/indian-express-malayalam/media/media_files/uploads/2023/09/nayanthara-3.jpg)
പത്തുവർഷങ്ങൾക്കു മുൻപുള്ളതാണ് ഈ വീഡിയോ
ഷാരൂഖ് ഖാന്റെ നായികയായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാര. വ്യാഴാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണം തേടി മുന്നേറുകയാണ്. ആദ്യം ദിനം തന്നെ 75 കോടി നേടി ഹിന്ദി സിനിമയിലെ എക്കാലത്തേയും വലിയ ഓപ്പണിങ് ആയി മാറിയിരിക്കുകയാണ് ‘ജവാൻ’. ഷാരൂഖിന്റെ 'പത്താൻ' എന്ന ചിത്രത്തിന്റെ റെക്കോർഡിനെ മറികടന്നാണ് 'ജവാൻ' ഒന്നാമതെത്തിയത്.
ജവാൻ തരംഗമാവുമ്പോൾ, ഷാരൂഖും നയൻതാരയും ഒന്നിച്ചുള്ള പഴയൊരു വീഡിയോയും സമൂഹമാധ്യമങ്ങൾ ആഘോഷമാക്കുകയാണ്. 2013 വിജയ് അവാർഡ്സിൽ മികച്ച നടിയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയത് നയൻതാര ആയിരുന്നു. രാധിക ശരത് കുമാർ ആയിരുന്നു നയൻതാരയ്ക്ക് അവാർഡ് സമ്മാനിച്ചത്. ആ അവാർഡ് നിശയിൽ ഷാരൂഖും പങ്കെടുത്തിരുന്നു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് ഷാരൂഖിന് ഷെവലിയർ ശിവാജി ഗണേശൻ പുരസ്കാരം സമ്മാനിക്കുകയും ചെയ്തു.
നയൻതാരയ്ക്ക് അവാർഡ് കൈമാറിയ ശേഷം, ഇവിടെ വിജയ്, സൂര്യ, ശിവ കാർത്തികേയൻ എല്ലാവരുമുണ്ട്. ഇവരിൽ ആരെയാണ് കൂടുതൽ ഇഷ്ടമെന്നായിരുന്നു നയൻതാരയോട് രാധിക തമാശയായി ചോദിച്ചത്. എല്ലാവരെയും ഇഷ്ടമാണെന്ന് നയൻതാര പറയുമ്പോൾ, മൈക്ക് വാങ്ങി 'നയൻസിന് ഷാരൂഖ് ഖാനെയാണ് ഇഷ്ടം' എന്നാണ് രാധികയുടെ കമന്റ്. നയൻതാര കടുത്ത ഷാരൂഖ് ഖാൻ ആരാധികയാണെന്ന് ഷാരൂഖിനെ അറിയിക്കുകയായിരുന്നു രാധിക.
ഇതുകേട്ട്, സദസ്സിൽ ഇരുന്ന ഷാരൂഖ്, തനിക്കും ഇഷ്ടമാണെന്ന് ആംഗ്യം കാണിച്ചു. നയൻതാരയെ ബോളിവുഡിലേക്ക് കൊണ്ടുപോകാൻ തയ്യാറാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു ഷാരൂഖിന്റെ ആംഗ്യങ്ങളും മുഖഭാവങ്ങളും. താങ്കൾ നയൻസിനെ കിഡ്നാപ്പ് ചെയ്ത് ഹിന്ദിയിലേക്ക് കൊണ്ടുപോവുമോ എന്നു അവതാരക ചോദിക്കുമ്പോൾ ചിരിയോടെ അതെ എന്ന് ആംഗ്യം കാണിക്കുന്ന ഷാരൂഖിനെയും വീഡിയോയിൽ കാണാം. മറ്റൊരു യാദൃശ്ചികത, ഷാരൂഖിന്റെ ഈ റിയാക്ഷൻ കണ്ട് കയ്യടിക്കുന്ന ആറ്റ്ലിയുടെ സാന്നിധ്യമാണ്.
10 വർഷങ്ങൾക്കിപ്പുറം, ഷാരൂഖിന്റെ സിനിമയിലൂടെ തന്നെ നയൻതാര ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അതും, അന്ന് ഷാരൂഖിനും നയൻസിനുമായി കയ്യടിച്ച അതേ ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ. കാലം കാത്തുവച്ച ആ നിയോഗങ്ങളെ ആഘോഷമാക്കുകയാണ് നയൻതാര ആരാധകരും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.