പിറന്നാൾ ആഘോഷങ്ങൾ കഴിഞ്ഞ് മുംബൈയിലേക്ക് മടങ്ങിവരാനായി അലിബാഗിൽ എത്തിയ ഷാരൂഖ് ഖാനോട് ദേഷ്യപ്പെടുന്ന മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്തിന്റെ വിഡിയോ പുറത്ത്. നവംബർ രണ്ടിന് നടന്ന സംഭവത്തിന്റെ വിഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

മഹാരാഷ്ട്രയിലെ അലിബാഗിൽ വച്ചായിരുന്നു കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഷാരൂഖ് തന്റെ പിറന്നാൾ ആഘോഷിച്ചത്. ആഘോഷങ്ങൾ കഴിഞ്ഞ് മുംബൈയിലേക്ക് മടങ്ങാനായി ഉല്ലാസ ബോട്ടിൽ ഷാരൂഖ് അലിബാഗിൽ എത്തി. ഈ സമയത്താണ് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലർ ജയന്ത് പാട്ടീലിന്റെ ബോട്ടും എത്തിയത്. ഷാരൂഖ് വരുന്നതറിഞ്ഞ് നിരവധി ആരാധകരും സ്ഥലത്ത് തടിച്ചു കൂടിയിരുന്നു. ഇതുമൂലം ജയന്ത് പാട്ടീലിന് തന്റെ ബോട്ട് കരയ്ക്ക് അടുപ്പിക്കാനായില്ല.

Read More: കിങ് ഖാന് 52-ാം പിറന്നാള്‍; ആഘോഷമാക്കി താരങ്ങൾ

ഏറെ നേരം കാത്തിരുന്നിട്ടും ഷാരൂഖ് പുറത്തേക്ക് വരാത്തതോടെ ജയന്ത് ചൂടായി. ‘നിങ്ങൾ സൂപ്പർ സ്റ്റാറാകാം, പക്ഷേ അലിബാഗ് നിങ്ങളുടെ സ്വന്തമല്ലെ’ന്ന് ജയന്ത് ഉറക്കെ ഷാരൂഖിനോടായി വിളിച്ചു പറഞ്ഞു. പക്ഷേ ഷാരൂഖ് എന്നിട്ടും പുറത്തേക്കു വന്നില്ല. ജയന്ത് പോയതിനുശേഷമാണ് ഷാരൂഖ് പുറത്തേക്ക് വന്നത്. പുറത്തെത്തിയ ഷാരൂഖ് ആരാധകർക്കുനേരെ കൈവീശി കാണിച്ച് നടന്നുപോയി.

ഷാരൂഖിന്റെ 52-ാം പിറന്നാളായിരുന്നു നവംബർ 2. കുടുംബത്തിനും അടുത്ത സുഹൃത്തുക്കളായ ഫറാ ഖാൻ, കരൺ ജോഹർ, സിദ്ധാർഥ് മൽഹോത്ര, കത്രീന കെയ്ഫ്, ആലിയ ഭട്ട് എന്നിവർക്കൊപ്പമായിരുന്നു കിങ് ഖാന്റെ പിറന്നാൾ ആഘോഷം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook