ബോളിവുഡ് കിങ് ഖാന് ലോകത്തെങ്ങും ആരാധകരുടെ വലിയൊരു കൂട്ടം തന്നെയുണ്ട്. ഷാരൂഖ് ഖാനെ ഒരു നോക്ക് കാണുക എന്ന ലക്ഷ്യത്തോടെ മുംബൈയിലെ അദ്ദേഹത്തിന്റെ വസതിയായ മന്നത്തിനു മുന്നിൽ നിരവധി പേർ എത്താറുണ്ട്. ഇടയ്ക്കിടെ മന്നത്തിനു മുൻപിൽ ആരാധകരെ കാണാനായി ഷാരൂഖും എത്താറുണ്ട്.

ഷാരൂഖ് ഖാന്റെ പുതിയ ചിത്രമാണ് ‘ജബ് ഹാരി മെറ്റ് സേജൾ’. അനുഷ്ക ശർമയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ ‘ബീച്ച് ബീച്ച്’ എന്ന ഗാനത്തിന്റെ ലോഞ്ച് ആയിരുന്നു ഇന്നലെ. പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഷാരൂഖിനെ കാണാനായി ആരാധകരുടെ വലിയൊരു കൂട്ടം തന്നെ സ്ഥലത്തുണ്ടായിരുന്നു. കറുപ്പ് നിറമുളള വേഷമണിഞ്ഞാണ് ഷാരൂഖ് എത്തിയത്. ഷാരൂഖിനെ കണ്ടയുടൻ ആരാധകർ ആർത്തു വിളിച്ചു. ഇതിനിടയിൽ ആൾക്കൂട്ടത്തിനിടയിൽനിന്നും ഷാരൂഖിന്റെ പേര് വിളിച്ച് ഒരു ആരാധകൻ പൊട്ടിക്കരഞ്ഞു. ഇതുകണ്ട ഷാരൂഖ് അയാളെ അടുത്തേക്ക് വിളിച്ചു. ഷാരൂഖിനൊപ്പം ഒരു സെൽഫി എടുക്കണമെന്നു പറഞ്ഞു. ഇതുകേട്ട ഷാരൂഖ് ആരാധകന്റെ ആഗ്രഹം പോലെ കൂടെനിന്ന് സെൽഫിയെടുത്തു.

ഈ സംഭവത്തിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ഷാരൂഖിനൊപ്പം നടി അനുഷ്കയും പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. ഓഗസ്റ്റ് നാലിനാണ് ‘ജബ് ഹാരി മെറ്റ് സേജൾ’ തിയേറ്ററിലെത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ