരിക്കുന്നു.

വിപ്ലവവും പ്രണയവും രതിയും വിട്ടു വീഴ്ചയില്ലാത്ത ജീവിത ദാഹവുമാണ് കലയുടെ അതിജീവനത്തിന്റെ മുഖമുദ്ര. രണ്ടു പേര്‍ ഒരുമിച്ചിരിക്കുമ്പോഴും ചുംബിക്കുമ്പോഴും ലോകം മാറുന്നുവെന്ന് കവി പറയുന്നതും അതു കൊണ്ടു തന്നെയാണ്. തിയേറ്ററുകളിലെ അരണ്ട വെളിച്ചത്തിലും തിരശ്ശീലയിലും ഒരുമിച്ചു പടരുന്ന പ്രണയം അവസാനമില്ലാത്ത പ്രവാഹമാണ്. രാഷ്ട്രീയമായും അതിന് പ്രാധാന്യമുണ്ട്. പെട്ടന്ന് അവസാനിച്ചു പോകുന്ന ഒന്നല്ല സിനിമാശാലകളെ ചുറ്റിയുള്ള ജീവിതം. സംഗീതവും കഥകളും ജീവിതവുമായി നിരന്തര സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന മലയാളി ജീവിതത്തിന് അത് എത്രയോ പ്രധാനപ്പെട്ടതുമാണ്.
കാലം മാറുമ്പോള്‍ വേദികള്‍ക്കും അതു ബാധകമാകുമെന്ന അനിവാര്യതയ്ക്കും അപ്പുറം വിമര്‍ശന വിധേയമായി കാണേണ്ട ഒന്നല്ല സിനിമാ പ്രദര്‍ശന ആപ്ലിക്കേഷനുകളുടെ (OTT) ലോകം. വിമര്‍ശനമായി കണ്ടാലും കടിഞ്ഞാണ്‍ അഴിഞ്ഞ കുതിരയുടെ അതിവേഗത ചലനം പോലെ അത് എല്ലാത്തിനെയും മറികടന്നു പോകും. കല പുതിയ വേദികള്‍ തേടുമ്പോള്‍ അതിനൊരു വേഗത പാന്‍ഡമിക്ക് കാലം നല്‍കി എന്നതേയുള്ളൂ. അങ്ങനെ ഒന്ന് ഉണ്ടായിരുന്നില്ല എങ്കിലും ഇത്തരം പ്ലാറ്റ് ഫോമുകള്‍ പതിയെ രൂപപ്പെടുമായിരുന്നു എന്നതില്‍ തര്‍ക്കമില്ല.

അടച്ചിട്ട തിയേറ്ററുകള്‍ ഉടന്‍ തന്നെ തുറക്കുമെങ്കിലും കഴിഞ്ഞ കാലത്തെ പൂര്‍ണ്ണമായും തിരികെ പിടിക്കാന്‍ ആദ്യഘട്ടത്തില്‍ കഴിഞ്ഞെന്നു വരില്ല. എങ്കിലും പുറം ലോകത്തെ ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്ന മനുഷ്യര്‍ ഒരു കാലത്തും വംശനാശം വന്നു പോകുന്ന ഒരിനമായി മാറുമെന്ന് കരുതാന്‍ വയ്യ. ആഘോഷങ്ങളോ ആള്‍ക്കൂട്ടങ്ങളോ ഒരിക്കലും അവസാനിച്ചു പോകുന്നുമില്ല. അതിനാല്‍ തന്നെ, പതിയെ ആണെങ്കില്‍ക്കൂടി മനുഷ്യര്‍ തങ്ങളുടെ പ്രിയപ്പെട്ട ഇടങ്ങളിലേക്ക് തിരിച്ചു വരുമെന്ന് കരുതാം, പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല.
മനുഷ്യര്‍ പ്രതീക്ഷയോടെ സംസാരിക്കുകയാണ്. പുതുതായി കാണുന്ന മനുഷ്യരോട് അവര്‍ക്ക് മുന്‍പില്ലാത്ത ഒരു സൗഹൃദ മനോഭാവം ഉണ്ടായിരിക്കുന്നു. പ്രവര്‍ത്തികളും സമീപനങ്ങളും മാറിയിരിക്കുന്നു. ഏകാന്തത മനുഷ്യ മനസ്സുകളില്‍ ഉണ്ടാക്കിയ വരള്‍ച്ചയെ മറികടക്കാന്‍ വീണ്ടും ജനക്കൂട്ടങ്ങളുടെ ആരവങ്ങള്‍ക്കായി ഗ്രാമങ്ങളും നഗരങ്ങളും മനുഷ്യരും കാത്തിരിക്കുകയാണ്.
Read Here: ആദ്യമെത്തുക ജെയിംസ് ബോണ്ട്, പിന്നാലെ ജോജു- പൃഥ്വി ചിത്രം; തിയേറ്ററുകൾ തുറക്കുമ്പോൾ