ബച്ചൻ കുടുംബത്തിലെ എല്ലാവരേയും ഒന്നിച്ച് കാണുക എന്നത് വളരെ വിരളമായൊന്നാണ്. എല്ലാവരും കൂടി ഒന്നിച്ച് പുറത്തിറങ്ങിയാലോ, അത് പാപ്പരാസികൾക്ക് ആഘോഷവും. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, ജയ ബച്ചൻ എന്നിവരെല്ലാം ഫാഷൻ ലൈനിന്റെ തുടക്കത്തിൽ ശ്വേത നന്ദയ്ക്ക് പിന്തുണയുമായി ഒന്നിച്ച് വന്നിരുന്നു.

പരിപാടിയിൽ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ബച്ചൻ വലിയ ആഹ്ലാദത്തിലാണെന്ന് വീഡിയോയിൽ നിന്ന് മനസിലാക്കാം. മാത്രമല്ല, അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നുമുണ്ട്. കൈനിറയെ സാധനങ്ങളുമായി ബച്ചൻ, കുടുംബത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ സ്റ്റേജിലെത്തി. അഭിഷേകും ഐശ്വര്യയും അമിതാഭും ശ്വേതയും ഒന്നിച്ചുള്ള ചിത്രമായിരുന്നു. ചിത്രമെടുക്കുമ്പോൾ നന്നായൊന്ന് പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, ഇത് പ്രിന്റെടുത്ത് വച്ചോളൂ എന്ന്. ബച്ചന്റെ കമന്റ് ചുറ്റും നിന്നവരെയെല്ലാം ചിരിപ്പിച്ചു.

പരിപാടിയിൽ ഷാരൂഖ് ഖാന്റെ മകൾ സുഹാനയും സുഹൃത്തുക്കളായ അനന്യ പാണ്ഡെ, ഷനയ കപൂർ എന്നിവരും പങ്കെടുത്തിരുന്നു. കരിഷ്മ കപൂർ, ഗൗരി ഖാൻ, സുസ്സാൻ ഖാൻ, കത്രീന കൈഫ് എന്നിവരും ശ്വേതയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു.

കുടുംബം മുഴുവനും ഇപ്പോൾ മുംബൈയിലെ അമിതാഭിന്റെ വീട്ടിലാണ്. മകൾ നവ്യയ്‌ക്കായി ശ്വേത അടുത്തിടെ ഒരു ‘അറ്റ് ഹോം ഗ്രാജുവേഷൻ പാർട്ടി’ സംഘടിപ്പിച്ചിരുന്നു. ബിരുദധാരിയായ നവ്യയ്ക്ക് അത്തരത്തിലുള്ള വസ്ത്രവും തൊപ്പിയുമെല്ലാം നൽകിയായിരുന്നു ആഘോഷം.

തന്റെ ചിത്രമായ ‘ഗുലാബോ സിതാബോ’യ്ക്ക് ലഭിക്കുന്ന മികച്ച അഭിപ്രായങ്ങളുടെ സന്തോഷത്തിലാണ് ബച്ചൻ ഇപ്പോൾ. ആമസോൺ പ്രൈമിൽ വെള്ളിയാഴ്ച പുറത്തിറങ്ങിയ ഷൂജിത് സിർകാർ ചിത്രത്തിൽ ആയുഷ്മാൻ ഖുറാനയും അഭിനയിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook