ഇന്നലെ രാത്രി ദുബായില്‍വച്ച് ഇന്ത്യന്‍ സിനിമയ്ക്ക് നഷ്ടപ്പെട്ടത് പകരംവയ്ക്കാനില്ലാത്ത താരത്തെയാണ്. 54 വയസ്സായിരുന്നു ശ്രീദേവിക്ക്. ബോളിവുഡിന്റെ ‘ലേഡി അമിതാഭ് ബച്ചന്‍’ എന്നായിരുന്നു ശ്രീദേവി അറിയപ്പെട്ടിരുന്നത്. ഒരു കാലഘട്ടം ബി ടൗണ്‍ അടക്കി ഭരിച്ച താരം.

സിനിമയ്ക്കകത്തും പുറത്തും ശ്രീദേവി വാര്‍ത്തയായിരുന്നു. പ്രശസ്ത സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ് 1993ല്‍, വിഖ്യാതമായ ‘ജുറാസിക് പാർക്ക്’ എന്ന ചിത്രമൊരുക്കുമ്പോള്‍ ഒരു ചെറിയ വേഷത്തിലേക്ക് ശ്രീദേവിയെ പരിഗണിച്ചിരുന്നു. അന്ന് ശ്രീദേവി അഭിനയ ജീവിതത്തില്‍ കത്തി നിന്നിരുന്ന കാലം. അതുകൊണ്ടു തന്നെ തന്റെ അന്നത്തെ പദവിക്ക് ആ വേഷം ചേരില്ലെന്നു പറഞ്ഞ് ശ്രീദേവി ആ അവസരം വേണ്ടെന്നു വച്ചു.

അമ്മയ്ക്ക് 70, മകള്‍ക്ക് 54: ഒരു ദിവസത്തിന്‍റെ ഓര്‍മ്മകളില്‍ അവര്‍ വീണ്ടും ഒന്നിക്കുമ്പോള്‍

ശ്രീദേവി വേണ്ടെന്നു വച്ച സിനിമകളുടെ വലിയ പട്ടികയില്‍ ഒന്നുമാത്രമായിരുന്നു അവര്‍ക്ക് ജുറാസിക് പാർക്ക്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഷാരൂഖ് ഖാന്‍ നായകനായ ‘ഡര്‍’ എന്ന ചിത്രത്തിലും ശ്രീദേവിക്ക് ക്ഷണമുണ്ടായിരുന്നു. എന്നാല്‍ ‘ചാന്ദ്‌നി’ ‘ലംഹേ’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ‘ഡര്‍’ലെ കഥാപാത്രം വളരെ സാധാരണമായ ഒന്നാണെന്നു തനിക്കു തോന്നിയതുകൊണ്ടാണ് വേണ്ടെന്നുവച്ചതെന്ന് ശ്രീദേവി മാധ്യമങ്ങളോടു പറഞ്ഞു.

‘ഷാരൂഖ് ഖാന്‍ അവതരിപ്പിച്ച കഥാപാത്രമായിരുന്നെങ്കില്‍ അത് ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. ചിത്രത്തില്‍ ജൂഹി അവതരിപ്പിച്ച കഥാപാത്രം, അവര്‍ക്ക് തീര്‍ത്തും പുതുമയുള്ളതാണ്, അതുകൊണ്ടുതന്നെ നല്ലതുമാണ്. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഇത്തരം കഥാപാത്രങ്ങള്‍ മുമ്പും പലതവണ ചെയ്തിട്ടുണ്ട്,’ ഇതായിരുന്നു ശ്രീദേവിയുടെ മറുപടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ