/indian-express-malayalam/media/media_files/uploads/2023/03/alia-bhatt.jpg)
Mahesh Bhatt/ Instagram
2022 ഏപ്രിലായിരുന്നു ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും റൺബീർ കപൂറും തമ്മിലുള്ള വിവാഹം. നവംബറിൽ മകൾ റാഹ ജനിച്ചു. വിവാഹം, കുടുംബ ജീവിതം എന്നിവയെ കുറിച്ചൊക്കെ വ്യക്തമായ കാഴ്ചപ്പാടുള്ള താരമാണ് ആലിയ എന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ആലിയയുടെ ഒരു പഴയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിശ്വാസവഞ്ചനയുടെ ബാക്കിപത്രമാണ് തന്റെ മാതാപിതാക്കളുടെ വിവാഹമെന്നാണ് ആലിയ പറയുന്നത്. "വിവാഹേതരബന്ധമുണ്ടായതു കൊണ്ടാണ് എന്റെ അച്ഛനും അമ്മയും തമ്മിൽ കണ്ടുമുട്ടിയത്," വിശ്വാസവഞ്ചനയെന്നല്ല മറിച്ച് അത് മനുഷ്യ ജീവിതത്തിന്റെ ഭാഗമായ ഒന്നാണെന്ന് ആലിയ പറയുന്നു.
"ജീവിതത്തിൽ സംഭവിക്കുന്ന പല കാര്യങ്ങൾക്കു പിന്നിലും ഒരു കാരണമുണ്ടാകും. വിശ്വാസവഞ്ചന എന്നതിനുപരി അതൊരു ഹ്യൂമൻ നേച്ചറായി കാണാനാണ് എനിക്കിഷ്ടം. അങ്ങനെ ചിന്തിക്കുക അത്ര എളുപ്പമല്ല, പക്ഷെ അത് പ്രാധാന്യമുള്ളതുമാണ്," 2019ൽ ദി ഏഷ്യൻ ഏജിനു നൽകിയ അഭിമുഖത്തിലാണ് ആലിയ ഇക്കാര്യം പറഞ്ഞത്.
1986ൽ വിവാഹിതരാകുന്നതിനു മുൻപു തന്നെ സോണിയും മഹേഷ് ഭട്ടും ഡേറ്റിംഗ് തുടങ്ങിയിരുന്നു. സംവിധായിക കിരൺ ഭട്ട് ആണ് മഹേഷിന്റെ മുൻ ഭാര്യ. താരങ്ങളായ പൂജ ഭട്ട്, രാഹുൽ ഭട്ട് എന്നിവർ ആദ്യ ബന്ധത്തിലുള്ള മക്കളാണ്. നടി പർവീൻ ബാബിയായും മഹേഷിനു ബന്ധമുണ്ടായിരുന്നു.
മനുഷ്യ ബന്ധങ്ങളെ ആരും വിലയിരുത്തരുതെന്നും ആലിയ പറയുന്നു. "വിശ്വാസവഞ്ചന ഇല്ലെന്നോ അതോ അങ്ങനെ ഉണ്ടാകാൻ പാടില്ലെന്നോ ആർക്കും പറയാനാകില്ല. അത് സംഭവിച്ചു കൊണ്ടേയിരിക്കും. മനസ്സിലാക്കി മുന്നോട്ടു പോകാൻ ശ്രമിക്കുക. വ്യത്യസ്തമായ ദിശയിലൂടെ കാര്യങ്ങളെ നോക്കി കണ്ടാൽ ഈ പ്രശ്നം മറികടക്കാനാകും."
അഭിമുഖത്തെ കുറിച്ച് വ്യത്യസ്തമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയ്ക്ക്. കിരൺ ഭട്ടിനെ മുൻ ഭർത്താവ് മഹേഷ് വഞ്ചിക്കുകയാണ് ചെയ്തതെന്ന് ഒരു വിഭാഗം കമന്റു ചെയ്യുമ്പോൾ മറ്റു ചിലർ ആലിയയുടെ കാഴ്ചപ്പാടിനെ അഭിനന്ദിക്കുകയാണ് ചെയ്തത്. വിശ്വാസവഞ്ചന എന്നതിനോട് എതിർപ്പാണെങ്കിലും ആലിയ പറഞ്ഞതിനോട് താൻ യോജിക്കുന്നെന്നാണ് ഒരു ആരാധകൻ കുറിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.