അച്ഛൻ രാകേഷ് റോഷന്റെ ‘കഹോ നാ പ്യാർ ഹേ’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് താരം ഹൃത്വിക് റോഷൻ സ്വപ്നസമാനമായ അരങ്ങേറ്റം നടത്തിയത്. ആ ചിത്രം ഒറ്റരാത്രികൊണ്ട് ഹൃത്വിക്കിനെ താരമാക്കി. അച്ഛനും മകനും ഒന്നിച്ച് ചില ഹിറ്റുകൾ കൂടി ബോളിവുഡിനു നൽകി. അച്ഛൻ- മകൻ എന്നതിനേക്കാൾ സുഹൃത്തുക്കൾക്കു സമാനമായ സൗഹൃദമാണ് ഇരുവരും പങ്കിടുന്നത്. മകനുമായി ഇപ്പോൾ മികച്ചൊരു ബന്ധം പങ്കിടുന്നുവെങ്കിലും ഹൃത്വിക് എല്ലായ്പ്പോഴും ഇന്നത്തെപ്പോലെ അച്ചടക്കമുള്ള വ്യക്തിയായിരുന്നില്ലെന്ന് തുറന്നു പറയുകയാണ് രാകേഷ് റോഷൻ. സിമി ഗരേവാളുമായുള്ള അഭിമുഖത്തിനിടെ ഒരിക്കൽ മകനെ മർദ്ദിക്കേണ്ടി വന്ന അനുഭവം രാകേഷ് റോഷൻ പങ്കുവച്ചിരുന്നു.
കുട്ടിക്കാലത്തൊരിക്കൽ തന്നെ കോപാകുലനാക്കുന്ന രീതിയിൽ ഹൃത്വിക് പെരുമാറിയ സംഭവം ഓർത്തെടുക്കുകയായിരുന്നു രാകേഷ് റോഷൻ. “പതിമൂന്നാം നിലയിലെ ടെറസിനു സമീപം ഒഴിഞ്ഞ ബിയർ കുപ്പികളുണ്ടായിരുന്നു. അവനതെല്ലാം താഴേക്ക് വലിച്ചെറിയുകയായിരുന്നു,” ബാലിശമായ ചേഷ്ടകളോടെ ബിയർ കുപ്പികൾ വലിച്ചെറിയുന്ന ഹൃത്വിക്കിനെ കണ്ടപ്പോൾ തനിക്ക് ദേഷ്യം അടക്കാനായില്ലെന്നാണ് രാകേഷ് റോഷൻ പറയുന്നത്.
“അന്ന് മാത്രമാണ് ഞാൻ അവനെ അടിച്ചത്. എനിക്ക് ദേഷ്യം വന്നു. ഞാൻ അവനെ ഡൈനിംഗ് ടേബിളിൽ കിടത്തി അടിക്കാൻ തുടങ്ങി. എന്നാൽ പിന്നീട് എനിക്ക് മനസ്സിലായി, അത് അവന്റെ തെറ്റല്ല, അവൻ ഒരു കുട്ടി മാത്രമല്ലേ അന്ന്, അതിന്റെ വരുംവരായ്കകൾ അവനറിയില്ലല്ലോ,” രാകേഷ് റോഷൻ പറഞ്ഞു.
പിതാവ് ശിക്ഷിക്കുമ്പോഴെല്ലാം അത് എന്തിനു വേണ്ടിയാണെന്ന് ഓർമ്മപ്പെടുത്താൻ മറന്നിരുന്നില്ലെന്നാണ് ഹൃത്വിക് പറയുന്നത്. “ എന്നെയും സഹോദരിയെയും അദ്ദേഹം ശകാരിക്കുമ്പോഴെല്ലാം കുറച്ചു കഴിഞ്ഞു തിരിച്ചുവന്ന് വേദനിച്ചോ? ഞാൻ വല്ലാതെ അടിച്ചോ? എന്നു തിരക്കും. അല്ലെങ്കിൽ ചിലപ്പോൾ ചുംബിക്കുകയും മാപ്പ് പറയുകയും ചെയ്യുമായിരുന്നു. അതോടെ അദ്ദേഹത്തോടുള്ള പിണക്കം മാറുമായിരുന്നു.”
കഹോ നാ പ്യാർ ഹേയ്‌ക്ക് ശേഷം, കോയി മിൽ ഗയ, ക്രിഷ്, ക്രിഷ് 3 എന്നീ ചിത്രങ്ങളിൽ ഹൃത്വിക്കും രാകേഷും ഒരുമിച്ച് പ്രവർത്തിച്ചു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അവർ ക്രിഷ് 4 പ്രഖ്യാപിച്ചു, എന്നാൽ താമസിയാതെ രാകേഷിന് കാൻസർ രോഗം സ്ഥിരീകരിച്ചു. ചികിത്സകൾക്കൊടുവിൽ രാകേഷ് റോഷൻ പൂർണ്ണമായി സുഖം പ്രാപിച്ചു. ക്രിഷ് 4നെ കുറിച്ചുള്ള പുതിയ അനൗൺസ്മെന്റിനായി കാത്തിരിക്കുകയാണ് ആരാധകരും.