‘നിങ്ങളേയും സഹപ്രവര്‍ത്തകമാരായ നടിമാരേയും ചേര്‍ത്ത് ധാരാളം കഥകള്‍ ഉണ്ടായിട്ടുണ്ടല്ലോ? വിവാഹശേഷം മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിട്ടുണ്ടോ?’
‘ഇല്ല. ഒരിക്കലുമില്ല’
‘നിങ്ങള്‍ പര്‍വ്വീന്‍ ബാബിയുമായി ബന്ധത്തിലായിരുന്നു എന്ന് പറയുന്നുണ്ടല്ലോ. ആ കഥയില്‍ എന്തെങ്കിലും സത്യമുണ്ടോ?’
‘ഇല്ല. ആ കഥകള്‍ ഞാനും വായിച്ചിട്ടുണ്ട്. അത് സത്യമല്ല. പക്ഷേ മാസികകള്‍ അത്തരം കഥകള്‍ എഴുതുന്നത് തടയാന്‍ എനിക്കാവില്ലല്ലോ’
‘അപ്പോള്‍ രേഖയോ?’
‘ഇല്ല. അവരുമായിപ്പോലും ബന്ധമുണ്ടായിട്ടില്ല’
ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ നല്‍കിയ അഭിമുഖത്തിന്റെ ഒരേടാണ് ഈ സംഭാഷണം. 1992ല്‍ കരണ്‍ ഥാപര്‍ തന്റെ മുഖാമുഖം പരിപാടിയായ ‘ഐ-വിറ്റ്‌നെസ്സി’ന് വേണ്ടി അമിതാഭ് ബച്ചന്‍, ഭാര്യ ജയ എന്നിവരുമായി നടത്തിയത്തില്‍ നിന്നുള്ളത്. കരണ്‍ ഥാപറിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഡെവിള്‍സ് അഡ്വക്കേറ്റ്: ദി അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന പുസ്തകത്തിലെ ഒരു അദ്ധ്യായം ഉദ്ധരിച്ചു കൊണ്ട് സ്‌ക്രോള്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അന്നത്തെ ഹിന്ദുസ്ഥാന്‍ ടൈംസ് ഡയറക്ടര്‍മാരില്‍ ഒരാളായ അമര്‍ സിംഗിന്റെ ഇടപെടല്‍ മൂലമാണ് അമിതാഭ് ബച്ചന്‍ അഭിമുഖത്തിനു തയ്യാറായത് എന്നും പിന്നീട് അമര്‍ സിംഗ്, ഹിന്ദുസ്ഥാന്‍ ടൈംസ് ഉടമ ശോഭനാ ഭാര്‍തിയ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം അഭിമുഖത്തില്‍ നിന്നും മേല്പറഞ്ഞ ഭാഗം എടുത്തു മാറ്റി എന്നും കരണ്‍ ഥാപര്‍ പറയുന്നു.
അമിതാഭ് ബച്ചനുമായുള്ള അഭിമുഖത്തില്‍ ഈ ചോദ്യം താന്‍ ചോദിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്നും ടേപ്പ് മാറ്റുന്ന ഇടവേളയില്‍ ബച്ചന്‍ തന്നെയാണ് അദ്ദേഹം അടുത്തിടെ കണ്ട അമേരിക്കന്‍ താരം വാറന്‍ ബിയറ്റിയുമായുള്ള ഒരു അഭിമുഖത്തെക്കുറിച്ച് പറഞ്ഞു തനിക്കു ഒരു സൂചന തന്നത് എന്ന് കരണ്‍ ഥാപര്‍ വെളിപ്പെടുത്തുന്നു. ബച്ചന്റെ അഭിപ്രായത്തില്‍ ആ അഭിമുഖം ഇത്ര ശക്തമാകാന്‍ കാരണം അതില്‍ വാറന്‍ ബിയറ്റിയുടെ ജീവിതത്തിലെ സ്ത്രീകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ആയിരുന്നു. താനും ഇത്തരം ചോദ്യങ്ങള്‍ ചോദിക്കണം എന്ന ഒരു സൂചനയായിട്ടാണോ ബച്ചന്‍ ഇത് പറഞ്ഞത് എന്ന് തനിക്കു തോന്നി എന്നും ടേപ്പ് മാറ്റുന്ന അഞ്ചു മിനിറ്റ് കൊണ്ട് താന്‍ ഇത് ചോദിക്കണം എന്ന തീരുമാനത്തില്‍ എത്തുകയും ചെയ്തു എന്ന് കരണ്‍ ഥാപര്‍ വിശദീകരിക്കുന്നു.
അമിതാഭ് ബച്ചന്റെ വീടായ പ്രതീക്ഷയുടെ അങ്കണത്തില്‍ വച്ച്, അദ്ദേഹത്തിന്റെ ഭാര്യ ജയാ ബച്ചന്‍, മക്കള്‍ ശ്വേത, അഭിഷേക് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന സംഭാഷണത്തില്‍ ബച്ചന്‍ മിതത്വത്തോടെ, സംയമനം കൈവിടാതെ സംസാരിച്ചു എന്നും കരണ്‍ ഥാപര്‍ ഓര്‍ക്കുന്നു. ഭര്‍ത്താവ് ഇത് പറയുമ്പോള്‍ അടുത്തിരുന്ന ജയയോട് താങ്കള്‍ ഭര്‍ത്താവിനെ വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ എപ്പോഴും എന്റെ ഭര്‍ത്താവിനെ വിശ്വസിക്കും എന്നവര്‍ മറുപടി പറഞ്ഞുവത്രേ.
‘ഇത് നിങ്ങള്‍ ആത്മാര്‍ഥമായി പറയുന്നതാണോ അതോ അദ്ദേഹം അടുത്തിരിക്കുന്നത് കൊണ്ട് പറയുന്നതോ’?
‘ഏറ്റവും ആത്മാര്‍ത്ഥമായിത്തന്നെ. മറിച്ചാകേണ്ട കാര്യമില്ലല്ലോ?’
തന്റെ ചോദ്യം അമിതാഭ് ബച്ചനെ നീരസപ്പെടുത്തിയില്ലെന്ന വിശ്വാസത്തില്‍, പിന്നീട് നേരത്തേ തയ്യാറാക്കിയ ചോദ്യങ്ങളിലേക്ക് മടങ്ങുകയും അരമണിക്കൂര്‍ കൂടി ഇന്റര്‍വ്യൂ നീളുകയും ചെയ്തുവെന്ന് കരണ്‍ ഥാപര്‍ പുസ്തകത്തില്‍ പറയുന്നു.
പിന്നീട് അദ്ദേഹം വിവരിക്കുന്നത് ഉച്ച ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ചാണ്. തന്റെ ചോദ്യം അമിതാഭ് ബച്ചന്റെ ഉള്ളില്‍ കിടന്ന് ദേഷ്യമായി മാറുന്നത് അവിടെ വച്ചാണ് താന്‍ കണ്ടതെന്നു കരണ്‍ ഥാപര്‍ പറയുന്നു.
ചോറ് കഴിക്കണോ എന്ന ജയാ ബച്ചന്റെ ചോദ്യത്തോടെയായിരുന്നു തുടക്കം. ഡൈനിംഗ് റൂമില്‍ കണ്ട കാഴ്ചയെ കുറിച്ചുള്ള വിവരണം ഇങ്ങനെ.
‘ഞാന്‍ ചോറ് കഴിക്കാറില്ല എന്ന് നിനക്കറിയാം. എനിക്കിഷ്ടമില്ലാത്തത് തരുന്നത് എന്തിനാണ്?’
ഒരു പൊട്ടിത്തെറിയായിരുന്നു പിന്നീട് അവിടെ നടന്നതെന്ന് കരണ്‍ ഥാപര്‍ വിശദീകരിക്കുന്നു. ഇന്റെര്‍വ്യൂവിന് എത്തിയ ടെലിവിഷന്‍ ക്രൂ മാത്രമല്ല, കൂടെയുണ്ടായിരുന്ന അമിതാഭിന്റെ മക്കളും ഞെട്ടുകയും പേടിച്ച് സ്തബ്ധരാകുകയും ചെയ്തു.
‘റൊട്ടി എത്തിയിട്ടില്ലാത്തതുകൊണ്ടാണ് ഞാന്‍ ചോറ് വിളമ്പട്ടേ എന്ന് ചോദിച്ചത്,’ വളരെ ശാന്തമായി ജയ വിശദീകരിച്ചു.
‘എനിക്ക് ചോറു വേണ്ട. ഞാന്‍ ചോറ് കഴിക്കാറില്ലെന്ന് നിനക്കറിയാം. റൊട്ടി വന്നില്ലെന്ന് ഞാന്‍ പരാതിയും പറഞ്ഞില്ല. അതുകൊണ്ട് പകരം ചോറ് വേണോ എന്ന ചോദ്യം വേണ്ട,’ അമിതാഭ് ക്ഷുഭിതനാകുകയും ശബ്ദമുയര്‍ത്തുകയും ചെയ്തു.
അദ്ദേഹത്തിന്റെ ക്ഷോഭം തന്റെ ചോദ്യത്തോടുള്ള അനിഷ്ടമായിരുന്നുവെന്ന് വളരെ വ്യക്തമായി മനസിലായി എന്ന് കരണ്‍ ഥാപര്‍ പറയുന്നു. പിന്നീട് അവിടെ ഇരുന്ന് അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിക്കുന്നത് വല്ലാത്ത ബുദ്ധിമുട്ടായി തോന്നിയെന്നും അദ്ദേഹം എഴുതിയിരിക്കുന്നു.
ബോളിവുഡ് താരങ്ങളായ രേഖ, പർവ്വീൻ ബാബി എന്നിവരുമായി അമിതാഭിന് അടുപ്പമുണ്ടായിരുന്നതായി നിരവധി ഗോസിപ്പുകൾ ഉണ്ടായിരുന്നു. എന്നാല്‍ രേഖ ഉള്‍പ്പടെ യുള്ളവര്‍ അത് പല തവണ അത് നിഷേധിച്ചിട്ടുമുണ്ട്. രേഖയുമായി അമിതാഭിന് ബന്ധമുണ്ട് എന്ന് പറയപ്പെടുന്ന ഒരു സമയത്താണ് അമിതാഭ്-രേഖ-ജയ എന്നിവര്‍ അഭിനയിച്ച യഷ് ചോപ്രയുടെ ത്രികോണപ്രണയ ചിത്രമായ ‘സില്‍സില’ പുറത്തു വരുന്നത്.