/indian-express-malayalam/media/media_files/uploads/2019/11/thoovanathumbikal1.jpg)
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട പ്രണയ ചിത്രങ്ങളിലൊന്നാണ് 1987ൽ പുറത്തിറങ്ങിയ 'തൂവാനത്തുമ്പികൾ' എന്ന പത്മരാജൻ ചിത്രം. ജയകൃഷ്ണനും ക്ലാരയും രാധയുമെല്ലാം നമ്മുടെ മനസുകളിലേക്ക് നടന്നുകയറിയിട്ട് വർഷം 32 കഴിഞ്ഞു. ഇന്നും ഒരു ചെറുവേദനയോടെയാണ് ആരാധകർ അവരെ ഓർക്കുന്നത്. 32 വർഷങ്ങൾക്കിപ്പുറം മൂവരും ഒന്നിക്കുകയാണ്. സിനിമയിലല്ല, ജീവിതത്തിൽ.
പഴയ കാലഓര്‍മകളും സൗഹൃദവും പുതുക്കാന്‍ ഇത്തവണയും തെന്നിന്ത്യയിലെയും ഹിന്ദിയിലെയും താരങ്ങള്‍ 'എയിറ്റീസ് റീയൂണിയന്‍' ഒത്തുകൂടലിനെത്തിയപ്പോഴായിരുന്നു മൂന്ന് താരങ്ങളുടെയും അപൂർവ സംഗമം. മോഹൻലാലും പാർവതിയും സുമലതയും ഒന്നിച്ചുള്ള​ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ആഘോഷിക്കപ്പെടുന്നുണ്ട്. ക്ലാരയും രാധയും ജയകൃഷ്ണനും വീണ്ടും ഒത്തുചേർന്നുവെന്നാണ് ആരാധകരുടെ കമന്റുകൾ.
എണ്‍പതുകളിലെ സിനിമാ താരങ്ങളുടെ വാര്‍ഷിക ഒത്തുകൂടലായ 80s Reunion ന്റെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ നടന്നത് തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിലാണ്. മോഹന്‍ലാല്‍, നാഗാര്‍ജുന, പ്രഭു, റഹ്മാന്‍, ശരത് കുമാര്‍, രാധിക, രേവതി, സുഹാസിനി, ലിസി, അംബിക തുടങ്ങിയ വലിയ താരനിര ഇത്തവണത്തെ ഒത്തുകൂടലിന് എത്തി. അതിനിടയിൽ തൂവാനത്തുമ്പി ഓർമകൾ ഏറെ സന്തോഷം പകരുന്നതായിരുന്നു.
/indian-express-malayalam/media/media_files/uploads/2019/11/78654416_442572519754452_70573060066902016_n-1.jpg)
പത്മരാജന്റെ തന്നെ നോവൽ ഉദകപ്പോളയെ ആസ്പദമാക്കിയാണ് തൂവാനത്തുമ്പികൾ ഒരുക്കിയത്. മണ്ണാറത്തൊടി ജയകൃഷ്ണന്‍ എന്ന ചെറുപ്പക്കാരന്റെയും വ്യത്യസ്ത സാഹചര്യങ്ങളില്‍ അയാളുടെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്ന ക്ലാര, രാധ എന്നീ പെണ്‍കുട്ടികളുടെയും കഥ പറയുന്നു ഈ ചിത്രം. ജയകൃഷ്ണനായി മോഹൻലാലും ക്ലാരയായി സുമലതയും രാധയായി പാർവതിയുമാണ് അഭിനയിച്ചത്. മഴയെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ ചലച്ചിത്രസങ്കല്പം ഈ ചിത്രത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയതാണ്. ക്ലാര എന്ന നായികയുടെ സാന്നിധ്യത്തെ മഴയുമായി മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്നു.
ജയകൃഷ്ണനും ക്ലാരയും ഇന്നും മലയാളികളുടെ മനസില്‍ ജീവിക്കുന്നു. അതിന്റെ ക്രെഡിറ്റ് സംവിധായകനോടൊപ്പം തന്നെ ആ കഥാപാത്രങ്ങളെ അതിമനോഹരമായി അവതരിപ്പിച്ച മോഹന്‍ലാലിനും സുമലതയ്ക്കും കൂടിയുള്ളതാണ്. ക്ലാരയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കാന്‍ സുമലതയ്ക്കു കഴിഞ്ഞു.
ശ്രീകുമാരന്‍ തമ്പി രചിച്ച് പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് ചിട്ടപ്പെടുത്തിയ രണ്ടു ഗാനങ്ങളില്‍ ഈ സിനിമയുടെ ആത്മാവുണ്ട്. യേശുദാസ് പാടിയ 'മേഘം പൂത്തു തുടങ്ങി...', ജി.വേണുഗോപാലും ചിത്രയും പാടിയ 'ഒന്നാം രാഗം പാടി....' എന്നീ പാട്ടുകള്‍ സിനിമപോലെ തന്നെ മലയാളിയുടെ മനസില്‍ ഇടം നേടി. അവയെ മാറ്റിനിർത്തി ഈ സിനിമയെക്കുറിച്ച് നമുക്ക് ആലോചിക്കാനേ കഴിയില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us
 Follow Us