അവതാരക, നടി എന്നീ നിലകളില്‍ ശ്രദ്ധ നേടിയ താരമാണ് പേളി മാണി. സോഷ്യല്‍ മീഡിയയിലൂടെ വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ പേളിയ്ക്കു സ്വന്തമായൊരു യൂട്യൂബ് ചാനലുമുണ്ട്. പേളിയേയും ഭർത്താവ് ശ്രീനിഷിനെയും പോലെ തന്നെ ആരാധകരുടെ പ്രിയങ്കരിയാണ് മകൾ നിലയും. പേളിയുടെ വ്ളോഗുകളിലെല്ലാം നിറസാന്നിധ്യമാണ് നില.
ഒരു അഭിമുഖത്തിനിടയിൽ നില ഒപ്പിച്ച ഒരു കുസൃതിയെ കുറിച്ച് പറയുകയാണ് പേളി മാണി. കഴിഞ്ഞ ദിവസം പേളിയുടെയും ശ്രീനിഷിന്റെയും ഫ്ളാറ്റിലേക്ക് ഒരു അതിഥിയെത്തി. മറ്റാരുമല്ല, മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരായിരുന്നു അത്. മഞ്ജുവിനെ സ്നേഹത്തോടെ സ്വീകരിച്ചിരുത്തിയ പേളി, താരവുമായി ഒരു ചെറിയ ചാറ്റും നടത്തി. ഇതിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുണ്ട് പേളി.
എന്നാൽ, മഞ്ജുവാര്യരോട് ചോദ്യങ്ങൾ ചോദിക്കുന്നതിനിടെയാണ് നില പേളിയുടെ മൈക്ക് ഓഫ് ചെയ്ത് കളഞ്ഞത്. കുറേനേരം കഴിഞ്ഞാണ് നിലയൊപ്പിച്ച കുസൃതി തനിക്ക് മനസ്സിലായതെന്നും പേളി പറയുന്നു.
ഇസ്രായേലിനു കൊണ്ടുവന്ന ഒരു കുഞ്ഞു ഗിഫ്റ്റ് നൽകിയ മഞ്ജുവിനെ നില കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. “ആയിഷയിലെ പാട്ടിന് ഡാന്‍സ് ചെയ്യുന്ന നിലുവിന്റെ വീഡിയോ ഞാന്‍ ചേച്ചിക്ക് അയച്ച് കൊടുത്തിരുന്നു. അതുവഴി വരുമ്പോള്‍ കാണാമെന്നായിരുന്നു ചേച്ചി പറഞ്ഞത്. നിലുവിനെ കാണാനായാണ് ചേച്ചി വന്നത്,” മഞ്ജുവാര്യരുടെ വരവിനെ കുറിച്ച് പേളി പറഞ്ഞു.
തുനിവ്, ആയിഷ തുടങ്ങിയ തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളും അനുഭവങ്ങളും മഞ്ജു വാര്യർ അഭിമുഖത്തിനിടയിൽ പങ്കിട്ടു. നിലയോടൊപ്പം കളിച്ചും വിശേഷങ്ങള്‍ പങ്കിട്ടുമാണ് മഞ്ജു വാര്യർ മടങ്ങിയത്.