പലവിധ കാരണങ്ങളാൽ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുള്ള ആളാണ് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ. ഷാരൂഖിന്റെ പുതിയ ചിത്രമായ ‘പത്താനും’ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ നിറയുകയാണ്. ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിദ്വേഷ പ്രചരണകളാണ് നടക്കുന്നത്. #BoycottPathan ഹാഷ് ടാഗുകളും സജീവമാണ്.
ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പത്താനിലെ ‘ബേഷരം റംഗ്’ എന്ന ഗാനം ഇറങ്ങിയതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്. ഗാനരംഗം പ്രകോപനപരമാണ്, ചിത്രത്തിൽ നിന്നും പ്രസ്തുത ഗാനരംഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര രംഗത്ത് വന്നതിന് പിന്നാലെയാണ് ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായത്. ഗാനരംഗത്തിൽ ദീപികയണിഞ്ഞ കുങ്കുമ നിറത്തിലുള്ള നീന്തൽ വസ്ത്രമാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്. ബേഷരം എന്ന ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഗാനരംഗത്തില്‍ മാറ്റം വരുത്താതെ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ലെന്നും നരോത്തം മിശ്ര പറയുന്നു. വീര്‍ ശിവജി സംഘടനയിലെ അംഗങ്ങള്‍ ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലം കത്തിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
മുൻപും ഷാരൂഖ് ചിത്രങ്ങൾക്കെതിരെ ബോയ്കോട്ട് ആഹ്വാനങ്ങളും വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. നാലു വർഷങ്ങൾക്കു മുൻപ് പേരിൽ ഖാൻ എന്നുള്ളതുകൊണ്ട് അമേരിക്കയിലെ ന്യുവാര്‍ക്ക് വിമാനത്താവളത്തില്‍ താരത്തെ തടഞ്ഞുവച്ച സംഭവവും ഉണ്ടായി. ഖാന് എന്ന പേരിന്റെ അടിസ്ഥാനത്തില്‍ മാത്രം തടഞ്ഞുവെച്ചത് തന്നെ ഞെട്ടിച്ചുവെന്നാണ് ഈ സംഭവത്തെ കുറിച്ച് ഷാരൂഖ് പറഞ്ഞത്.
ഇത്തരം വിവാദങ്ങൾക്കിടയിൽ, ഒരിക്കൽ കലയെയും മതത്തെയും കുറിച്ച് ഷാരൂഖ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. “ഒരു ഹിന്ദു ആയിരുന്നെങ്കിൽ, അല്ലെങ്കിൽ പേര് വ്യത്യസ്തമായിരുന്നെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമാകുമായിരുന്നുവെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” എന്ന ചോദ്യത്തെ ഷാരൂഖ് ഒരിക്കൽ നേരിടേണ്ടി വന്നു. മറ്റൊരു സമുദായത്തിൽ ജനിച്ചാൽ കാര്യങ്ങൾ വ്യത്യസ്തമാവുമെന്ന് താൻ കരുതുന്നില്ലെന്നാണ് ഷാരൂഖ് ചോദ്യത്തിന് മറുപടി പറഞ്ഞത്.
“ഒരു വ്യത്യാസവും ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. കലാകാരന്മാർക്ക് ഈ പ്രവണതയെ മറികടക്കാനുള്ള ശേഷിയുണ്ടെന്ന് ഞാൻ കരുതുന്നു. നിങ്ങൾ യഥാർത്ഥത്തിൽ കലയെ ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ കലാകാരൻ ഏത് സമുദായത്തിൽ നിന്നാണെന്നോ ഏത് വിഭാഗത്തിൽ നിന്നാണെന്നോ തുടങ്ങിയ കാര്യങ്ങൾ നിങ്ങൾ പരിഗണിക്കില്ല. നിങ്ങൾ എന്നെ എന്ത് പേരിട്ട് വിളിച്ചാലും എനിക്കത് മധുരതരമാണ്,” ഷാരൂഖിന്റെ വാക്കുകൾ ഇങ്ങനെ.
അതേസമയം, SRK എന്നതിന് ശേഖർ കൃഷ്ണ എന്നോ മറ്റോ പേരായിരുന്നെങ്കിലോ എന്ന നിർദ്ദേശം മുന്നോട്ടുവച്ച ചോദ്യകർത്താവിനോട്, “അപ്പോൾ SRKയിലെ R മിസ്സാകുമല്ലോ, ശേഖർ രാധാ കൃഷ്ണ എന്നാക്കേണ്ടി വരുമല്ലോ പേര്” എന്നാണ് സ്വതസിദ്ധമായ നർമ്മത്തോടെ ഷാരൂഖ് പ്രതികരിച്ചത്.