സിനിമയിലെ സർവ്വകലാവല്ലഭൻ ആണ് കമലഹാസൻ. അഭിനയത്തിൽ മാത്രമല്ല, അഭിനയേതര കലകളിലും പ്രാവിണ്യമുള്ള വ്യക്തി. ബഹുമുഖ പ്രതിഭയായ കമൽഹാസൻ ഗായകനെന്ന രീതിയിലും ഏറെ പ്രശംസകൾ നേടിയിട്ടുള്ള വ്യക്തിയാണ്. ഞൊടിയിട കൊണ്ട് ശബ്ദത്തിൽ മാറ്റം വരുത്തി ‘ദശാവതാരം’ എന്ന തന്റെ ചിത്രത്തിലെ കഥാപാത്രങ്ങളെ വേദിയിൽ അനുകരിച്ച് ഞെട്ടിക്കുകയാണ് ഉലകനായകൻ. കമലഹാസന്റെ ഒരു വീഡിയോയാണ്​ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

വികടനു നൽകിയ അഭിമുഖത്തിനിടെയായിരുന്നു കമൽഹാസന്റെ ഞെട്ടിക്കുന്ന പെർഫോമൻസ്. അവതാരകൻ ആവശ്യപ്പെട്ടതിനു അനുസരിച്ച് ഞൊടിയിട കൊണ്ടാണ് കമൽഹാസൻ ‘ദശാവതാര’ത്തിലെ പത്തു കഥാപാത്രങ്ങളുടെയും ശബ്ദം അനുകരിച്ചത്.

ആരാണ് കമൽഹാസൻ എന്നതിന് ഈ ഒരൊറ്റ വീഡിയോ ഉത്തരം തരും, ഇതുകൊണ്ടാണ് അദ്ദേഹത്തെ യൂണിവേഴ്സൽ താരമെന്ന് വിളിക്കുന്നത്, ഉലകനായകനെ ആർക്കും അനുകരിക്കാനാവില്ല, വീണ്ടും താനൊരു ബഹുമുഖ പ്രതിഭയാണെന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു എന്നു തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

2008-ലാണ് കമലഹാസൻ നായകനായ ‘ദശാവതാരം’ പുറത്തിറങ്ങിയത്. ഈ ചിത്രത്തിൽ കമൽഹാസൻ വ്യത്യസ്തമായ പത്ത് വേഷങ്ങളിൽ ആണ് അഭിനയിച്ചത്. ഒരു ചലച്ചിത്രത്തിൽ ഒരേ നടൻ പത്തുവേഷങ്ങളിൽ അഭിനയിക്കുന്നത് ലോകചലച്ചിത്ര ചരിത്രത്തിൽതന്നെ ആദ്യമായിട്ടായിരുന്നു. രംഗരാജ നമ്പി, ഗോവിന്ദരാജൻ രാമസ്വാമി, ജോർജ്ജ് ബുഷ്, അവതാർ സിങ്, ക്രിസ്റ്റ്യൻ ഫ്ലെച്ചർ, ഷിങ്ഹെൻ നരഹാസി, ക്രിഷ്ണവേണി, വിൻസെന്റ് പൂവരാഗൻ, കല്ഫുള്ള മുക്താർ, ബൽറാം നായിഡു എന്നിങ്ങനെ രൂപത്തിലും അപ്പിയറൻസിലും മാനറിസങ്ങളിലുമെല്ലാം വ്യത്യസ്തരായ പത്തുകഥാപാത്രങ്ങളെയാണ് കമൽഹാസൻ അവതരിപ്പിച്ചത്.

Read more: ശ്രുതി ഹാസനും കമൽ ഹാസനുമൊപ്പം മഞ്ജു വാര്യർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook