തെലുങ്ക് സിനിമ ഏജന്റിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഹംഗറിയിലാണ് മെഗാസ്റ്റാർ മമ്മൂട്ടി. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന താരം ഹംഗറിയിലെ നഗരം ചുറ്റിക്കാണാൻ ഇറങ്ങിയതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. വർഷങ്ങൾക്കുശേഷം തന്റെ പഴയ നായികയെ മമ്മൂട്ടി കണ്ടതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധർ ഏറ്റെടുത്തിരിക്കുന്നത്.
മേഘം സിനിമയിൽ മമ്മൂട്ടിയുടെ നായികയായെത്തിയ പൂജ ബത്രയാണ് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ”എല്ലാ മേഘം ആരാധകർക്കും, എന്റെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളായ മമ്മൂട്ടിക്കൊപ്പം. വളരെ നാളുകൾക്ക് ശേഷം കണ്ടതിൽ സന്തോഷം, ഇപ്പോഴും ഒരു മാറ്റവുമില്ല,” പൂജ എഴുതി. ചിത്രത്തിനുള്ള ആദ്യ കമന്റുമായി എത്തിയത് പൂജയുടെ ഭർത്താവാണ്. ക്ലാസ് കോംബോ, നമ്മുടെ മെഗാസ്റ്റാർ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.
1999 ൽ പ്രിയദർശൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മേഘം സിനിമയിൽ മമ്മൂട്ടിയുടെ നായിക വേഷം ചെയ്തത് പൂജ ബത്രയായിരുന്നു. ഭർത്താവിനൊപ്പം ഹംഗറിയിലാണ് പൂജ ബത്രയുള്ളത്. ഒക്ടോബർ 27ന് ജന്മദിനം ആഘോഷിച്ചതിന്റെ ചിത്രങ്ങൾ പൂജ ഷെയർ ചെയ്തിരുന്നു.
ഭർത്താവിനൊപ്പമുള്ള യാത്രയുടെ മനോഹര ചിത്രങ്ങളും അവർ പങ്കു വച്ചിരുന്നു. ”ഭർത്താവ് എവിടെയാണോ അവിടെയാണ് വീട് എന്നാണ്,” ചിത്രങ്ങൾക്ക് അടിക്കുറപ്പായി അവർ നൽകിയത്. 2019 ലായിരുന്നു നവാബ് ഷായുമായുള്ള പൂജയുടെ വിവാഹം.
Read More: മമ്മൂട്ടിയുടെ നായികയായി തുടക്കം; ഈ പിറന്നാളുകാരിയെ മനസ്സിലായോ?