ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ‘അമ്മ’ എന്ന രണ്ടക്ഷരത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യമുണ്ടാകും. അതുകൊണ്ട് തന്നെ തങ്ങളുടെ ഓരോ വളർച്ചയും അവർക്കൊപ്പം ആഘോഷിക്കാനും അതിലെ അവരുടെ സന്തോഷം കാണാനും ആഗ്രഹിക്കും. എന്നാൽ അതിനുള്ള ഭാഗ്യം ലഭിക്കാതെ പോയ ഒരാളാണ് ബോളിവുഡിന്റെ സൂപ്പർ താരം ഷാരൂഖ് ഖാൻ. 1992ൽ തന്റെ ആദ്യ അവാർഡ് വേദിയിൽ വച്ച് ഷാരൂഖ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. തനിക്ക് ലഭിച്ച പുതുമുഖ നടനുള്ള അവാർഡ് അമ്മ ലത്തീഫ് ഫാത്തിമ ഖാന് സമർപ്പിച്ചുകൊണ്ടാണ് ഷാരൂഖ് മനസ് തുറന്നത്.
മൂന്നാം ക്ലാസിൽ വച്ച് ഒരു മെഡൽ നേടിയ സമയവും അത് അമ്മയെ കാണിക്കാൻ വീട്ടിലേക്ക് ഓടിയതും അവിടെ ചെന്നപ്പോൾ അമ്മയെ കാണാതിരുന്നതും ഷാരൂഖ് ഓർത്തു. അതുപോലൊരു അനുഭവം ആണിതെന്നാണ് അവാർഡ് നേടി ഷാരൂഖ് പറഞ്ഞത്, “എനിക്ക് ആദ്യമായി സിനിമയിലെ ഒരു പ്രധാന അവാർഡ് ലഭിക്കുന്നു, ഇവിടെയും ഇപ്പോൾ അവരില്ല. ഇത് അമ്മയ്ക്കുള്ളതാണ്”, ഷാരൂഖ് പറഞ്ഞു. 1990-ൽ ഷാരൂഖിന്റെ അമ്മ മരണപ്പെട്ടിരുന്നു.
പിന്നീട്, സിമി ഗരേവാളുമായി നടത്തിയ അഭിമുഖത്തിൽ ഷാരൂഖ് ഇതിനെകുറിച്ച് സംസാരിച്ചിരുന്നു, തന്റെ വാക്കുകൾ കേട്ടപ്പോഴുള്ള ആളുകളുടെ നിശബ്ദതയും തുടർന്നുള്ള കരഘോഷവും അദ്ദേഹം ഓർത്തു. തന്റെ വിജയം കാണാൻ അമ്മയ്ക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ലെന്നും ഷാരൂഖ് വേദനയോടെ ഓർത്തു. “എന്റെ അമ്മ 70 എംഎംമിൽ എന്നെ കാണണമെന്ന് ഞാൻ ആഗ്രഹിച്ചു, ഞാൻ എന്താണോ അതിനേക്കാൾ ഏറെ വലുതായി,” ഷാരൂഖ് പറഞ്ഞു. ആ അവാർഡിന്റെ സമയത്ത് അമ്മയെ കുറിച്ചായിരുന്നു കൂടുതൽ ആലോചനയെന്നും അതുകൊണ്ട് തന്റെ അന്ന് സംഭവിച്ച മറ്റുകാര്യങ്ങൾ ഒന്നും ഓർമയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും ഷാരൂഖ് അമ്മയെക്കുറിച്ച് വാചാലനായി കൊണ്ടേയിരുന്നു. അവർ കൂടുതൽ ആളുകളെ പരിചയപ്പെടാൻ ആഗ്രഹിച്ചിരുന്നു, തന്നെ പോലെ ആയിരുന്നില്ലെന്ന് ഷാരൂഖ് പറഞ്ഞു.
“അമ്മ ഒരു സാമൂഹികജീവിയായിരുന്നു, ആളുകളെ കാണുന്നത് അവർ ഇഷ്ടപ്പെട്ടിരുന്നു. എവിടെ ആയാലും അവിടെ ഒരു ഓളമുണ്ടാക്കാൻ അവർക്ക് കഴിയുമായിരുന്നു. ഞാനാ അങ്ങനെ ആയിരുന്നില്ല. അച്ഛന്റെ മരണശേഷം അമ്മയാണ് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. അച്ഛന്റെ മരണത്തിന് ശേഷം എല്ലാ കാര്യങ്ങളും നോക്കിയത് അമ്മയാണെന്നും ഷാരൂഖ് പറഞ്ഞു. “കാൻസർ ബാധിച്ചാണ് അച്ഛൻ മരിച്ചത്. പത്ത് വർഷം മുൻപായിരുന്നു അത്. അതിനു ശേഷം അമ്മയാണ് എല്ലാ കാര്യങ്ങളും നോക്കി നടത്തിയത്. വലിയ സാമ്പത്തിക സ്ഥിതി ഒന്നും ഉണ്ടായിരുന്നില്ല. അമ്മ സാമൂഹികപ്രവർത്തകയും മജിസ്‌ട്രേറ്റും ആയിരുന്നു. അവർ വീട് നന്നായി നോക്കി, ഒന്നും എനിക്ക് രണ്ടാമത് ചോദിക്കേണ്ടി വന്നിട്ടില്ല, എല്ലാം എനിക്ക് നൽകി.” ഷാരൂഖ് പറഞ്ഞു.
അമ്മയുടെ മരണവും ഷാരൂഖ് ഓർത്തു, “ഞാൻ ഗോവയിൽ ഷൂട്ടിലായിരുന്നു, അമ്മയ്ക്ക് പ്രമേഹമുണ്ടായിരുന്നു. ഞാൻ ഗോവയിൽ നിന്ന് തിരിച്ചെത്തിയപ്പോൾ അമ്മയുടെ കാലിന് ഒന്ന് പരുക്കേറ്റിരുന്നു, അത് പടർന്നുപിടിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ സെപ്റ്റിസീമിയ പിടിപെട്ടു. ഞാൻ തയ്യാറല്ലായിരുന്നു, എന്റെ പിതാവിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. ഞാൻ അദ്ദേഹത്തോടൊപ്പം ആശുപത്രിയിൽ നിന്നിരുന്നു, അദ്ദേഹം പതിയെ പോയി.”

ജീവിതത്തിൽ ഒരിക്കലും ഒരിക്കലും പ്രാർത്ഥിച്ചിട്ടില്ലാത്ത താൻ, ഐസിയുവിൽ അമ്മ ജീവനുവേണ്ടി മല്ലിടുമ്പോൾ ആശുപത്രിയിലെ പാർക്കിംഗ് സ്ഥലത്തു പ്രാർത്ഥിക്കുകയായിരുന്നുവെന്നും ഷാരൂഖ് പറഞ്ഞു. “അമ്മയുടെ മരണത്തിന് ഞാൻ തയ്യാറല്ലായിരുന്നു. ഞാൻ ഒരിക്കലും പ്രാർത്ഥിച്ചിരുന്നില്ല, പക്ഷേ അമ്മ ഐസിയുവിൽ ആയിരുന്നപ്പോൾ ഒരു ദിവസം പെട്ടെന്ന് ശ്വാസംമുട്ട് വന്നു, ഞാൻ ആശുപത്രിയുടെ പാർക്കിംഗ് സ്ഥലത്തേക്കു പോയി, ആദ്യമായി ഞാൻ പ്രാർത്ഥിച്ചു. 6000 തവണ പ്രാർത്ഥിച്ചാൽ അമ്മയ്ക്ക് വേദനയുണ്ടാകില്ലെന്ന് ആരോ പറഞ്ഞിരുന്നു.”
“ഞാൻ അത് ചെയ്തു, അമ്മ പോകുകയാണെന്ന് ഡോക്ടർ എന്നോട് പറഞ്ഞു. ജീവിതത്തിൽ തൃപ്തനാകുമ്പോൾ ആണ് ഒരാൾ മരിക്കുക എന്നായിരുന്നു എന്റെ വിശ്വാസം. അതുകൊണ്ട് ഞാൻ അമ്മായുടെ അടുത്ത് പോയി പറഞ്ഞു, ഞാൻ ഒരിക്കലും സന്തോഷവാനായിരിക്കില്ല, ഞാൻ ഒരു മോശം വ്യക്തിയായിരിക്കും, സഹോദരിയെ നന്നായി നോക്കില്ല എന്നൊക്കെ. പക്ഷേ അമ്മയുടെ കണ്ണുകളിൽ മനോഹരമായ ഒരു ഭാവം ഉണ്ടായിരുന്നു, അത് എന്നോട് ഞാൻ പോകട്ടെ, വിശ്രമിക്കണം എന്ന് പറഞ്ഞു, അങ്ങനെ അമ്മ പോയി.” ഷാരൂഖ് പറഞ്ഞു.